ജോസ് മാർട്ടിൻ
ലോകംമുഴുവന്‍ ആദരവോടെ കാണുന്ന ഒരു വിശുദ്ധ നമ്മുടെ കാലഘട്ടത്തില്‍ ഭാരതത്തിന്റെ മണ്ണില്‍ ജീവിച്ചിരുന്നു, മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക വിശുദ്ധ മദർ തെരേസ. വിശുദ്ധ മദർ തെരേസ തന്റെ സഭാ വസ്ത്രം ഉപേക്ഷിച്ചിരുന്നു. എന്നാൽ തന്റെ പ്രവർത്തന മേഖലയിൽ സ്വീരിച്ചതോ – കൊല്‍ക്കത്ത നഗരസഭയുടെ ശുചീകരണ തൊഴിലാളികളുടെ
വേഷമായ നീല കരയുള്ള വെള്ള കോട്ടണ്‍ സാരി. തന്റെ പ്രവര്‍ത്തന മേഘലയായി തിരഞ്ഞെടുത്തതോ – അഴുക്കും ചെളിയും നിറഞ്ഞ, കുഷ്ടരോഗികളും, ക്ഷയരോഗികളും തിങ്ങിപ്പാര്‍ക്കുന്ന കൊല്‍ക്കത്തയിലെ ചേരികള്‍. ചെളിപുരളുമെന്നോ, കുഷ്ടരോഗികളെ ചേര്‍ത്ത്പിടിക്കുമ്പോള്‍ അവരുടെ വ്രണത്തിലെ ചോരയും ചലവും തന്റെ തൂവെള്ള വസ്ത്രത്തില്‍ പാടുകള്‍ ഉണ്ടാകുമെന്ന് കരുതിയോ, തന്റെ സൗകര്യത്തിനായി മറ്റേതെങ്കിലും വേഷം തിരഞ്ഞെടുത്തില്ല.
ഒരു സന്ന്യാസിനി താന്‍ അംഗമായിരിക്കുന്ന സഭ അനുശാസിക്കുന്ന സഭാ വസ്ത്രം ധരിച്ചുകൊള്ളാമെന്നു പ്രതിജ്ഞയെടുക്കുന്നുണ്ട്. പ്രത്യേകിച്ച്, നിത്യവ്രത വാഗ്ദാന സമയത്ത്, ഒരുപക്ഷേ മറ്റു സന്ന്യാസിനീ സഭകളെക്കാള്‍ ഒരുപടി മുൻപിൽ ‘അനുസരണം, കന്യാത്വം, ദാരിദ്ര്യം’ എന്നീ മൂന്നു വ്രതങ്ങളില്‍ അധിഷ്ഠിതമായി സമർപ്പിത ജീവിതം നയിക്കുന്ന സഭയാണ്, ‘ദാരിദ്ര്യത്തെ മണവാട്ടിയായി സ്വീകരിച്ച’ വിശുദ്ധ ഫ്രാന്‍സിസ് അസീസി സ്ഥാപിച്ച ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍ ( FCC).
ഏതു മതവിഭാഗത്തില്‍ ആയാലും ‘ലൗകീക സുഖങ്ങള്‍ സ്വയം ത്യജിച്ചു കൊണ്ടാണ്’ സന്ന്യാസ ജീവിതം തിരഞ്ഞെടുക്കുന്നത്. ഇതാരും അടിച്ചെൽപ്പിക്കുന്നതല്ല, മറിച്ച് കുറേനാളത്തെ പരിശീലനത്തിനും, ധ്യാനാത്മകമായ ചിന്തകൾക്കുമൊടുവിൽ തന്നെത്തന്നെ സമർപ്പിക്കുന്ന പ്രക്രിയയാണ്. കൃത്യമായ ബോധ്യത്തോടും വിവേകത്തോടും കൂടി, താൻ ആയിരിക്കുന്ന സഭയുടെ പ്രവർത്തന മേഖലയിൽ സന്തോഷത്തോടെ ജീവിക്കുവാനുള്ള തീരുമാനത്തിലൂടെയാണ് ഒരു വ്യക്തി നിത്യവ്രത വാഗ്ദാനം ചെയ്യുന്നത്. ഇത് ഒരിക്കലും അലംഭാവത്തോടെ ജീവിക്കേണ്ട ജീവിതമല്ല. സത്യത്തിൽ വലിയൊരളവിൽ ഉറ്റവരെയും ബന്ധുക്കളെയും ഉപേക്ഷിച്ച് സന്യാസ സഭയുടെ മാത്രം നിയോഗങ്ങളിൽ ആഴമായ ആത്മീയതയിൽ മുന്നോട്ടുപോകേണ്ട ജീവിതം. നമുക്കറിയാം, ഹിന്ദു മതത്തിലായാലും കത്തോലിക്കാ സന്യാസിനീ സമൂഹത്തിലായാലും തങ്ങളുടെ പഴയ പേരുകള്‍ പോലും ഉപേഷിച്ച്, തന്റെ വേരുകള്‍പോലും അറുത്തെറിഞ്ഞുകൊണ്ടാണ് പുതിയ പേര് സ്വീകരിക്കുന്നത്. ഇതിനൊക്കെ ബൗദ്ധികതയ്ക്കും മുകളിലുള്ള ഒരുമാനമുണ്ടെന്ന് മനസിലാക്കണം.
ഒരു സമൂഹത്തിന്റെ ഭാഗമയി മാറിക്കഴിഞ്ഞാൽ അതിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ് തിരിച്ചറിവും, പക്വതയും, ജീവിതത്തോട് പ്രതിപത്തിയുമുള്ള ഏതൊരു വ്യക്തിയും. കാരണം, ഒരു സുപ്രഭാത്തില്‍ വന്നു സ്വീകരിക്കുന്നതല്ലല്ലോ ‘സഭാവസ്ത്രം’. മറിച്ച്, വര്‍ഷങ്ങളുടെ കാത്തിരിപ്പിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും, പഠനങ്ങളിലൂടെയും, മാനസികമായ പക്വതയോടെ സ്വന്തം ഇഷ്‌ടത്തോടും പൂർണ്ണമായ ബോധ്യത്തോടും കൂടി നേടിയെടുക്കുന്നതല്ലേ സഭാവസ്ത്രം?
കേരളത്തില്‍ തന്നെ വ്യസ്തസ്ഥമായി വസ്ത്രങ്ങള്‍ ധരിക്കുന്ന സന്ന്യാസിനീ സമൂഹങ്ങളുണ്ട്. ചിലര്‍ ഉടുപ്പ് ധരിക്കുന്നു, ചിലര്‍ കാവി നിറമുള്ള സാരി ധരിക്കുന്നു, ചിലര്‍ ഡിസൈന്‍ ഉള്ള സാരി ധരിക്കുന്നു, ഇതൊക്കെ അതാത് സന്യാസിനീ സമൂഹത്തിന്റെ ‘സഭാവസ്ത്രം’ ആണ്. അല്ലാതെ ഒരു സന്ന്യാസ സമൂഹത്തിന്റെ ഭാഗമായി നിന്ന്കൊണ്ട്, ‘ഞാന്‍ എനിക്ക് സൗകര്യമുള്ള വസ്ത്രം ധരിക്കും’ എന്ന് പറയുന്നത് വ്യക്തി സ്വാതന്ത്ര്യമല്ല – അവഹേളിക്കലാണ്, നവോധാനമല്ല – വിവരം ഇല്ലായ്മയാണ്.
സന്യാസിനികൾ മനസിലാക്കുക എപ്പോഴാണോ ‘അനുസരണം’ എന്ന പരിപാവനമായ വ്രതം നിങ്ങൾ അവഗണിക്കുകയും താന്തോന്നിത്തരം കാണിച്ച് മുന്നോട്ട് പോകുവാൻ ആരംഭിക്കുകയും ചെയ്യുന്നത്, അപ്പോൾ മുതൽ മറ്റ് രണ്ടു വ്രതങ്ങളായ ‘കന്യാത്വം, ദാരിദ്ര്യം’ എന്നിവകൂടി നിങ്ങൾക്ക് കൈമോശം വരുന്നു. അങ്ങനെ ബുദ്ധിമുട്ടുള്ളവര്‍ താൻ ആയിരിക്കുന്ന സമൂഹത്തെ തെരുവില്‍ പരിഹസിക്കാന്‍ ഇടവരുത്താതെ, നട്ടെല്ലോടെ ‘സ്വയം’ പുറത്തു പോവുക. ഓർക്കണം, വിശുദ്ധ ജീവിതം നയിക്കുന്ന ഒരുപാടു സഹോദരിമാര്‍ ഉണ്ടിവിടെ. ഞങ്ങൾക്ക് ആ അമ്മമാരും സഹോദരികളും ദൈവത്തിലേക്കുള്ള വഴികാട്ടികളും, നന്മയുടെ പ്രതീകങ്ങളുമാണ്…