Categories: Daily Reflection

സമർപ്പണത്തിൽ പിശുക്കുകാണിക്കരുതേ…

അവനു കൊടുക്കേണ്ട സമയത്തിന്, സമർപ്പണത്തിന് പരിമിതികൾ ഉണ്ടാവാതിരിക്കട്ടെ...

ഈശോയുടെ പീഡാസഹനങ്ങളെ ധ്യാനിക്കുന്ന അനുഗ്രഹീതമായ ആഴ്ചയിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുന്നു. ഈ ദിവസങ്ങളിൽ തിരുകർമ്മങ്ങളിൽ വായിക്കുന്ന വായനകൾക്കും അതിലെ സംഭവങ്ങൾക്കും അതിലെ വ്യക്തിത്വങ്ങൾക്കും പ്രതീകാത്മകമായ മൂല്യങ്ങളും അർത്ഥങ്ങളുമുണ്ട്. യോഹ. 12:1-11 തിരുവചനഭാഗം പെസഹായ്ക്കു ആറു ദിവസം മുമ്പ് നടക്കുന്ന സംഭവമാണ്. യേശു ലാസറിന്റെയും മറിയത്തിന്റേയും മാർത്തയുടെയും ഭവനത്തിലേക്ക് വിരുന്നിനുപോകുന്നു.

യേശു അവിടെ പോകുന്നതിനു രണ്ടു ഉദ്ദേശ്യങ്ങളുണ്ട്:

1) പീഡാസഹനത്തിന്റെ സമയം സമാഗതമായി: യോഹന്നാന്റെ സുവിശേഷത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ അവസാന ഭാഗത്ത് പുരോഹിതപ്രമുഖരും ഫരിസേയരും യേശു എവിടെയാണെന്ന് വിവരം അന്വേഷിക്കുകയും, അവനെ ബന്ധിക്കാൻ കല്പന കൊടുക്കുകയും ചെയ്തത് കാണാം. അതായത്, യേശു എവിടെയാണെന്ന് അതുവരെ ആർക്കും അറിയില്ല എന്നർത്ഥം. യേശു എഫ്രായിം പട്ടണത്തിൽ ശിഷ്യരോടൊപ്പം വസിക്കുന്നെന്ന് പതിനാലാം അദ്ധ്യായം പറയുന്നു. കൂടാതെ യേശുവിനെ അന്വേഷിക്കുന്നെന്ന് യേശുവിനും ശിഷ്യർക്കും തീർച്ചയായും അറിയാമായിരിക്കും. എന്നിട്ടും യേശുവും ശിഷ്യരും പരസ്യമായി ബഥനിയായിലേക്കു വന്നെങ്കിൽ പെസഹാ അടുത്തെന്നും പെസഹാ കുഞ്ഞാടായി ലോകത്തിനുവേണ്ടി മുഴുവൻ രക്തം ചിന്തേണ്ട സമയമായി എന്ന വ്യക്തമായ ബോധ്യവും ഉള്ളതുകൊണ്ടുതന്നെയാണ്.

2) ജീവനും മരണവയും തമ്മിലുള്ള അന്തരം തിരിച്ചറിഞ്ഞ മൂന്നുപേരെ സന്ദർശിക്കുന്നു: അവരും കേട്ടിരിക്കും യേശുവിനെ വധിക്കാൻ ആലോചിക്കുന്നതിനെ പറ്റി. അതുകൊണ്ടു തന്നെ യേശുവിനു ഒരു അന്ത്യഭക്ഷണം ഒരുക്കി അവർ കാത്തിരിക്കുകയാണ്. അതിലൂടെ ലാസറിന്റെയും മാർത്തയുടെയും മറിയത്തിന്റെയും വിശ്വാസത്തിന്റെ വളർച്ച നമുക്ക് ഇവിടെ കാണാം. മരണത്തിനപ്പുറമുള്ള ഉത്ഥാനത്തിൽ വിശ്വസിക്കുന്ന യഥാർത്ഥ വിശ്വാസികളാണ് അവർ.

ലാസർ: രോഗിയായിരുന്നു, മരിച്ചവനായിരുന്നു. ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം മൂടപ്പെട്ടു കിടന്നിരുന്ന ഒരു വ്യക്തിയായിരുന്നു. യേശു അവന് ജീവന്റെ നൽകി. ഏശയ്യാ പ്രവാചകൻ പറയുന്നതുപോലെ, “ഞാൻ അവനു എന്റെ ആത്മാവിനെ നൽകി” (ഏശ. 42:1). അതുകൊണ്ടു തന്നെ അവൻ ഈയോയ്ക്കു വേണ്ടി വിരുന്നൊരുക്കുന്നു. ‘വിരുന്ന് ‘ ബൈബിളിന്റെ വെളിച്ചത്തിൽ പുനരുദ്ധാനത്തിലെ വിരുന്നിന്റെ മുന്നാസ്വാദനമാണ്. ഓരോ ബലിയർപ്പണവും ഈ ഓർമ്മയോടുകൂടിയാണ് നമ്മൾ അർപ്പിക്കുന്നതും. ആ സന്തോഷത്തോടെയാണ് ലാസർ യേശുവിനു വിരുന്നൊരുക്കി, അവനൊപ്പം ഭക്ഷിക്കുന്നത്.

മാർത്ത: യേശുവിനെ പതിവുപോലെ പരിചരിക്കുന്നു. ഇപ്പോൾ യേശുവിന്റെ മുന്നിൽ പരിചരിക്കുമ്പോൾ അവളുടെ ഉള്ളിൽ ബോധ്യങ്ങളുണ്ട്, അവളെ യേശു തിരുത്തിയ ഓർമ്മകളുണ്ട്. നല്ല ഭാഗം തിരഞ്ഞെടുത്തുവെന്ന ബോധ്യത്തോടെ അവനെ പരിചരിക്കുന്നു. അതായത്, അതുവരെ ചെയ്തിരുന്ന പരിചരണങ്ങൾ ബാഹ്യമായ പരിചരണമായിരുന്നെങ്കിൽ, തന്റെ സഹോദരനൊപ്പം ഉത്ഥാന സന്തോഷം അനുഭവിച്ച മാർത്ത ഇപ്പോൾ യേശുവിനെ പരിചരിക്കുന്നത്, ഉത്ഥാനവിരുന്നിന്റെ സന്തോഷം ഉള്ളിൽ പ്രതീക്ഷയോടെ കാത്തുസൂക്ഷിച്ചുകൊണ്ടാണ്.

മറിയം: പതിവുപോലെ നല്ലഭാഗം തിരഞ്ഞെടുത്തു. ഉത്ഥാനവിരുന്നിൽ യേശുവിനെ തൈലംകൊണ്ടു അഭിഷേകം ചെയ്യാൻ തീരുമാനിച്ചു. ചില ബൈബിൾ പണ്ഡിതന്മാർ ആ തൈലത്തെ ജലമായി വ്യാഖ്യാനിക്കുണ്ട്. എന്നുപറഞ്ഞാൽ യേശുവിന്റെ മരണത്തെയും ഉത്ഥാനത്തെയും മനസിലാക്കിയ അവൾ തന്റെ കുറവുകളുടെ കണ്ണുനീരുകൊണ്ടു അവന്റെ കാല്പാദം തുടയ്ക്കുന്നു, തലമുടികൊണ്ടു തുടയ്ക്കുന്നു. മുടി ഒരു സ്ത്രീയുടെ സൗന്ദര്യത്തിന്റെ പ്രതീകമാണ്, എന്ന് പറഞ്ഞാൽ അവൾ തന്റെ ജീവിതത്തിന്റെ ഏറ്റവും വിലപിടിപ്പുള്ളത് തന്റെ കുറവുവളോടുകൂടെ കർത്താവിനു നല്കുന്നു. അത് കർത്താവിന്റെ ശവസംസ്കാരത്തിനുള്ള മുന്നൊരുക്കമായി ചെയ്തതാണെന്ന് യേശുതന്നെ അവിടെ പറയുന്നു. ആ വിരുന്നിൽ ആരൊക്കെ ഉത്ഥാനസന്തോഷത്തോടെ പകെടുത്തോ അവരൊക്കെ ആ സന്തോഷം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ആ സന്തോഷം അനുഭവിച്ച ശിഷ്യൻതന്നെ ഇവിടെ എടുത്തുപറയുന്നത്, അവൾ സമർപ്പിച്ച സുഗന്ധത്തിന്റെ സൗരഭ്യം ആ വീടുമുഴുവൻ നിറഞ്ഞു. “പരിമളം കൊണ്ടു നിറഞ്ഞു”വെന്നു പറയുന്ന അതേ വാക്കുതന്നെ ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ പൗലോസ് അപ്പോസ്തോലൻ ഉപയോഗിക്കുന്നുണ്ട്, “നിങ്ങളുടെ ദാനം, ദൈവത്തിനു പ്രസാദിച്ചതും സുരഭിലവും സ്വീകാര്യവുമായ ബലി, ഞാൻ സ്വീകരിച്ചു” (ഫിലി. 4:18). ഫിലിപ്പിയർ ദാനധർമ്മം ചെയ്തതിനെ ഒരു സുരഭില ബലിയായി അപ്പോസ്തോലൻ ഈ വാക്കുകൊണ്ട് വിവരിക്കുന്നു. എന്നുപറഞ്ഞാൽ യേശു തനിക്കു സുരഭില ബലിയായി അവളുടെ സമർപ്പണവും ആ കുടുംബത്തിന്റെ സമർപ്പണവും സ്വീകരിച്ചുവെന്നർത്ഥം.

