Articles

വോട്ടനുഭവവുമായി കെ.ആര്‍.എല്‍.സി.സി. വക്താവ് ഷാജിയേട്ടന്‍

വോട്ടനുഭവവുമായി കെ.ആര്‍.എല്‍.സി.സി. വക്താവ് ഷാജിയേട്ടന്‍

 

ഇപ്രാവശ്യത്തെ വോട്ടിന് ഒരു പ്രത്യേകതയുണ്ട്. ഇളയ മകൻ തേജലിനും വോട്ടുചെയ്യാനുള്ള പ്രായമായി. അങ്ങിനെ വീട്ടിലെ നാലുപേർക്കും വോട്ടവകാശം ലഭ്യമായി. സഹധർമ്മിണി ഇലക്ഷൻ ഡ്യൂട്ടിയിൽ ആയതുകൊണ്ട് ഞാനും അതുലും തേജലും ഒന്നിച്ചു പോയി വോട്ടു ചെയ്തു.

സ്വന്തം ഭൂമിയുടെ കരം അടയ്ക്കുന്നവർക്കു മാത്രം വോട്ടുണ്ടായിരുന്ന കാലത്തുനിന്ന് പ്രായപൂർത്തിയായവർക്കും വോട്ടവകാശത്തിലേക്ക് എത്താൻ നടത്തിയ സമരങ്ങൾ കേരളത്തിന്റെ നവോത്ഥാനത്തിന്റെ ഭാഗം തന്നെയാണ്. 1906-ലാണ് തിരുവതാംകൂറിൽ 50 രൂപ ഭൂനികുതി അടക്കുന്നവർക്ക് ശ്രീമൂലം പ്രജാസഭയിലേക്ക് വോട്ടുചെയ്യാനുള്ള അവകാശം ലഭിച്ചത്. നിവർത്തന പ്രക്ഷോഭത്തെ തുടർന്ന് 1937-ൽ 50 രൂപയിൽ നിന്ന് 5 രൂപ ഭൂനികുതി അടക്കുന്നവർക്ക് വോട്ടിനുള്ള അവകാശം ലഭിച്ചു. 1946-ലാണ് തിരുവതാംകൂറിൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാനുള്ള അവകാശം പ്രഖ്യാപിക്കുന്നത്. അങ്ങനെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ ആദ്യമായി പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കുന്ന രാജ്യമായി തിരുവതാംകൂർ മാറി. അതിൻപ്രകാരം തിരുവതാംകൂർ ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് 1948 മാർച്ചിലാണ്. ആദ്യം പ്രതിനിധി സഭയെന്നും പിന്നീട് ലെജിസ്ലേറ്റിവ് അസംബ്ലിയെന്നും പേരു മാറ്റിയ ഈ സഭയിൽ 120 അംഗങ്ങളാണ് ഉണ്ടായിരുന്നത്. വോട്ടുചെയ്യാനുള്ള പ്രായം 21 ആയിരുന്നു.

രണ്ട് പ്രത്യേകതകൾ ആ തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു.
ഒന്ന്: ആദ്യമായി വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് നടന്നത് ആ ഇലക്ഷനിലാണ്. അങ്ങനെ നായരും ഈഴവനും മുസ്ലീമും ക്രിസ്താനിയും ദലിതരും ജാതിഭേദമില്ലാതെ സർക്കാർ രേഖയിലായി.
രണ്ട്: ഇലക്ഷൻ നടപടികൾ തുടങ്ങിയതിനുശേഷം നീട്ടിവെച്ചൊരു തിരഞ്ഞെടുപ്പായിരുന്നു അത്. മഹാത്മഗാഡിയ്ക്ക് വെടിയേറ്റതിനെ തുടർന്ന് രണ്ടാഴ്ച തിരുവതാകൂറിലെ തിരഞ്ഞെടുപ്പ് നീട്ടിവെച്ചു. ഇതിനിടയിൽ ഗാന്ധിജിയുടെ ചിതാഭസ്മം ആദരപൂർവം മലയാള ഭൂവിലും എത്തിച്ചു. ജനസഹസ്രങ്ങൾ ബാഷ്പാഞ്ജലിയർപ്പിച്ചു.

കൊച്ചിയിലെയും മലബാറിലെയും ചരിത്രം പിന്നീടാകാം. വോട്ടുചെയ്ത ദിനത്തിൽ പ്രായപൂർത്തി വോട്ടവകാശത്തിനള്ള സമരങ്ങളെക്കുറിച്ചും അതിന് നേതൃത്വം കൊടുത്ത നേതാക്കളെയും ആദരപൂർവ്വം പ്രണമിക്കുന്നുവെന്നും കെ.ആര്‍.എല്‍.സി.സി. വക്താവ് ഷാജി ജോർജ്ജ് പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker