Meditation

സഹായകൻ (യോഹ. 14:15-16,23-26)

മുന്നിൽ അടഞ്ഞ വാതിലുകളാണെങ്കിൽ അവിടെയാണ് യേശു വാഗ്ദാനം ചെയ്ത സഹായകൻ കടന്നുവരുന്നത്...

പെന്തക്കോസ്താ തിരുനാൾ

മനുഷ്യനും ദൈവത്തിന്റെ ശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ രേഖീയ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം. അത് തുടങ്ങുന്നത് സൃഷ്ടിയിൽ നിന്നാണ്. “ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു” (ഉല്‍. 2:7). അന്നുമുതൽ ദൈവത്തിന്റെ ശ്വാസമായ ആത്മാവാണ് നമ്മുടെ ജീവചൈതന്യം.

ജീവിതം ഒരു വന്ധ്യയുടെ ഗർഭപാത്രം പോലെയാകുമ്പോഴും, മുന്നിലേക്കുള്ള വഴി അസാധ്യമെന്നു തോന്നുമ്പോഴും, ചുറ്റിനും ഹിംസയുടെ വക്താക്കൾ വർദ്ധിക്കുമ്പോഴും, അമിതഭാരത്താൽ തളർച്ച അനുഭവപ്പെടുമ്പോഴും, പ്രയത്നഫലങ്ങളൊന്നും ലഭിക്കാതിരിക്കുമ്പോഴും, സ്വപ്നങ്ങൾ രാവണൻക്കോട്ടകളിൽ കൂടുങ്ങുമ്പോഴും, ഓർക്കുക, നിന്റെ ഉള്ളിൽ ഒരു ദൈവശ്വാസം ഉണ്ട്. അത് കാറ്റാണ്. നിശ്ചലതയിലേക്ക് അത് നിന്നെ നയിക്കില്ല. നിന്നിലും നിന്റെ ജീവിത പരിസരത്തും വസന്തത്തിന്റെ തളിരുകൾ മുളപ്പിക്കാൻ അതിന് സാധിക്കും.

ഒരിക്കൽ ദൈവദൂതന്റെ വാക്കുകേട്ട് അസ്വസ്ഥയായ നസ്രത്തിലെ മറിയമെന്ന പെൺകുട്ടി ചോദിക്കുന്നുണ്ട്: “ഒരു അമ്മയാകാൻ എനിക്കെങ്ങനെ സാധിക്കും?”

“നിനക്ക് സാധ്യമല്ല. പക്ഷെ പരിശുദ്ധാത്മാവിലൂടെ എല്ലാം സാധ്യമാണ്”.
അന്നുമുതൽ ഇന്നുവരെ അസാധ്യമായത് സാധ്യമാക്കുക എന്നതാണ് പരിശുദ്ധാത്മാവിന്റെ ചുമതല.

ദൈവദൂതൻ അവൾക്ക് ഒരു ഉറപ്പുനൽകുന്നുണ്ട്; പരിശുദ്ധാത്മാവ് നിന്നിൽ വരും, നിന്റെ ഉള്ളിൽ വചനം നിക്ഷേപിക്കും. നോക്കുക, ദൈവവചനത്തെ നമ്മുടെ ഹൃദയങ്ങളിലേക്ക് തിരികെ കൊണ്ടു വരുന്നവനാണ് ആത്മാവ്. ഇതുതന്നെയാണ് യേശുവും പറയുന്നത്, “പരിശുദ്ധാത്മാവ്‌ എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയും ചെയ്യും” (v.26). ഇതാണ് ആത്മാവിന്റെ പ്രവർത്തനം: ഇടവിടാതെ വചനത്തെ ഹൃദയത്തിലേക്ക് തിരികെ കൊണ്ടുവരിക. മനസ്സിലേക്കല്ല, ഹൃദയത്തിലേക്കാണ്. അത് ഹൃദയത്തിന്റെ യുക്തിയാണ്, മനസ്സിന്റെ ധിഷണയല്ല.

ലൂക്കാ സുവിശേഷകൻ ചിത്രീകരിക്കുന്ന പെന്തക്കോസ്താനുഭവത്തിൽ ജറുസലേമിൽ തടിച്ചുകൂടിയ എല്ലാവരും പത്രോസിന്റെ പ്രഘോഷണത്തെ അവരുടെ മാതൃഭാഷയിൽ കേൾക്കുന്നതായി പറയുന്നുണ്ട്. സഭയുടെ ആരംഭമാണത്. അന്നുമുതൽ പരിശുദ്ധാത്മാവ് അശ്രാന്തമായി ദൈവവചനത്തെ ഓരോരുത്തരുടെയും ഭാഷയാക്കിക്കൊണ്ടിരിക്കുകയാണ്, പരസ്പരം മനസ്സിലാക്കലിന്റെ ഭാഷയായി രൂപപ്പെടുത്തുകയാണ്. ഇനി വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വാക്കുകളില്ല, എല്ലാവർക്കും പ്രിയപ്പെട്ടതും ശാലീനവുമായ വാക്കുകൾ മാത്രം. കാരണം, ആത്മാവുള്ള വാക്കുകൾ മാത്രമാണ് മാനുഷികമായ നമ്മുടെ ഏക ഉറപ്പ്. അത് നമ്മെ എല്ലാവരേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുവരുന്നു, സ്വർഗ്ഗത്തിന്റെ കാഴ്ചപ്പാടിലൂടെ ജീവിതം ആസ്വദിക്കാനും പരസ്പരം സ്നേഹിക്കാനും നമ്മെ പ്രാപ്തരാക്കുന്നു.

ഹൃദയകാഠിന്യവും ഭൂതകാലത്തിന്റെ ഭാരവും മാത്രമാണ് നമ്മുടെ മുന്നിലുള്ള ഏക തടസ്സം. ശിഷ്യന്മാർ അനുഭവിച്ചതും ഇതേ തടസ്സം തന്നെയാണ്. ഉത്ഥിതനായ ഗുരുനാഥൻ ഭയചകിതരായിരുന്ന അവർക്ക് എട്ടാം നാൾ ആത്മാവിനെ നൽകുന്നുണ്ട് (യോഹ. 20:22). ഒരു പുതിയ തുടക്കത്തിനുള്ള ഊർജ്ജമായിരുന്നു അത്. എന്നിട്ടും, ഇതാ, അമ്പത് ദിനങ്ങൾ കഴിഞ്ഞിട്ടും അവർ ജൂതന്മാരെ ഭയന്ന് മുകളിലെ മുറിയിൽ അടച്ചിരിക്കുന്നു. അവർ ഇപ്പോഴും ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്. നോക്കുക, വീണ്ടും ജനിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച്, മുന്നിൽ അടഞ്ഞ വാതിലുകളാണെങ്കിൽ. അവിടെയാണ് യേശു വാഗ്ദാനം ചെയ്ത സഹായകൻ കടന്നുവരുന്നത്. പിന്നെ സംഭവിക്കുന്നത് ആത്മാവിലും അഗ്നിയിലുമുള്ള പുതുജനനമാണ്. അവിടെ കാറ്റ് ആഞ്ഞടിക്കും. അഗ്നി നാവായി ഇറങ്ങിവരും. വാക്കുകൾ ദൈവവചനമാകും. അക്ഷരങ്ങൾ ആളിക്കത്തും. ഭാഷകൾ വ്യക്തമാകും. ക്രിസ്തു പ്രഘോഷണമാകും. ഹൃദയങ്ങൾ നിർവൃതിയടയും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker