Articles

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ഒട്ടേറെ പ്രാദേശിക ദേശീയ പുരസ്കാരങ്ങൾ നൽകി ആലപ്പുഴയുടെ മദർ തെരേസ സിസ്‌റ്റർ മേരി ലിൻഡയെ സമൂഹം ആദരിച്ചിട്ടുണ്ട്...

ജോസ് മാർട്ടിൻ

ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. സ്ത്രീ ജന്മത്തിന്റെ പൂർണ്ണതയാണ് അമ്മ ആകുക എന്നത്, എന്നാൽ കഴിഞ്ഞ 18 വർഷകാലമായി ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ കർമ്മം കൊണ്ട് ഏകദേശം 115 മക്കളുടെ അമ്മയായ സിസ്‌റ്റർ മേരി ലിൻഡയെ പരിചയപ്പെടാം ഈ വനിതാ ദിനത്തിൽ.

ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയുടെ പ്രത്യേക താല്പര്യ പ്രകാരം 2007-ൽ മാനസീക വൈകല്യങ്ങൾ നേരിടുന്ന കുട്ടികൾക്കായി ആലപ്പുഴ രുപത തുടങ്ങിയ സ്ഥാപനമാണ് ആലപ്പുഴ ബീച്ചിനടുത്തുള്ള സാന്ത്വൻ സ്പെഷ്യൽ സ്കൂൾ. ഇതിന്റെ സ്ഥാപക പ്രിൻസിപ്പലായി മദർ തെരേസ മൂർധാവിൽ മുത്തമിട്ട സിസ്‌റ്റർ മേരി ലിൻഡ എന്ന വിസിറ്റേഷൻ സന്യാസിനീ സഭാംഗമായ യുവ കന്യാസ്ത്രീ ചുമതലയേക്കുന്നത് ദൈവനിയോഗം ആകാം.

തന്റെ സന്യാസ ജീവിതത്തെക്കുറിച്ച് സിസ്റ്ററിന്റെ വാക്കുകളിങ്ങനെ തനിക്ക് 12 വയസ്സ് ഉള്ളപ്പോൾ തന്റെ പിതാവ് സമ്മാനിച്ച മദർ തെരേസയുടെ ജീവചരിത്രം വായിച്ച തന്നെ മദർ തെരേസയുടെ പ്രവർത്തനങ്ങൾ ഏറെ സ്വാധീനിച്ചു. തന്റെ അയൽവാസി ആയിരുന്ന ബിഷപ്പ് പീറ്റർ ചേനപ്പറമ്പിലിന്റെ വീട്ടിൽ മദർ തെരേസ എത്തിയപ്പോൾ ഒന്ന് കാണാനായി ദൂരെ മാറി നിന്ന തന്നെ മദർ അരികിൽ വിളിക്കുകയും സ്നേഹപൂർവ്വം തന്റെ കവിളുകളിൽ തലോടി നെറ്റിയിൽ ചുംബിച്ചു. അതായിരുന്നു തനിക്ക് ലഭിച്ച ദൈവവിളി എന്നു താൻ കരുതുന്നതായി സിസ്റ്റർ കാത്തലിക് വോക്സ്സിനോട്‌ പറഞ്ഞു.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മദറിന്റെ കോൺ വെന്റിൽ ചേരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല അങ്ങനെ ആലപ്പുഴയിലെ വിസിറ്റേഷൻ സന്യാസിനീ സഭയിൽ ചേർന്നു. കൊല്ലം കർമ്മല റാണി കോളേജിൽ നിന്ന് ബി.എഡ് ബിരുദം കരസ്ഥമാക്കിയതിനുശേഷം തിരുവനന്തപുരം ബാലവികാസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭിന്നശേഷി ക്കാരായ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിനുള്ള ബി.എഡ് ബിരുദവും നേടി മധ്യപ്രദേശിലെ ജാഗ്വാ രൂപതയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്യുമ്പോഴാണ്. 2007ൽ ആലപ്പുഴ രൂപതയുടെ കീഴിലുള്ള സാന്ത്വനത്തിലേക്ക് സ്റ്റീഫൻ പിതാവ് വിളിക്കുന്നത്,18 വർഷമായി ഇവിടെ പ്രിൻസിപ്പലായി തുടരുന്നു. ഇപ്പോൾ ഇവിടെ എനിക്ക് 115 മക്കളുണ്ട്, 250ൽപ്പരം കുഞ്ഞുങ്ങൾ സാന്ത്വനത്തിൽ പഠിച്ചിട്ടുണ്ട്. പഠനത്തിനൊപ്പം തൊഴിൽ കണ്ടെത്താനുള്ള പരിശീലനവും അവർക്ക് നൽകുന്നുണ്ട്. പഠനമൊക്കെ അവസാനിപ്പിച്ച് ഇവർ പോയാലും അവരുടെ കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടേയിരിക്കും. തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് സിസ്റ്റർ പറയുന്നത് ഇങ്ങനെ താൻ മകളെപ്പോലെ എടുത്തു നടന്നു വളർത്തിയ കുഞ്ഞാണ് സ്നേഹ. പതിമൂന്നു വയസ് ഉണ്ടെങ്കിലും ശാരീരി കമായും മാനസീകമായും ഒന്നര വയസ്സിൻ്റെ വളർച്ചയേ അവൾക്കുണ്ടായിരുന്നുള്ളൂ. കോവിഡ് കാലത്തു മുഴുവൻ അവൾ എനിക്കൊപ്പമുണ്ടായിരുന്നു. അതിനുശേഷം വീട്ടിലേക്ക് പോയ അവൾ പിന്നെ മടങ്ങി വന്നില്ല. ഒന്നു യാത്ര പറയാൻ പോലും നിൽക്കാതെ അവൾ ദൈവത്തിനടുത്തേക്ക് പോയി. സന്തോഷങ്ങൾക്കിടയിലും ഇങ്ങനെ ചില പരീക്ഷണങ്ങൾ നാം നേരിടേണ്ടി വരും.

ഒട്ടേറെ പ്രാദേശിക ദേശീയ പുരസ്കാരങ്ങൾ നൽകി ആലപ്പുഴയുടെ മദർ തെരേസ സിസ്‌റ്റർ മേരി ലിൻഡയെ സമൂഹം ആദരിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker