Kazhchayum Ulkkazchayum

ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും…!!!

പ്രായോഗികതയും, ജീവിതാനുഭവങ്ങളും, ദീർഘവീക്ഷണത്തോടു കൂടെ കാര്യങ്ങൾ ചെയ്യാൻ നമുക്ക് പ്രാപ്തി നൽകും...

“ശുദ്ധൻ” ദുഷ്ടന്റെ പ്രവർത്തികൾ ചെയ്യാൻ സാധ്യതയുണ്ട് എന്ന് വായിക്കുന്നതാവും കൂടുതൽ നന്ന്. ദുഷ്ടനിൽ നിന്ന് ദുഷ്ടത നാം പ്രതീക്ഷിക്കുന്നു. എന്നാൽ ശുദ്ധനിൽനിന്ന് നാം ദുഷ്‌ടത പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോൾ ഞെട്ടൽ, ഭയം, അത്ഭുതം, വിസ്മയം, മതിഭ്രമം തുടങ്ങിയ വിവിധ വികാരങ്ങൾക്ക് നാം വിഷയീഭവിക്കും. “ശുദ്ധൻ” നമ്മുടെ മുൻപിൽ പണിതുയർത്തിയ ചില്ലുകൊട്ടാരം എങ്ങനെ നിമിഷം കൊണ്ട് തകർന്നു വീണു? കേവലം കാപട്യമായിരുന്നോ? മുഖംമൂടി ആയിരുന്നോ? ഒരു ദുർബല നിമിഷത്തിലെ വീഴ്ചയായിരുന്നോ? വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയായിരുന്നോ? ജീവിതാനുഭവ കുറവായിരുന്നോ? പ്രായോഗികതയുടെ, പക്വതയുടെ, പരിശീലനത്തിന്റെ കുറവായിരുന്നോ? കൊച്ചു പ്രായത്തിൽ കഥകൾ കേട്ട് ഉറങ്ങിയ ഒരു കാലമുണ്ടായിരുന്നു. കഥകൾക്ക് നമ്മുടെ ജീവിതവുമായി ബന്ധമുണ്ടായിരുന്നു, ഒരു ഗുണപാഠം ഉണ്ടായിരുന്നു… ചിലപ്പോൾ ആറു വയസ്സുള്ള ഒരു കുട്ടിയെ അറുപത്താറ് വയസ്സുള്ള ഒരാളുടെ പക്വതയിലേക്ക് കൈപിടിച്ചുയർത്താൻ കെൽപ്പുള്ള കഥകൾ!!

ഒരിക്കൽ ഒരു ‘സന്യാസി’ പുഴയിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ഉറുമ്പ് ഒഴുകി വരുന്നത് കണ്ടു. നീണ്ട തലമുടിയും താടിയും ഉണ്ടായിരുന്ന സന്യാസി ഉറുമ്പിനെ രക്ഷപ്പെടുത്താൻ താടി കാണിച്ചുകൊടുത്തു. എന്നിട്ട് തൊട്ടടുത്തുണ്ടായിരുന്ന മരത്തിലെ ഉറുമ്പിൻ കൂട്ടിൽ ഉറുമ്പിനെ കയറ്റിവിട്ടു, എന്നാൽ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. കൂട്ടിലുണ്ടായിരുന്ന ഉറുമ്പുകൾ സന്യാസിയുടെ താടിയിലും മുടിയിലുമൊക്കെ കയറി. സന്യാസിയെ ഉപദ്രവിച്ചു. ഒടുവിൽ വേദന സഹിക്കാൻ കഴിയാതെ സന്യാസി തലമുടിയിലും താടിയിലും കയറിയ ഉറുമ്പുകളെ ഞെരിച്ചമർത്തി കൊന്നുകളഞ്ഞു. ഒരു ഉറുമ്പിനെപ്പോലും കൊല്ലരുതെന്ന “ശുദ്ധ”മനസുണ്ടായിരുന്ന സന്യാസി ‘ഒരായിരം’ ഉറുമ്പുകളെ കൊന്നുകളഞ്ഞു. “വീണ്ടുവിചാരമില്ലാത്ത ഒരു പ്രവർത്തി”മൂലം സന്യാസി ഒരു ദുഷ്ടനായി തീർന്നു. വരികൾക്കിടയിലൂടെ വായിച്ചാൽ ഒത്തിരി കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും. നാം ഒരു പ്രവർത്തി ചെയ്യുന്നതിന് മുൻപ് ഒന്നല്ല ഒൻപത് തവണ ചിന്തിക്കണം. ഒരു തിരക്കഥ തയ്യാറാക്കി കൂട്ടലും കിഴിക്കലും, തിരുത്തലുകളും നടത്തിയതിനു ശേഷമേ പ്രവർത്തനത്തിലേക്ക് കടക്കാവൂ എന്ന് സാരം. ഉദ്ദേശം നന്നായിരുന്നാൽ മാത്രം പോരാ, അത് പ്രാവർത്തികമാക്കുന്ന വിധവും, ലക്ഷ്യവും നന്നായിരിക്കണം. ‘താൻ ചത്തത് മീൻ പിടിക്കരുത്’ എന്ന പഴമൊഴി മറക്കാതിരിക്കാം. സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയിട്ട് മീൻ പിടിച്ചാൽ, ആ മീൻ തിന്നാൻ കഴിയാതെ വരും. പ്രായോഗികതയും, ജീവിതാനുഭവങ്ങളും, ദീർഘവീക്ഷണത്തോടു കൂടെ കാര്യങ്ങൾ ചെയ്യാൻ നമുക്ക് പ്രാപ്തി നൽകും. വികാരങ്ങളെക്കാൾ വിചാരത്തിന് പ്രാധാന്യം നൽകണമെന്നു മാത്രം.

ഒരിക്കൽ പുഴക്കരയിൽ ഒരു വൃക്ഷത്തിൽ ഒരു ‘കുരങ്ങൻ’ ഇരുന്ന് പുഴയിലേക്ക് സൂക്ഷിച്ചുനോക്കി. ചില മത്സ്യങ്ങൾ പിടച്ച് മുകളിലേക്ക് തെറിച്ച് വീണ്ടും പുഴയിലേക്ക് വീഴുന്നത് കണ്ടു. പുഴയിലെ വെള്ളത്തിന് എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് മീനുകൾ മരണവെപ്രാളം കാട്ടുന്നതെന്ന് കുരങ്ങൻ വിചാരിച്ചു. കുരങ്ങൻ മരത്തിൽ നിന്ന് താഴെ ഇറങ്ങി, കുറച്ച് മത്സ്യങ്ങളെ പിടിച്ച് കരയിൽ സുരക്ഷിതമായ ഒരു സ്ഥലത്ത് കൊണ്ടുവച്ചു. വീണ്ടും പുഴയിൽ നിന്ന് മീൻ പിടിക്കാൻ പോയി. കുറച്ചു മീനുകളുമായി തിരിച്ചുവന്നപ്പോൾ കരയിൽ കിടന്ന മത്സ്യങ്ങൾ ചത്തു കഴിഞ്ഞു. മീനുകളെ കൊല്ലാനുള്ള ഉദ്ദേശ്യം കുരങ്ങന് ഇല്ലായിരുന്നു. പക്ഷേ സംഭവിച്ചത് ദുഷ്ട കൃത്യമായിരുന്നു.

സുബോധവും, യുക്തിയും, സംസ്കാരവും ഉണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യൻ “ദുഷ്‌ട” ലക്ഷ്യത്തോടുകൂടി കാര്യങ്ങൾ ചെയ്തിട്ട് “ശുദ്ധ”ന്റെ മുഖംമൂടി ധരിച്ച് പെരുമാറുന്ന “ദുരവസ്ഥ” വേദനാജനകം തന്നെ. “പാലാരിവട്ടം പാലം” ചരിത്രത്തിൽ ഒരു കളങ്കമായി നിലകൊള്ളും. സ്വാർത്ഥതയും, ദുഷ്ടതയും, അധികാരദുർവിനിയോഗവും അഥവാ രാഷ്ട്രീയ സംസ്കാരവും ഒത്തുചേർന്നു. “പാലാരിവട്ടം മേൽപ്പാലം” കറുത്ത ചരിത്രമായി നിലകൊള്ളും!!!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker