സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; വൈപ്പിനിൽ മരിച്ച സന്യാസിനിക്ക് കൊവിഡ്
കോൺവെന്റിൽ താമസിക്കുന്ന 17 പേർ ക്വാറന്റൈനിലാണ്...
അനിൽ ജോസഫ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, വൈപ്പിനിൽ മരിച്ച സന്യാസിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈപ്പിൻ കുഴുപ്പിള്ളി എസ്.ഡി. കോണ്‍വെന്റിലെ സിസ്റ്റർ ക്ലെയറാണ് മരിച്ചത്, 73 വയസായിരുന്നു. ബുധനാഴ്ച്ചയാണ് പനിയെ തുടർന്ന് സന്യാസിനിയെ പഴങ്ങനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഇന്നലെ രാത്രി ഒമ്പതോടെ മരണം സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനും, പ്രമേഹത്തിനും ചികിത്സയിലായിരുന്നു.
കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ സിസ്റ്റർ രണ്ടര വർഷമായി കുഴുപ്പിള്ളി കോൺവെൻറിലെ അന്തേവാസിയാണ്. പുറത്ത് ഒരിടത്തും പോകാറില്ല. അതിനാൽ സിസ്റ്ററുടെ രോഗത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. സിസ്റ്ററുടെ മരണത്തോടെ കോൺവെന്റിൽ താമസിക്കുന്ന 17 പേർ ക്വാറന്റൈനിലാണ്. കൂടാതെ, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.
അതേസമയം, എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന അവസ്ഥ എത്തിച്ചേർന്നതോടെ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം.