Kerala

വൻകിട പദ്ധതികൾക്ക് വേണ്ടി തീരവും കടലും ഉപയോഗിച്ചപ്പോൾ ദുരിതത്തിലായ തീരദേശ ജനതയുടെ സമരമാണ് ഈ രാപകൽ സമരം; കെ.ആർ.എൽ.സി.സി. വക്താവ് ഷാജി ജോർജ്ജ്

പുലിമുട്ടുകൾ നിർമ്മിക്കാത്തതിൽ പ്രതിക്ഷേധിച്ച് 'തീരദേശം സംരക്ഷിക്കാം' എന്ന മുദ്രാവാക്യവുമായി എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ നേതൃത്വത്തിൽ

നിക്സൺ ലാസർ

കൊല്ലം: വൻകിട പദ്ധതികൾക്ക് വേണ്ടി തീരവും കടലും ഉപയോഗിച്ചപ്പോൾ ദുരിതത്തിലായ തീരദേശ ജനതയുടെ സമരമാണ് എൻ.കെ.പ്രേമചന്ദ്രൻ എം.പി. നേതൃത്വം കൊടുക്കുന്ന ഈ രാപകൽ സമരമെന്ന് കെ.ആർ.എൽ.സി.സി. വക്താവ് ഷാജി ജോർജ്ജ്. കൊല്ലം, ഇരവിപുരം തീരദേശങ്ങളിൽ മുൻസർക്കാർ അനുവദിച്ച പുലിമുട്ടുകൾ ഇതുവരെയും നിർമ്മിക്കാത്തതിൽ പ്രതിക്ഷേധിച്ച് ‘തീരദേശം സംരക്ഷിക്കാം’ എന്ന മുദ്രാവാക്യവുമായി എൻ.കെ.പ്രേമചന്ദ്രൻ എം.പി.യുടെ നേതൃത്വത്തിൽ നടന്നുവരുന്ന രാപകൽ സമരത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ത് മാസങ്ങൾക്ക് മുൻപ് ‘തീരദേശ വാസികളെ കാണൂ അവരാണ് കേരളത്തിന്റെ സൈന്യം’ എന്ന് പറഞ്ഞ സംസ്ഥാന സർക്കാർ ഇന്ന് അവരുടെ ദുരിതത്തെ ഗൗനിക്കുന്നില്ലായെന്നും, പത്ത് മാസങ്ങൾക്ക് മുൻപ് കേരളത്തിന്റെ സൈന്യമായിരുന്നവർ ഇന്ന് ദുഖത്തിന്റെ തീരാ കയത്തിലാണെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉൾപ്പെടെയുള്ള നേതാക്കൾ ചെയ്യുന്ന സമരം ഒറ്റപ്പെട്ട സംരമല്ലെന്നും, ഈ സമരം തീരദേശ ജനതയുടെ സമരമാണെന്നും ഷാജി ജോർജ്ജ് പറഞ്ഞു. കേരളത്തിലെ നാലിലൊന്ന് ജനങ്ങൾ താമസിക്കുന്നത് തീരദേശത്താണ് എന്ന തിരിച്ചറിവ് ഈ സമരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുവെന്നും, തീരദേശ ജനത ഈ സമരത്തോടൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

കൂടാതെ, തിരുവന്തപുരത്തെ വലിയതുറയിൽ 25 വീടുകളാണ് കടലെടുത്തുപോയത്, 100 കണക്കിന് കുടുംബങ്ങൾ 4 ക്യാമ്പുകളിലായി വലിയതുറയിലും കൊച്ചു വേളിയിലുമായി കഴിയുന്നുവെന്നും; ആലപ്പുഴയിലെ ഒറ്റമശ്ശേരിയിലും, എറണാകുളത്തെ ചെല്ലാനത്തും ഇടമലക്കാടും സ്ഥിതി വ്യത്യസ്തമല്ലെന്നും ചെല്ലാനത്ത് 350 കുടുംബങ്ങളാണ് കടൽ കയറി വെള്ളത്തിലായിരിക്കുന്നതെന്നും, രണ്ടായിരത്തോളം കുടുംബങ്ങൾ ജീവിതം ദുസ്സഹമായ രീതിയിൽ നിൽക്കുന്നുവെന്നും; ഇടമലക്കാട് 50-ലേറെ കുടുംബങ്ങൾ കടലാക്രമണ ഭീതിയിലാണ് ജീവിക്കുന്നതെന്നും; കൊടുങ്ങലൂരും, എറിയാടും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതിനാൽത്തന്നെ, 20 ലക്ഷത്തിലധികം വരുന്ന കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിനുവേണ്ടിയും, തീരദേശ വാസികൾക്കുവേണ്ടിയും ഈ സമരം വിജയിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker