സാൻ സാൽവഡോർ: ഈ വർഷം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന രക്തസാക്ഷിയായ ആർച്ച്ബിഷപ് ഓസ്കർ റൊമേറോയുടെ ഘാതകരോട് ക്ഷമിക്കുന്നതായി അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഗാസ്പർ. കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാൻ സർക്കാർ ഒന്നും ചെയ്യാത്തതിൽ ദുഃഖമുണ്ടെന്നും ഗാസ്പർ റൊമേറോ വാർത്താ ഏജൻസിയോടു പറഞ്ഞു.
ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവഡോറിലെ സാൻ സാൽവഡോർ അതിരൂപതാ അധ്യക്ഷനായിരുന്നു ആർച്ച് ബിഷപ് റൊമേറോ. ദരിദ്രർക്കുവേണ്ടി ശബ്ദമുയർത്തിയിരുന്ന റൊമേറോ രാജ്യത്തെ ഗ്രസിച്ച ആഭ്യന്തരയുദ്ധത്തെയും നിരന്തരം വിമർശിച്ചിരുന്നു. 1980 മാർച്ച് 24-ന് ദിവ്യബലി അർപ്പിക്കുകയായിരുന്ന അദ്ദേഹത്തെ അക്രമി വെടിവച്ചു കൊല്ലുകയായിരുന്നു. പട്ടാളഭരണകൂടമാണ് കൊലപാതകത്തിനു പിന്നിലെന്ന് യുഎൻ അന്വേഷണത്തിൽ വ്യക്തമായി.
താൻ വധിക്കപ്പെടുമെന്ന് ആർച്ച്ബിഷപ്പിന് അറിയാമായിരുന്നുവെന്ന് ഗാസ്പർ പറഞ്ഞു. വധിക്കാൻ പോകുന്നവരോടു ക്ഷമിക്കുന്നതായും ആർച്ച്ബിഷപ് തന്നോടു പറഞ്ഞത് അദ്ദേഹം ഓർക്കുന്നു.
അതുപ്രകാരം താനും ഘാതകരോടു ക്ഷമിക്കുന്നു. സഹോദരനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള വത്തിക്കാന്റെ തീരുമാനം തനിക്ക് ശാന്തി തരുന്നതായും 88 വയസുള്ള ഗാസ്പർ കൂട്ടിച്ചേർത്തു.
റൊമേറോയെ വിശുദ്ധപദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി ഈയിടെ വത്തിക്കാൻ അറിയിച്ചിരുന്നു. വാഴ്ത്തപ്പെട്ട പോൾ ആറാമൻ പാപ്പയും വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടും.
Related