Kerala

സന്യാസിനികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതില്‍ വിലക്കുണ്ടോ ?… ആബുലന്‍സുമായി സിസ്റ്റര്‍ ആന്‍ മരിയ

സന്യാസിനികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതില്‍ വിലക്കുണ്ടോ ?... ആബുലന്‍സുമായി സിസ്റ്റര്‍ ആന്‍ മരിയ

സ്വന്തം ലേഖകൻ

കട്ടപ്പന: ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തകാലത്ത് വലിയ ചർച്ചയായിരുന്നു സന്യാസിനികൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനും വാഹനം ഓടിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം. എന്നാൽ, അതിനൊന്നിനും കത്തോലിക്കാ സഭയിലെ സന്യാസിനികൾക്ക് വിലക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായി ജീവിക്കുന്നു കട്ടപ്പന അസീസി സ്നേഹാശ്രമത്തിലെ സിസ്റ്റർ ആൻ മരിയ.

ശ്രദ്ധിക്കപ്പെടുന്ന മറ്റൊരുയാഥാർഥ്യം സിസ്റ്റർ ആൻ മരിയ ഓടിക്കുന്ന വാഹനം വെറും കാറല്ല ആംബുലൻസാണ്. പുരുഷന്മാരുടെ കുത്തകയായി പൊതുവെ കരുതപ്പെടുന്ന മേഖലയാണ് ആംബുലൻസ് ഡ്രൈവിങ്. കാരണം, മേഖലയിൽ ജോലി ചെയ്യുവാൻ സ്ത്രീകൾ അപൂർവമായെ കടന്നുവരാറുള്ളൂ. എന്നാൽ, ആംബുലൻസ് ഡ്രൈവിങ് മേഖലയിലേയ്ക്ക് ഭയമില്ലാതെ കാൽവെയ്പ്പുനടത്തിയിരിക്കുകയാണ് സിസ്റ്റർ ആൻ മരിയ.

ആന്ധ്ര, ഊട്ടി, ഉജൈൻ എന്നിവിടങ്ങളിൽ നഴ്സായി സേവനമനുഷ്‌ടിച്ചിരുന്ന സിസ്റ്റർ ആൻമരിയ 16 വർഷമായി ആകാശപ്പറവയിലെ അന്തേവാസികളെ ശുശ്രൂഷിച്ച്‌ വരുന്നു. 13 വർഷം മുമ്പാണ് സിസ്റ്റർ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. ഡ്രൈവിങ് പഠിച്ച് ലൈസൻസ് സ്വന്തമാക്കി എന്നല്ലാതെ താൻ ഒരു ആംബുലൻസ് സാരഥിയാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് സിസ്റ്റർ ആൻ മരിയ പറയുന്നു. എന്നാൽ, ദൈവഹിതമെന്നോണം ഇപ്പോൾ ജപമാല പിടിക്കുന്ന കൈകളിൽ ആംബുലൻസിന്റെ ഈ വളയവും ഭദ്രമാണ്.

ഇപ്പോൾ, 67 വയസുള്ള സിസ്റ്റർ, കൃത്യതയോടും ശ്രദ്ധയോടും കൂടിയ ഡ്രൈവിങ്ങിൽ കട്ടപ്പനയിൽനിന്നും കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടരമണിക്കൂർ കൊണ്ടെത്തും. ഓരോയാത്രയും ഒരുജീവൻ രക്ഷിക്കാനുള്ളതാണെന്ന ഉത്തമബോധ്യത്തോടെ തന്റെദൗത്യം പൂർത്തിയാക്കുകയാണ് സിസ്റ്റർ ആൻ മരിയ. ദൈവാനുഗ്രഹത്താൽ ഇന്നുവരെ ഒരു അപകടംപോലും ഉണ്ടായിട്ടില്ലെന്നും സിസ്റ്റർ പറയുന്നു.

ആശ്രമത്തിലെ അടിയന്തിര ഘട്ടങ്ങളിൽ തന്റെ സേവനം ആവശ്യമായി വന്നപ്പോളാണ് തനിക്ക് ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറേണ്ടിവന്നതെന്നും, ആശ്രമത്തിലെ ഫാ.ഫ്രാൻസീസ് ഡൊമിനിക്കും, പ്രൊവിൻഷ്യൽ സിസ്റ്റർ അനീറ്റയും നൽകിയ പ്രോത്സാഹനമായിരുന്നു ഇതിനു തുടക്കമായതെന്നും സിസ്റ്റർ ആൻ മരിയ ഓർക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker