Articles
സഭ നവീകരിക്കപ്പെടണം എന്നാഗ്രഹിക്കുന്ന സഭാ പ്രേമികൾക്കുള്ള മറുപടി
സഭ നവീകരിക്കപ്പെടണം എന്നാഗ്രഹിക്കുന്ന സഭാ പ്രേമികൾക്കുള്ള മറുപടി
കടപ്പാട്; ഫാ.ഷിബു പുളിക്കൽ
ഫാ.ജിജോ കുര്യൻ സഭയെ ഒരു കോർപ്പറേറ്റ് സ്ഥാപനമായി കാണുകയും അതിന്റെ ആസ്ഥിയെ ഓർത്ത് നെഞ്ചുരുകുകയും ചെയ്യുന്ന അങ്ങയുടെ വലിയ മനസ്സിന് പ്രണാമം. സഭ എന്ന കോർപ്പറേറ്റ് മുതലാളിയുടെ കൈവശമുള്ള സ്ഥാപനങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് അങ്ങേക്ക് തിരിച്ചറിവ് ഉണ്ടാകുന്നിടത്ത് മാത്രമേ സഭാ സ്നേഹത്തിന്റെ ആത്മവിമർശനങ്ങൾ അങ്ങിൽ നിന്നുണ്ടാകൂ. അല്ലാത്ത പക്ഷം ഫലമുള്ള മാവിനിട്ട് കല്ലെടുത്തെറിയുന്ന കുട്ടിയുടെ നിലവിളി ശബ്ദമായേ അങ്ങയുടെ സ്വരത്തെ സമൂഹം മനസിലാക്കൂ. പ്രളയ ദുരന്തത്തിൽ പെട്ട കേരളത്തിന്റെ ദുരന്തനിവാരണ, പുനരധിവാസ രംഗങ്ങളിൽ സഭ എന്തു ചെയ്തു എന്നറിയണമെങ്കിൽ വാതിലുകളും ജാലകങ്ങളും അടച്ചിട്ട് ഏഷ്യാനെറ്റ് ന്യൂസും വച്ച് മുറിക്കുള്ളിൽ ഇരുന്നാൽ പോര. ആശ്രമം എന്ന് വിളിക്കപ്പെടുന്ന സ്വപ്നമാളികകളുടെയും അതിൽ താമസിക്കുന്ന അങ്ങയെപ്പോലുള്ളവരുടെയും മുറികളുടെ ജാലകങ്ങൾ തുറന്നിടണം.ഒരിക്കൽ വത്തിക്കാനിൽ ഒരു മഹായിടയൻ ചെയ്തതുപോലെ.
കളക്ടർ വാസുകിയും, ഏഷ്യാനെറ്റിന്റെ വിനു മൈക്ക് നീട്ടിയപ്പോൾ ഇവിടുത്തെ അച്ചനില്ലായിരുന്നെങ്കിൽ ഞങ്ങൾ മരിച്ചേനെ എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ആൾക്കൂട്ടവും ,മാതൃഭൂമി ന്യൂസിൽ വന്നിരുന്ന് സഭയുടെ വിലയെന്താണെന്ന് പറഞ്ഞ അനിൽ കുമാറും, കുമ്പസാരത്തിന്റെ വിലയെക്കുറിച്ച് മലയാളികളെ ഉദ്ബോധിപ്പിച്ച ബാലകൃഷ്ണ പിള്ളയും ഒക്കെ സഭയുടെ കൂലിയെഴുത്തുകാരാണെന്ന് നിങ്ങൾ പറയുമായിരിക്കും. അവരെങ്കിലുമുണ്ടല്ലോ സഭയെക്കുറിച്ച് ബോദ്ധ്യമുള്ളവർ.
അച്ചടക്കത്തിന്റെ മിലിട്ടറി ക്രമവും, മസ്തിഷ്ക കോരിക്കൊടുക്കലുകളും അനുഷ്ഠാനങ്ങളുടെ കർമ്മ വിധികൾ പഠിപ്പിക്കലും മാത്രമായി സെമിനാരി പരിശീലനം മാറുന്നു എന്ന് നിങ്ങൾ പറയുന്നു. അത് അതിൽ തന്നെ തെറ്റാണ്.കാരണം നിങ്ങൾ പഠിച്ചതും ഒരു സെമിനാരിയിലല്ലേ. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതെങ്കിൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട ഒരാളായി, സഭ എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ വക്താവായി നിങ്ങളും മാറിയേനെ. അങ്ങനെയല്ലാതെ, സ്വതന്തമായി ചിന്തിക്കാനും, സ്വയം വളരാനും സാഹചര്യങ്ങൾ ഒരുക്കുക മാത്രം ചെയ്യുന്ന ഒരു മഹനീയമായ പഠന സംസ്കാരം ഉണ്ടായിരുന്നതുകൊണ്ടല്ലേ നിങ്ങൾ സഭ എന്ന ഈ തരികിട പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കൂടി തകർത്ത് പുതിയത് നിർമ്മിക്കണം എന്ന് ചിന്തിക്കുന്നതും, ആഗ്രഹിക്കുന്നതും. അതുമല്ലയെങ്കിൽ പരിശീലന കാലത്തു തന്നെ നിങ്ങളുടെ ഉള്ളിൽ നിറഞ്ഞ വീർപ്പുമുട്ടലുകൾ വാക്കുകളിലുടെ പുറത്തു വരുന്നു എന്നേ മനസിലാക്കാനാവൂ…
ഇടവകകളിലെ വൈദികരിലൂടെയാണ് സഭയുടെ മുഖം ജനം കാണുന്നത്. പോരായ്മകൾ ഒരുപാടുണ്ട്. നീണ്ട പരിശീലന വഴികളിലൂടെ കടന്നു വന്നിട്ടും ഉള്ളിൽ നിറഞ്ഞ ക്രിസ്തുവിന്റെ മുഖം എവിടെയോ വച്ച് നഷ്ടപ്പെട്ടവർ ഉണ്ടെന്ന യഥാർത്ഥ്യം അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ അതിൽ കൂടുതൽ വിശുദ്ധരായ വൈദികർ സഭയിലുണ്ട്. സോഷ്യൽ മീഡിയയിലും, ചാനലുകളിലും വന്ന് അക്കമിട്ട് നിരത്തിയ വാദഗതികൾ കൊണ്ട് അവസരവാദ നിലപാടുകൾക്ക് അടിസ്ഥാനങ്ങൾ സൃഷ്ടിച്ചെടുക്കാൻ അവർക്കറിയില്ല. പക്ഷേ ദുരിതാശ്വാസ ക്യാമ്പുകളിലും, അനാഥമന്ദിരങ്ങളിലും, അഗതിമന്ദിരങ്ങളിലും, കുഷ്ഠരോഗാശുപത്രികളിലും, അവരുണ്ട്.ഇതുപോലുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അനുദിനച്ചെലവിനു വേണ്ടി തെരുവിലൂടെ ഭിക്ഷ യാചിക്കുന്ന വൈദികരുണ്ട്. കൈ നീട്ടി വാങ്ങുന്ന ചില്ലിത്തുട്ടുകൾ ചേർത്ത് വച്ച് ആശുപത്രികളിൽ സൗജന്യഭക്ഷണമെത്തിക്കുന്ന നിശബ്ദ താപസരുണ്ട്. അവരിലൂടെ ക്രിസ്തുവിന്റെ മുഖം ഇന്നും ജനം കാണുന്നുണ്ട്. ഇടവകകളിലെ വികാരിയച്ചന്മാരുടെ രീതികളും സ്വഭാവ പ്രത്യേകതകളും അനുസരിച്ച് തെരുവ് കലുഷിതമാകും. ആട്ടിത്തെളിക്കപ്പെടാൻ ഞങ്ങൾ നിന്നു തരില്ല എന്ന അലമുറ ഉയരും, പ്രതിക്ഷേധത്തിന്റെ ജ്വാലകൾ ഉയരും. യാതാർത്ഥ്യമാണ്. പക്ഷേ എത്ര ഇടങ്ങളിൽ ഇങ്ങനെ എന്നും സംഭവിക്കുന്നുണ്ട്.
ഈ അടുത്ത കാലത്ത് സഭക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലെ നേതൃസ്ഥാനത്ത് നിൽക്കുന്നത് ആരൊക്കെയാണ്. അവരെയൊക്കെ വ്യകതിപരമായി അറിഞ്ഞ് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇതൊക്കെ ഇനിയുണ്ടാവില്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതകളാണ്.
ഒന്നിന്റെയും കാര്യകാരണങ്ങൾ അന്വേഷിക്കാതെ എല്ലാ പ്രതിസന്ധികൾക്കും സഭയെ പ്രതിക്കൂട്ടിൽ നിർത്തി സോഷ്യൽ മീഡിയയിലെ അധികാരി ഏകപക്ഷീയമായി പുറപ്പെടുവിക്കുന്ന വിശദീകരണങ്ങളും, തീർപ്പുകളും, മാർഗനിർദ്ദേശങ്ങളും, ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിയില്ല എന്ന കാര്യം കൂടി അറിയിക്കട്ടെ.
