Kerala

സര്‍ക്കാരിന്റെ അട്ടിമറി നിലപാടുകൾക്കെതിരെ നെയ്യാറ്റിൻകര രൂപത

എല്ലാ കളളക്കേസുകളും പിന്‍വലിച്ച് ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം പുന:രാംഭിക്കാന്‍ സത്വര നടപടികളും ഉണ്ടാകണം...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസ സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അനീതിയ്ക്കും നീതി നിഷേധത്തിനുമെതിരെ നെയ്യാറ്റിൻകര രൂപത. പ്രധാനമായും സംവരണാനുകൂല്യങ്ങളിൽ നടത്തിയ അട്ടിമറി, ബോണക്കാട് കുരിശുമലയോട് കാണിക്കുന്ന അനീതി, ആഴക്കടല്‍ കരാർ സംബന്ധിച്ച് തീരദേശവാസികളെ വെല്ലുവിളിക്കുന്ന സർക്കാരിന്റെ മനോഭാവം എന്നീ മൂന്ന് കാര്യങ്ങളിലൂന്നിയാണ് രൂപതയിലെ കെ.എൽ.സി.എ.യുടെ പത്ര പ്രസ്താവന വന്നിരിക്കുന്നത്.

1) രൂപതയിലെ സമുദായ അംഗങ്ങള്‍ക്ക് ദശാംബ്ദങ്ങളായി ലഭിച്ചുകൊണ്ടിരുന്ന സംവരണാനുകൂല്യങ്ങള്‍ 06.02.2021 ലെ നാടാര്‍ ഒ.ബി.സി സംവരണം അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കി. ഉത്തരവിലെ അവ്യക്തതമൂലം നാളിതുവരെ ലഭിച്ചുകൊണ്ടിരുന്ന സംവരണം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ബഹു.മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നടത്തിയിട്ടും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നു. സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങളുടെ സംവരണം നഷ്ടമാകുകയില്ലെന്ന് മുഖ്യമന്ത്രിയും മറ്റ് അധികൃതരും പ്രഖ്യാപനം നടത്തിയിട്ടും ഈ വിഷയം സംബന്ധിച്ച് പിന്നോക്ക വിഭാഗ കമ്മിഷന്‍ 25.03.2021-ല്‍ നടത്തിയ സിറ്റിംഗില്‍ സര്‍ക്കാരിനുവേണ്ടി ബന്ധപ്പെട്ട വകുപ്പു സെക്രട്ടറി കമ്മിഷനുമുമ്പാകെ തടസ്സവാദങ്ങള്‍ ഉയര്‍ത്തിയത് നെയ്യാറ്റിന്‍കര രൂപതയുടെ ന്യായമായ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നതിന് തെളിവാണ്. ഇത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നു. 2010-ല്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണകാലത്ത് ലത്തീന്‍കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 1947 എന്ന അടിസ്ഥാന വര്‍ഷം ബാധകമാക്കി സംവരണം നിഷേധിക്കുകയും, തുടര്‍ന്നു വന്ന സര്‍ക്കാര്‍ 04.11.2010-ല്‍ 55/2012-ാം നമ്പരായി ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും അത് വകവയ്ക്കാതെ 1947 എന്ന വര്‍ഷം പിന്നീട് കര്‍ശനമാക്കി സംവരണം അട്ടിമറിക്കുകയാണ് ഉണ്ടായത്. ഇതു സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും നല്‍കിയിട്ടും യാതൊരു തീരുമാനമുണ്ടാകാതെയിരിക്കുമ്പോഴാണ് ഇരുട്ടടിയായി പുതിയ സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടുളളത്. ഇത് ഒരു വിഭാഗത്തോട് സർക്കാർക്കാണിക്കുന്ന കടുത്ത സാമൂഹ്യ അനീതിയാണ്.

2) വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ബോണക്കാട് കുരിശുമല പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നെയ്യാറ്റിൻകര രൂപതയിലെ വിശ്വാസ സമൂഹത്തെ വഞ്ചിച്ചു. ആറു പതിറ്റാണ്ടിലേറെക്കാലമായി തീര്‍ത്ഥാടനം നടത്തിവരുന്ന ഒരു പുണ്യസ്ഥലത്തു നിന്നും വിശ്വാസികളെ പുറത്താക്കിയതില്‍ ഏതൊരുവിധ നീതീകരണവുമില്ല. ഇതുമായി ബന്ധപ്പെട്ട് ബഹു.കേരള ഹൈക്കോടതിയില്‍ നടന്നുവരുന്ന കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സാമാന്യ നീതിക്ക് നിരക്കാത്തതാണ്. ‘ബോണക്കാട് കുരിശുമല എന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമേ ഇല്ല’ എന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലം വസ്തുതകള്‍ മനസ്സിലാക്കി അടിയന്തിരമായി പിന്‍വലിക്കണം. ബോണക്കാട് കുരിശുമല തീർത്ഥാടനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സമാധാനപരമായി സമരം ചെയ്ത വിശ്വാസികള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തി വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ എടുത്തിട്ടുളള കളളക്കേസുകള്‍ പിന്‍വലിക്കുമെന്നുളള സര്‍ക്കാര്‍ ഉറപ്പുകള്‍ ഇതുവരെയും പൂര്‍ണ്ണമായി പാലിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് നടന്ന സമാന വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് എതിരാണിത്. ഈ പ്രശ്നങ്ങളില്‍ ബഹു.മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടുകയും വിശ്വാസികള്‍ക്കെതിരെയെടുത്തിട്ടുളള എല്ലാ കളളക്കേസുകളും പിന്‍വലിച്ച് ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം പുന:രാംഭിക്കാന്‍ സത്വര നടപടികളും ഉണ്ടാകണം.

3) പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ച് ആഴക്കടല്‍ കുത്തകകള്‍ക്ക് തറെഴുതിക്കൊടുക്കാന്‍ കരാര്‍ ഒപ്പിട്ടശേഷം ദിനംപ്രതി സര്‍ക്കാര്‍ കളവുപറയുകയും, മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും അതിനെതിരെ പ്രതികരണം നടത്തിയ കൊല്ലം, ആലപ്പുഴ രൂപത അധികൃതരെ അധിഷേപിക്കുകയും ചെയ്യുന്ന നടപടി അത്യന്തം അപലപനീയമാണ്. ഈ വിഷയങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാതെ ക്രൈസ്തവ സമൂഹത്തെ വെല്ലുവിളിക്കുകയും, അവഗണിക്കുകയും ചെയ്തതിലുളള ശക്തമായ പ്രതിഷേധം ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സമുദായ അംഗങ്ങള്‍ പ്രതിഫലിപ്പിക്കുമെന്നും നെയ്യാറ്റിന്‍കര രൂപത സംഘടനാ പ്രതിനിധികളുടെ യോഗം മുന്നറിയിപ്പു നല്‍കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker