സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ
ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ...

ജോസ് മാർട്ടിൻ
ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ 32 പള്ളികളെയും വിവിധ ക്രൈസ്തവ സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി വിജയകരമായി സമാപിച്ചു. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ നിന്നും ലീയോ XIII സ്കൂളിലേക്ക് നടത്തിയ “ഹോപ്പ് 2K25″ സംയുക്ത ക്രിസ്തുമസ് വിളമ്പര റാലിയിൽ 2025 സാന്താക്ലോസുമാർക്കൊപ്പം പതിനായിരത്തോളം വിശ്വാസികളും അണിചേർന്നു. കാളവണ്ടിയിൽ സഞ്ചരിച്ച സാന്താക്ലോസ്, വാദ്യമേളങ്ങൾ, വിവിധ പ്ലോട്ടുകൾ തുടങ്ങിയവ റാലിക്ക് മിഴിവേകി.
പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി അങ്കണത്തിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജയിംസ് ആനാപറമ്പിൽ റാലി ഉദ്ഘാടനം ചെയ്തു. പ്രത്യാശയുടെ തീർഥാടക വർഷത്തെ യേശുവിന്റെ ജൂബിലി ആഘോഷം പാവപ്പെട്ടവരോടു പക്ഷംചേരുന്നതാകണമെന്ന് ബിഷപ്പ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. ചങ്ങനാശേരി അതിരൂപതാ പ്രോട്ടോ സിങ്കെല്ലസ് ഫാ. ആന്റണി ഏത്തയ്ക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്‌ത റാലി ആശ്രമം, കൊമ്മാടി, കളപ്പുര, ആറാട്ടുവഴി, ശവക്കോട്ടപ്പാലംവഴി ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ എത്തിച്ചേർന്നു.
തുടർന്ന്, നടന്ന സമാപന സമ്മേളനം ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. സ്നേഹവും, കരുണയും, ത്യാഗവും നിറഞ്ഞ ജീവിതമാകണം ഓരോ വ്യക്തികളെയും യേശുവിലേക്ക് അടുപ്പിക്കേണ്ടതെന്ന് മാർ തോമസ് തറയിൽ പറഞ്ഞു. ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ ജോയ് പുത്തൻവീട്ടിൽ, പഴവങ്ങാടി മാർ സ്ത്രീവ ഫൊറോന പള്ളി വികാരി ഫാ.മാത്യു നടമുഖത്ത്, ജനറൽ കോഓർഡിനേറ്റർ ഫാ.ജോബിൻ തൈപ്പറമ്പിൽ, ഫാ രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ.ബിജു കെ.ജോർജ്, ഫാ ജോർജ് മാത്യു. ഫാ.എബ്രഹാം തേക്കാട്ടിൽ, ഫാ. കെ.എം.സുനിൽ, റോയ് വേലിക്കെട്ടിൽ എന്നിവർ പ്രസംഗിച്ചു. മൗണ്ട് കാർമൽ കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് കൊടിയനാട് കൃതജ്ഞതയർപ്പിച്ചു.
സി.എം.ഐ. സഭയുടെ മ്യൂസിക് ബാൻഡ് ” MEN IN CASSOCKS ഒരുക്കിയ സംഗീത വിരുന്നോടെയാണ് ഹോപ്പ് 2K25 സമാപിച്ചത്.