സഭയെ നവീകരിക്കേണ്ടത് അങ്ങയെപ്പോലുള്ളവരുടെ ഉത്തരവാദിത്വമാണ്. അങ്ങയെപ്പോലുള്ളവർക്ക് അതിന് കഴിയും. പൊളിഞ്ഞു പോയ സഭയെ പണിതുയർത്തിയ ഫ്രാൻസീസ് അസ്സീസി വളരെ പ്രശസ്തനാണ്. സോഷ്യൽ മീഡിയയിലെ ചുവരെഴുത്തുകളുടെ പേരിലല്ല. കസാൻ ദ് സാക്കീസിന്റെ ഇഷ്ട കഥാപാത്രമായതുകൊണ്ടുമല്ല. മറിച്ച് മറ്റൊരു ക്രിസ്തുവായി ജീവിച്ചതുകൊണ്ട്. ഈ സമൂഹത്തിന് ഒരു നസ്രായൻ കൂടിയേ തീരൂ എന്ന് അങ്ങ് വിലപിക്കുന്നുണ്ടല്ലോ. എന്തുകൊണ്ട് അങ്ങേക്ക് അതിന് സാധിക്കുന്നില്ല. മാതൃകയാക്കാൻ പറ്റിയ വേറെയും ഫ്രാൻസീസുമാർ നിങ്ങളുടെ സഭയിലുണ്ടല്ലോ. രണ്ടാമത്തെ ക്രിസ്തു ഉണ്ടല്ലോ. ഉള്ളതെല്ലാം ഊരി പ്രൊവിൻഷ്യാളച്ചന്റ കയ്യിലേക്ക് കൊടുത്തിട്ട് തെരുവിലേക്ക് ഇറങ്ങണം സാർ. കടത്തിണ്ണകളിലും ചേരികളിലും അന്തിയുറങ്ങണം. ഓരോരോ കല്ലുകൾ പെറുക്കിക്കൂട്ടി സഭയെ പുതുതായി പണിതുയർത്തണം. അങ്ങനെ മൂന്നാമത്തെ ക്രിസ്തുവാകണം.
അല്ലയെങ്കിൽ രാവിലെ കാപ്പിയും കുടിച്ച് വെറുതെയിരുന്നപ്പോ നേരമ്പോക്കിനു വേണ്ടി, ഞാൻ ജോലി ചെയ്ത് സമ്പാദിച്ച പണം മുടക്കി വാങ്ങിയ സ്മാർട്ട് ഫോണിൽ ഇത്രയും എഴുതിയ ഞാനും… രാവിലെ സഭയുടെ ചെലവിൽ കാപ്പിയും കുടിച്ച്, സഭയുടെ ചെലവിൽ വാങ്ങിയ സ്മാർട്ട് ഫോൺ ഉപയോഗിച്ച്, സഭയുടെ മുഖത്തിന്റെ ഒരു ഭാഗം മാത്രം എഴുതിപ്പിടിപ്പിച്ച്, സഭയുടെ ചെലവിൽ റീച്ചാർജ് ചെയ്ത ഇന്റർനെറ്റ് ഉപയോഗിച്ച്, സഭയെ അടിക്കാനുള്ള ഈ വടികൾ തയ്യാറാക്കി ലോകമെമ്പാടും എത്തിക്കുന്ന അങ്ങും തമ്മിൽ വല്യ വ്യത്യാസം ഒന്നുമില്ല. തൊഴിലില്ലാത്തവർ. പക്ഷേ എന്റെ അപ്പനെ ഞാൻ നന്നാക്കാൻ ശ്രമിച്ചാൽ അത് ഫേസ് ബുക്കിലൂടെ ആയിരിക്കില്ല.
കൂടുതൽ എഴുതാൻ സമയമില്ല. കറികൾ ഉണ്ടാക്കണം. അങ്ങയെപ്പോലെ എന്തു വേണമെങ്കിലും വിളിച്ച് പറഞ്ഞിട്ട് കയ്യും കഴുകി ഇരുന്നാൽ സഭ ചോറ് വിളമ്പിത്തരുന്ന സംവിധാനമൊന്നും ഇവിടില്ല. പണിയെടുക്കണം. അല്ലെങ്കിൽ എല്ലാം അങ്ങ് ശെരിയാക്കണം എന്നൊക്കെ തോന്നും. ഏതായാലും നമ്മടെ മൂന്നാമത്തെ ക്രിസ്തുവിന്റെ കാര്യം മറക്കണ്ട. അങ്ങയെക്കൊണ്ട് സാധിക്കും. ഒന്നുമല്ലേലും കേരളം പുന:സൃഷ്ടിക്കേണ്ടതല്ലയോ …
youuuu caaaannn…….