പക്ഷെ അത് അറിയാതെ പോയവരും ഉണ്ടായിരുന്നു. കർത്താവിന്റെ വിരുന്നിൽ പങ്കെടുക്കുന്നവരായിരുന്നിട്ടും അത് തിരിച്ചറിയാതെ പോയ ശിഷ്യരിലൊരുവൻ യൂദാസ് മറിയത്തിന്റെ ഈ പ്രവർത്തിയെ വിമർശിക്കുന്നു. അവൻ പറയുന്നു, അവൾ സമർപ്പിച്ചത് 300 ദനാറയ്ക്കു വിറ്റ് ദരിദ്രർക്ക് കൊടുക്കാമായിരുന്നില്ലേ? 300 ദനാറ ഒരു ദിവസം ഒരു ദനാറവച്ച് തിരുന്നാളുകളും സാബത്തുകളും കഴിച്ചുള്ള ഒരുവന്റെ ഒരു വർഷത്തെ അദ്ധ്വാനഫലമാണ്. അവൾ ദൈവത്തിനു കൊടുത്ത വില എത്രയും വലുതാണെന്ന് യൂദാസിലൂടെ പറയിപ്പിക്കയാണ്. കൂടാതെ യേശുവിന്റെ കൂടെ ആയിരുന്നിട്ടും ദൈവത്തിനു കൊടുക്കുന്നതിൽ ഒരു ഉപഭോഗസംസ്‍കാരം കാണിക്കുന്ന ശിഷ്യന്റെ മനോഭാവം കൂടി ഇവിടെ സുവിശേഷകൻ വരച്ചുകാണിക്കുന്നു.

അവസാനം സുവിശേഷകൻ ഒരു വെല്ലുവിളി കൂടി നൽകുന്നുണ്ട് യേശുവിന്റെ വാക്കുകളിലൂടെ, “യേശു പറഞ്ഞു, ദരിദ്രർ എപ്പോഴും നിങ്ങളോട് കൂടെയുണ്ട്, ഞാൻ ഇപ്പോഴും നിങ്ങളോടൊത്തുണ്ടാകുകയില്ല” (യോഹ. 12:8). ‘ദരിദ്രർ’ എന്ന് പറഞ്ഞാൽ യേശുവിനെ അറിയാത്തവർ. യേശുവിനെ അറിയാത്ത ദരിദ്രർ എന്നുമുണ്ടാകും, അതുകൊണ്ടു കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് യേശു അതിലൂടെ നൽകുന്നത്. നിങ്ങൾ അവരെപോലെയാകരുത്, ഉത്ഥാനസന്തോഷം അനുഭവിച്ച ശിഷ്യരെപോലെ ദൈവത്തിനു കൊടുക്കുന്നത്, ഒരു സുരഭില യാഗമായി തന്നെ, പൂർണ്ണമായി നൽകണമെന്ന ഒരു മുന്നറിയിപ്പ് അതിലുണ്ട്. ഈ വിശുദ്ധ വാരത്തിലെ യാത്ര ആരംഭിക്കുമ്പോൾ, ഉത്ഥാന സന്തോഷം അനുഭവിച്ച, അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഒരു യഥാർത്ഥ ശിഷ്യനായി അവന്റെ കുരിശിന്റെ വഴിയേ സഞ്ചരിക്കാം. അവനു കൊടുക്കേണ്ട സമയത്തിന്, സമർപ്പണത്തിന് പരിമിതികൾ ഉണ്ടാവാതിരിക്കട്ടെ, പ്രത്യേകമായി ഈ ഒരു ആഴ്ചയിലെങ്കിലും. അനുഗ്രഹത്തിന്റെ ഒരു വിശുദ്ധ വാരം ആശംസിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

21 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago