“സജീവം” ലഹരി വിമുക്ത യജ്ഞം കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു
വിശപ്പിനും രോഗത്തിനുമെതിരെ നടത്തുന്ന "നോമ്പുകാല പരിത്യാഗം" യജ്ഞത്തിന്റെ രൂപതാതല ഉദ്ഘാടന കർമ്മവും നടന്നു...
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റിയുടെയും (കിഡ്സ്) മദ്യവിരുദ്ധ സമിതി കോട്ടപ്പുറം രൂപയുടേയും ആഭിമുഖ്യത്തിൽ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും കരിത്താസ് ഇന്ത്യയുടെയും സഹകരണത്തോടുകൂടെ സംഘടിപ്പിക്കുന്ന “സജീവം” ലഹരി വിമുക്ത യജ്ഞത്തിന്റെ ഉദ്ഘാടന കർമ്മം ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി നിർവഹിച്ചു. കൂടാതെ, വിശപ്പിനും രോഗത്തിനുമെതിരെ നടത്തുന്ന “നോമ്പുകാല പരിത്യാഗം” യജ്ഞത്തിന്റെ രൂപതാതല ഉദ്ഘാടന കർമ്മവും കോട്ടപ്പുറം വികാസ് ആൽബർട്ടൈൻ ആനിമേഷൻ സെന്റെറിൽ നടന്നു.
കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ.ഡോ.ആന്റെണി കുരിശിങ്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയോട് കൂടിയാണ് ഉദ്ഘാടന പരിപാടിക്ക് തുടക്കമായത്. തുടർന്ന്, കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം നടന്നത്. കാരിത്താസ് ഇന്ത്യാ സ്റ്റേറ്റ് കോഡിനേറ്റർ ശ്രീ. അബീഷ് ആന്റെണി മുഖ്യപ്രഭാഷണം നൽകി. ലഹരിക്കെതിരെ കൂട്ടായി പോരാടേണ്ടതിന്റെയും നോമ്പുകാലത്തിൽ സമർപ്പണത്തിലൂടെ പാവപ്പെട്ടവരെ സഹായിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം വിവരിച്ചു. പരിപാടിയുടെ കേന്ദ്രബിന്ദുവായ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് ഇരിഞ്ഞാലക്കുട രൂപത കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആനിമേറ്റർ ശ്രീ.സേവിയർ പള്ളിപ്പാടൻകൈകാര്യം ചെയ്തു.
ഉദ്ഘാടന പരിപാടിയിൽ കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ.ആന്റെണി കുരിശിങ്കൽ അനുഗ്രഹപ്രഭാഷണവും ബി.സി.സി. സെക്രട്ടറി സിസ്റ്റർ ബിനു പേരേര, കെ.എൽ.സി.എ. പ്രതിനിധി ശ്രീ.ബൈജു കാട്ടാശ്ശേരി, കെ.എൽ.സി.ഡബ്ല്യു.എ. പ്രതിനിധി ശ്രീമതി ആനി ജോർജ് തേക്കാനത്ത്, സി.എസ്.എസ്. പ്രതിനിധി ശ്രീ ജോജോ മനക്കിൽ, കെ.എൽ.എം. പ്രസിഡൻറ് വിൻസെന്റ് ചിറയത്ത്, കെ.സി.വൈ.എം. പ്രസിഡൻറ് ശ്രീ.പോൾ ജോസ് തുടങ്ങിയവർ ആശംസകളും നേർന്നു സംസാരിച്ചു.
പരിപാടിയിൽ കിഡ്സ് അസിസ്റ്റൻറ് ഡയറക്ടർ ഫാ.വർഗീസ് കാട്ടശ്ശേരി സ്വാഗതവും കോട്ടപ്പുറം രൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ശ്രീ.സേവിയർ പടിയിൽ നന്ദിയും പറഞ്ഞു. കെ.എൽ.എം., കെ.എൽ.എസി.ഡബ്ലിയു.എ., കെ.എൽ.സി.എ., സി.എസ്.എസ്., കെ.സി.വൈ.എം., കിഡ്സ് എസ്.എച്ച്.ജി. എന്നീ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ 200 ഓളം പേർ പങ്കെടുത്തു.