സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെന്‍സസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി
സെന്‍സസിലൂടെ വിവിധ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക അധികാര പങ്കാളിത്ത കണക്കുകള്‍ പുറത്തുവരണം
സ്വന്തം ലേഖകന്‍
കൊച്ചി : ജാതി സെന്‍സസ് നടപ്പിലാക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ച് കേരളത്തിലെ വിവിധ സമുദായങ്ങളുടെ അധികാര പങ്കാളിത്തവും സാമൂഹിക സ്ഥിതിയും സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടണമെന്ന് എറണാകുളത്ത് ചേര്‍ന്ന സംവരണ സമുദായ മുന്നണി യോഗം ആവശ്യപ്പെട്ടു.
സെന്‍സസിലൂടെ വിവിധ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക അധികാര പങ്കാളിത്ത കണക്കുകള്‍ പുറത്തുവരണം. ജനസംഖ്യാ അടിസ്ഥാനത്തില്‍ മാത്രമല്ല, വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം കണക്കിലെടുത്തും ഭരണഘടനാപരമായ പങ്കാളിത്തം എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്തണം.
കേരളത്തിലെ എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ദളിത് വിഭാഗങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തിയായി മാറുവാനും അതിനുവേണ്ടിയുള്ള കര്‍മ്മ പരിപാടികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. രാഷ്ട്രീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വിപുലമായ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാനും അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കുമെന്നും സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും പ്രമേയം പാസാക്കി.മുന്‍മന്ത്രി കുട്ടി അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി വി ദിനകരന്‍ അധ്യക്ഷത വഹിച്ചു. കുട്ടപ്പ ചെട്ടിയാര്‍, അഡ്വ ഷെറി ജെ തോമസ്, വി ആര്‍ ജോഷി, സുദേഷ് രഘു, ജഗതി രാജന്‍, രേണുക മണി, വി എ രവീന്ദ്രന്‍, സണ്ണി കപികാട്, ബേസില്‍ മുക്കത്ത്, ബിജു ജോസി, എം സുഗതന്‍, കെ കെ തമ്പി, എം എ ലത്തീഫ്, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട് , കെ എം അബ്ദുല്‍ കരീം, എസ് ശരത്കുമാര്‍, ഇ എല്‍ അനില്‍കുമാര്‍, പി കെ സുധീഷ് ബാബു, എം കെ മുകുന്ദന്‍, കെ കെ എസ് ചെറായി, ആര്‍ രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.