സിനഡിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നും ഉയർന്നുവന്ന ചില ചിന്തകൾ
സിനഡിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നും ഉയർന്നുവന്ന ചില ചിന്തകൾ
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: സിനഡിൽ വിവിധ ഗ്രൂപ്പുകളിൽ നിന്നും ചർച്ചകൾക്ക് ശേഷം ഉയർന്നുവന്ന ചിന്തകളുടെ അവതരണം ശനിയാഴ്ചയായിരുന്നു.
സിനഡിന്റെ മൂന്നാം ദിവസം ആരംഭിച്ചതായിരുന്നു “ഗ്രൂപ്പ് ചർച്ചകൾ”. 12 ഭാക്ഷകളുടെ അടിസ്ഥാനത്തിൽ 33 പേരോളം അടങ്ങുന്ന ഗ്രൂപ്പുകളാണ് ക്രമീകരിച്ചിരുന്നത്. ഓരോ ഗ്രൂപ്പിലും ഒരു മോഡറേറ്റർ, സെക്രട്ടറി, സെക്രട്ടറിയുടെ രണ്ട് സഹായികൾ തുടങ്ങിയവരെയും തിരഞ്ഞെടുത്തിരുന്നു. ഈ ഗ്രൂപ്പുകൾ Instrumentum Laboris – നെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയിരുന്നത്.
ശനിയാഴ്ച ഈ ഗ്രൂപ്പുകൾ പ്രധാനമായി ഉരുത്തിരിഞ്ഞു വന്ന ചിന്തകൾ പങ്കുവയ്ക്കുകയുണ്ടായി. അതിലെ ഏതാനും ഭാഗങ്ങൾ ഇങ്ങനെയാണ് :
1) സൗഹൃദവും സ്നേഹവും നിലനിർത്തി തന്റെ ശിഷ്യന്മാരുടെ കൂടെ ആയിരിക്കുകയും, അവരുടെ കൂടെ ഒരുമിച്ച് നടന്ന് അപ്പം മുറിക്കുകയും സുവിശേഷ പ്രഘോഷണത്തിന് അവരെ അയക്കുകയും ചെയ്ത ക്രിസ്തുവിനെ പോലെ യുവജനങ്ങളെ കേൾക്കുവാനും അവരോടൊപ്പം ആയിരിക്കാനും കഴിയണം.
2) ദൈവത്തിൽ നിന്നും ലഭിച്ച കഴിവുകളും അറിവുകളും യുവജനങ്ങൾ സഹോദരങ്ങളുടെ നവ സുവിശേഷ വത്കരണത്തിനു വേണ്ടി ഉപയോഗിക്കണം.
3) “അമോരിസ് ലെത്തിസ്വ” യിലൂടെ ഫ്രാൻസിസ് പാപ്പാ പറയുന്നത് പോലെ വിശുദ്ധ ജീവിതത്തിലേക്ക് അടുക്കുവാനുള്ള പ്രധാനപ്പെട്ട സമയമായി കുടുംബജീവിതം യുവജനങ്ങൾ ഉപയോഗിക്കണം.
4) വ്യക്തിപരമായ പ്രാർത്ഥനയും ധ്യാനാത്മകമായ വി. ഗ്രന്ഥ വായനയും കൂദാശകളിലെ ആത്മ്മാർത്ഥമായ പങ്കുചേരലും ഉറപ്പാക്കണം.
5) സഹോദരങ്ങളോടൊപ്പം സ്നേഹ ഐക്യത്തിൽ ഒരുമയോടെ ആയിരിക്കാനും സമൂഹ നന്മക്കായി പ്രവർത്തിക്കുവാൻ സമൂഹത്തോടും ഇടവകയോടും സഭയോടും ചേർന്നു നിൽക്കുവാൻ കഴിയണം.
6) നവ സുവിശേഷ വത്കരണത്തിനു വേണ്ടി ആധുനിക മാധ്യമങ്ങളെയും ഇന്റെർനെറ്റ് സാധ്യതകളെയും ഉപയോഗിക്കുവാൻ കഴിയണം.
7) സെമിനാരി പരിശീലനം ആധ്യാത്മിക നേതൃത്വത്തിനും അജപാലന പ്രവർത്തനത്തിനും സഹായമാവണം.
8) യുവ ജനങ്ങളിലൂടെ സുവിശേഷം എല്ലാവർക്കും എത്തിക്കാൻ കഴിയണം.
ഇതാണ് ചർച്ചയിലെ പ്രധാന്യമേറിയ സംക്ഷിപ്ത രൂപം.