Kazhchayum Ulkkazchayum

വ്യാജൻമാർ അരങ്ങത്തും അണിയറയിലും

സ്നേഹിക്കയില്ല ഞാൻ, നോവുമാത്മാവിനെ, സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും...

വ്യാജൻമാർ അരങ്ങുവാഴുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. “ഒർജിനലിനെ” വെല്ലുന്ന വ്യാജന്മാർ! വ്യാജൻമാർക്ക് രഹസ്യ അജണ്ടയുണ്ട്. പകലിനെ രാത്രിയാക്കാനും, രാത്രിയെ പകലാക്കാനുമുള്ള വശീകരണ തന്ത്രത്തിന്റെ ഉടമകളാണ് വ്യാജന്മാർ. കള്ളനാണയങ്ങളെന്ന് നമുക്ക് മൊഴിമാറ്റം നടത്താവുന്നതാണ്. സ്വാർത്ഥതയുടെ മേൽ ചില്ലുകൊട്ടാരം പണിത് അവിടെ ഏകാധിപതികളായി വാഴുന്നവരാണ് വ്യാജന്മാർ. ഇവർ ബുദ്ധിയെ രാക്ഷസീയമായി, പൈശാചികമായി ഉപയോഗിക്കുന്നു. ഇവരെ വിലയ്ക്കുവാങ്ങാൻ ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവർ മത്സരിക്കുന്നുണ്ട്. ചുരുങ്ങിയ കാലയളവ് കൊണ്ട് പേരും, പ്രശസ്തിയും, സമ്പത്തും, അധികാര കസേരകളും നേടിയെടുക്കും. സൂക്ഷ്മമായി വിലയിരുത്തുമ്പോൾ വ്യാജന്മാരെ കരാർ വ്യവസ്ഥയിലും, മൊത്തമായും, ചില്ലറയായും കിട്ടുമെന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.

രാഷ്ട്രീയത്തിൽ ചിലപ്പോൾ “കിംഗ് മേക്കറായി” ഇവർ വിലസും, പരസ്യമായി രംഗത്ത് വരില്ല. ഭരണചക്രം തിരിക്കുന്നത് “പിൻസീറ്റ് ഡ്രൈവിംഗിലൂടെ” ആയിരിക്കും. ഇന്ന് രാഷ്ട്രീയം ഒരു ദൂഷിത വലയത്തിലാണ്. രാത്രി പത്തുമണി കഴിഞ്ഞാൽ എല്ലാ കൊടികൾക്കും ഒരേ നിറം, ഒരേ മുദ്രാവാക്യം, ഒരേ പ്രത്യയശാസ്ത്രം…? കാരണം, കൊള്ളമുതൽ പങ്കുവയ്ക്കുന്നതിന് ഒരുമിച്ചു കൂടുമ്പോൾ എന്ത് പ്രത്യയശാസ്ത്രം? എന്ത് സ്ട്രാറ്റജി? എന്ത് പ്രാക്സിസ് (praxis)? സത്യം, നീതി, നിയമം, മൗലിക അവകാശങ്ങൾ etc. etc. etc… എല്ലാറ്റിനും നിറവും, മണവും, ഗുണവും, നിലവാരവും, നിലപാടുകളും… എല്ലാം ഇരുട്ടിന്റെ മറവിൽ “വീതം” വയ്ക്കൽ പ്രക്രിയയ്ക്ക് മുൻപിൽ, നിരർത്ഥകമായി മാറുന്നു. ഇക്കാര്യങ്ങൾ സാധാരണക്കാർക്കും അണികൾക്കും നന്നായിട്ടറിയാം!!

എന്നാൽ, നേരം വെളുത്താൽ പ്രസ്താവനകളായി, ഭരണപക്ഷമായി, പ്രതിപക്ഷമായി, ജാതിസംഘടനകളായി, മതസംഘടനകളായി, തീവ്രവാദികളായി, മാവോയിസ്റ്റുകളായി, നക്സലൈറ്റുകളായി നിറഞ്ഞാടും… അരങ്ങത്ത് വെട്ടിത്തിളങ്ങും. പിറ്റേദിവസം നേതാവ് പറഞ്ഞ കാര്യങ്ങൾ തെറ്റായിട്ട് വളച്ചുകെട്ടി പറഞ്ഞതാണെന്ന എതിർ പ്രസ്താവനകളും… അതിനു വേണ്ടി കുറച്ച് വിടുവായൻമാരെ, വിവരദോഷികളെ ചാനൽ ചർച്ചക്ക് വിളിച്ചു കൂട്ടും… ചാനലിന്റെ “റേറ്റ്” കൂട്ടുവാൻ പരസ്പരം സംവാദവും, ചെളിവാരിയെറിയലും, ഇറങ്ങിപ്പോക്കും ഒക്കെ നടത്തും. [ഒരു മഞ്ഞ പത്രവും, നാറിയ ചാനലും, കുറച്ച് വ്യാജവാർത്തകളും, കുറച്ച് സമര തൊഴിലാളികളും, കുറച്ച് “ആൾ ദൈവ”ങ്ങളും, ഏതെങ്കിലും ഒരു “കൊടി”യും ഉണ്ടെങ്കിൽ… ആർക്കും തഴച്ചു വളരാൻ പറ്റിയ “മണ്ണായിട്ട്” രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും മാറിക്കഴിഞ്ഞു… ആരാണ് ഉത്തരവാദി…? നമ്മൾ ഓരോരുത്തരും “ഈ ദൂഷിത വലയത്തിന്റെ” കണ്ണികളാണ്.???]

ഇനി ഒരു വേള “വിഷയദാരിദ്ര്യം” ഉണ്ടാകുമ്പോൾ ഏതെങ്കിലും മതത്തിന്റെയോ, വിശ്വാസത്തിന്റെയോ, ആചാരാനുഷ്ഠാനങ്ങളുടെയോ പുറത്ത് “ഒന്ന് ചൊറിയും” (വ്യാജന്മാർ ഒരുക്കുന്ന രഹസ്യ അജണ്ടയുടെ ഫലമെന്ന് “അധികം പേർക്കും” അറിയില്ല). പിന്നെ ഉണ്ടയില്ലാത്ത വെടികൾ, ബാരിക്കേഡ് മറിച്ചിടൽ, വെള്ളം ചീറ്റൽ, കണ്ണീർ വാതക പ്രയോഗം, ലാത്തി വീശൽ, ആംബുലൻസ്, ആശുപത്രി കിടക്കകൾ etc. etc… ഒരാഴ്ച കഴിയുമ്പോൾ, ആ കാലയളവിൽ നടത്തിയ വൻതട്ടിപ്പുകൾ, അഴിമതി, കരിഞ്ചന്ത, പീഡനം, പോക്സോ, വ്യാജഏറ്റുമുട്ടൽ എല്ലാം എല്ലാം… ശുഭ പര്യവസാനം. [കാരണം ഈ കാലയളവിനുള്ളിൽ കൊള്ളമുതൽ പങ്കുവച്ചു കഴിഞ്ഞിരിക്കും…].

“സ്നേഹിക്കയില്ല ഞാൻ, നോവുമാത്മാവിനെ, സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും…” കവിയുടെ ഹൃദയസ്പന്ദനം നിലയ്ക്കാതിരിക്കട്ടെ…!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker