Daily Reflection

വ്യാജ പ്രബോധനങ്ങളെ സൂക്ഷിച്ചുകൊള്ളുക

വ്യാജ പ്രബോധനങ്ങളെ സൂക്ഷിച്ചുകൊള്ളുക

2രാജാ. – 22:8-13,23:1-3 മത്താ. – 7:15-20

“നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളിൽ നിന്നു നിങ്ങൾ അവരെ അറിയും.” 

യേശുക്രിസ്തു വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളാനായി മുന്നറിയിപ്പ് നൽകുകയാണ്. ദൈവവചനം തെറ്റായ രീതിയിൽ പങ്കുവെയ്ക്കുന്നവരും അവ സ്വീകരിക്കുന്നവരും നല്ല ഫലം നൽകാത്ത വൃക്ഷത്തിന് തുല്യം. അവരുടെ വാക്കുകൾ  നല്ലതായി തോന്നും എന്നാൽ തെറ്റായ പ്രബോധനമാണ് അവർ നൽകുന്നത്. അവരെ അനുസരിച്ച് ജീവിച്ചാൽ നാമും ചീത്ത ഫലമായിരിക്കും പുറപ്പെടുവിക്കുക. വ്യാജപ്രബോധനത്തിൽ അകപ്പെടാതെയും, വ്യാജപ്രബോധനം നടത്താതെയും ജീവിക്കേണ്ടവരാണ് ക്രിസ്തുവിന്റെ അനുയായികൾ.

സ്നേഹമുള്ളവരെ,  ദൈവവചനമെന്ന ഭാവേന വ്യാജപ്രവചനം നടത്തുന്നവർ ദൈവമക്കളെ തിന്മയിൽ അകപെടുത്താനായി ശ്രമിക്കുന്നവരാണ്.  അവരിൽ അകപ്പെടാതെ ദൈവമക്കൾ  സൂക്ഷിക്കേണ്ടതുണ്ട്. കേൾക്കാൻ ഇമ്പമുള്ളതും, സത്യമെന്ന് വരുത്തി തീർക്കുന്നതുമായ പൈശാചിക പ്രവർത്തനങ്ങളിൽ അകപ്പെടാതെ ശരിയായ സത്യവചനത്തിൽ  വിശ്വസിച്ച് ജീവിക്കണം.

യഥാർത്ഥമായ ദൈവവചനം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വൃക്ഷങ്ങൾക്ക് തുല്യമാണ്. നല്ല വൃക്ഷത്തിൽ നിന്നും നല്ല ഫലങ്ങൾ ഉണ്ടാകുന്നു. നല്ല ഫലം കാഴ്ച്ചയിൽ  മാത്രമല്ല, മറിച്ച് പോഷകഗുണങ്ങളും രുചികരവുമായിരിക്കണം. യഥാർത്ഥ ദൈവവചനം പ്രഘോഷിക്കുന്നവരെ തിരിച്ചറിയേണ്ടതും നല്ല ഫലങ്ങളിൽ നിന്നാണ്. ദൈവവചനം ജീവിതത്തിൽ പ്രാവർത്തികമാക്കി സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ ജീവിക്കുമ്പോൾ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകും.

ജ്ഞാനസ്നാനം സ്വീകരിച്ച് ദൈവമക്കളായി തീർന്ന നാം നല്ല ഫലങ്ങൾ സ്വീകരിക്കേണ്ടവരാണ്. ദൈവവചനം ശരിയായ രീതിയിൽ മനസ്സിലാക്കി അവ വിശ്വസിച്ച് ജീവിതത്തിൽ പ്രവർത്തികമാക്കണം. വ്യാജമായ രീതിയിൽ വരുന്ന പിശാചിന്റെ കുതന്ത്രങ്ങളെ ആട്ടിയോടിക്കുവാൻ നമുക്ക് സാധിക്കണം. ദൈവത്തിൽ വിശ്വസിച്ച്, ദൈവത്തോടൊപ്പം ആയിരിക്കുമ്പോൾ നല്ല   ഫലങ്ങൾ പുറപ്പെടുവിക്കാനും മറ്റുള്ളവരിൽ നിന്ന് നല്ല  സ്വീകരിക്കാനും സാധിക്കുമെന്ന ഉറച്ച ബോധ്യത്തിൽ ജീവിക്കാനായി ശ്രമിക്കാം.

സ്നേഹനാഥ, ഇരുതല വാളിനേക്കാൾ മൂർച്ചയേറിയ അങ്ങേ വചനം മനസ്സിലാക്കി ജീവിക്കാനും, അവ ജീവിതത്തിൽ പ്രാവർത്തികമാക്കി നല്ല ഫലം പുറപ്പെടുവിക്കാനും, സ്വീകരിക്കാനുമുള്ള അനുഗ്രഹം നൽകണമേയെന്ന്  അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker