Daily Reflection

ശത്രുതയില്ലാത്ത സ്നേഹം 

ശത്രുതയില്ലാത്ത സ്നേഹം 

1 രാജാ. – 21:17-29   

മത്താ. – 5:43-48   
                 
“ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.

സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കാതെ ശത്രുക്കളെയും സ്നേഹിക്കാനായി നമ്മോട് ആവശ്യപ്പെടുകയാണ് സ്നേഹത്തിന്റെ ഉറവിടമായ ക്രിസ്തു.  മാനുഷിക ബലഹീനതയുള്ളതിനാൽ നമ്മിൽ വെറുപ്പും,  വിദ്വേഷവും  സർവ്വസാധാരണമാണ്.  എന്നാൽ അവ  ഹൃദയത്തിനുള്ളിൽവെച്ച് ശത്രുതപുലർത്തി സഹോദരങ്ങളെ അവഗണിക്കാതെ അവരെ സ്നേഹിക്കുകയാണ് വേണ്ടത്.

സ്നേഹമുള്ളവരെ, നമ്മെ സ്നേഹിക്കുന്നവരെ സ്നേഹിക്കാൻ എളുപ്പമാണ്. ശത്രുക്കളെ സ്നേഹിക്കുക,  പീഡിപ്പിക്കുന്നവർക്കു  വേണ്ടി പ്രാർത്ഥിക്കുക എന്നത് നമുക്ക് അൽപ്പം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാൽ,  താൻ സ്നേഹിച്ചിട്ടും തന്നെ വെറുത്തവരെയും,  തനിക്കെതിരായി കുറ്റം ആരോപിച്ചവരെയും പൂർണ്ണമായി സ്നേഹിച്ചവൻ നമ്മോട് ആവശ്യപ്പെടുന്നത് ശത്രുക്കളെ സ്നേഹിക്കാനാണ്.  തന്നെ പീഡിപ്പിച്ചവർക്കും,  കുരിശിലേറ്റിയവർക്കും വേണ്ടി പിതാവായ ദൈവത്തോട് “ഇവരോട് ക്ഷമിക്കണമേ” എന്ന് പ്രാർത്ഥിച്ചവൻ നമ്മോട് ആവശ്യപ്പെടുന്നത് പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാനാണ്.

സഹോദരങ്ങളോട്  ശത്രുത കാണിച്ചിട്ട് ദൈവത്തെ സ്നേഹിക്കുന്നു എന്നുപറയുന്നതിൽ ഒട്ടും സത്യമില്ല. പുറംകണ്ണാൽ കാണുന്ന സഹോദരനെ സ്നേഹിക്കാത്തവൻ എങ്ങനെയാണ് അകക്കണ്ണാൽ കാണുന്ന ദൈവത്തെ സ്നേഹിക്കുക?

സഹോദരങ്ങളിൽ വെച്ചുപുലർത്തുന്ന ശത്രുത നമ്മുടെ ചിന്തകളെ ദുർബലപ്പെടുത്തും. സഹോദരനുമായുള്ള ശത്രുത എങ്ങനെ വർദ്ധിപ്പിക്കാമെന്ന ചിന്തയ്ക്കായിരിക്കും നാം മുൻ‌തൂക്കം കൊടുക്കുക. വെറുപ്പും, വിദ്വേഷവും കാണിക്കാതെ സഹോദരനെ സ്‌നേഹിക്കുമ്പോൾ നമ്മുടെ ചിന്തയ്ക്കു വിത്യാസം ഉണ്ടാകും. പക പോക്കൽ മാറ്റി സമാധാനം ആഗ്രഹിക്കുന്നവനായി മാറും.

സ്നേഹത്താൽ നമുക്ക് എന്തും നേടാമെന്ന ഒരു ഉറച്ച ബോധ്യം നമ്മിൽ ഉണ്ടാകണം. എങ്കിൽമാത്രമേ നമുക്ക് ശത്രുവിനെയും സ്നേഹിക്കാൻ കഴിയുകയുള്ളു. സ്നേഹിക്കാനുള്ള മനസ്സിനുടമയാകുമ്പോൾതന്നെ, ശത്രുത മനസ്സിൽനിന്നും അപ്രത്യക്ഷമാകും. ആരിലും ശത്രുത പുലർത്താതെ വെറുപ്പിനോ,  വിദ്വേഷത്തിനോ അടിമയാകാത്ത ഹൃദയത്തിനുടമയാകനായി നമുക്ക് പരിശ്രമിക്കാം.

സ്നേഹസ്വരൂപനായ ദൈവമേ, വെറുപ്പും വിദ്വേഷവും ഇല്ലാതെ   എല്ലാവരെയും സ്നേഹിക്കുവാനുള്ള ഹൃദയത്തിന് ഉടമയാക്കി തീർക്കണമേയെന്ന്  അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker