വൈവിധ്യങ്ങൾ സംരക്ഷിച്ച് ഐക്യത്തിൽ വളരാം: മാർ ക്ലീമിസ് ബാവ
വൈവിധ്യങ്ങൾ സംരക്ഷിച്ച് ഐക്യത്തിൽ വളരാം: മാർ ക്ലീമിസ് ബാവ
ബംഗളൂരു: വൈവിധ്യങ്ങൾ സംരക്ഷിച്ചുകൊണ്ടു മാത്രമേ ഐക്യത്തെ സംരക്ഷിക്കാൻ ഭാരതത്തിനും സഭയ്ക്കും സാധിക്കുകയുള്ളൂവെന്ന് സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. വൈവിധ്യങ്ങൾ വൈരുധ്യങ്ങളല്ല എന്ന് സഭ വിശ്വസിക്കുന്നുവെന്നും, വൈവിധ്യങ്ങൾ ഐക്യത്തിന്റെ സജീവമായ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ നടക്കുന്ന അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതിയുടെ ദ്വൈവാർഷിക സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു മാർ ക്ലീമിസ് കാതോലിക്ക ബാവ.
ഭാരതത്തിന്റെ സവിശേഷമായ പൈതൃക പാരമ്പര്യങ്ങളും ഇവിടുത്തെ ജീവിതസാഹചര്യങ്ങളും പശ്ചാത്തലങ്ങളും അതിന്റെ എല്ലാം മധ്യത്തിൽ ഭാരതത്തിലെ കത്തോലിക്കാ സഭയ്ക്കു നിർവഹിക്കാനുള്ള ശുശ്രൂഷയെക്കുറിച്ച് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാർ ഒരുമിച്ചു കൂടി പ്രാർഥനാപൂർവം ആലോചിക്കുന്ന ദിനങ്ങളാണിത്. ഭാരതത്തിന്റെ പൈതൃകത്തിന്റെ സമ്പന്നതയും അതിന്റെ ശ്രേഷ്ഠതയും ഏറെ ബഹുമാനത്തോടെ കാണുകയും ഭാരതത്തിന്റെ ഇതുവരെയുള്ള വളർച്ചയിൽ ഏറെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
എല്ലായ്പ്പോഴും ഭാരതസമൂഹത്തിന്റെ ജാതിക്കും മതത്തിനും ഭാഷയ്ക്കും അതീതമായി നിലകൊണ്ടുള്ള സഭയുടെ സമർപ്പണം ഈ പുതിയ കാലഘട്ടത്തിലും സന്തോഷപൂർവം തുടരുന്നതിനും അതിന്റെ പുനർസമർപ്പണം നടത്തുന്നതിനുമാണ് ഈ ദ്വൈവാർഷിക സമ്മേളനം നടത്തുന്നത്. യേശുക്രിസ്തുവിന്റെ തുടർച്ചയായ സഭ ഭാരതത്തിൽ നിർവഹിക്കേണ്ട സേവനങ്ങളെക്കുറിച്ചും ശുശ്രൂഷകളെക്കുറിച്ചും കൂടുതൽ ആഴത്തിൽ പഠിക്കുകയും പ്രാർഥിക്കുകയും വിലയിരുത്തുകയും പുനർസമർപ്പണം നടത്തുന്നതിനായി ഒരുങ്ങുകയുമാണ് ലക്ഷ്യംവയ്ക്കുന്നത്.
പ്രത്യേകിച്ചും ഇവിടെയുള്ള പാവപ്പെട്ട ജനതയോട് ഏറ്റവും ബന്ധം പുലർത്തിക്കൊണ്ട് ഒരു സുവിശേഷാത്മകമായ സമർപ്പണം സഭ ആഹ്രിക്കുന്നു. ഈ പ്രത്യേക പശ്ചാത്തലത്തിൽ ഭാരതത്തിന്റെ ദേശീയമായ വിഷയങ്ങൾ, ഭാരതത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളും അതിന്റെ വിലയിരുത്തലും ഭാരതത്തിലെ കോടിക്കണക്കിനായ സാധാരണക്കാരുടെ പ്രതിസന്ധികളും ഒപ്പം, ഭാരതത്തെ സമഗ്രതയിൽ കാണുന്നതിനുള്ള ജനാധിപത്യവ്യവസ്ഥിതിയിലുള്ള ഉത്സാഹവും അതിനെ ഉറപ്പിക്കാനുള്ള ശ്രമവുമെല്ലാം സഭയുടെ ഭാഗത്തുനിന്നുണ്ടാകും- ബാവ പറഞ്ഞു.
നന്മ ചെയ്യുന്നതിൽ, നന്മ കാണുന്നതിൽ, നന്മ പ്രോത്സാഹിപ്പിക്കുന്നതിൽ സഭ ഏതുവിഭാഗം ജനങ്ങളോടു ചേർന്നു പോകുന്നതിനും സന്നദ്ധമാണ്. ദേശീയത അതിന്റെ നന്മയിൽ, അതിന്റെ പൂർണമായ സമഗ്ര അർഥത്തിൽ സഭ താത്പര്യത്തോടെ കാണുന്നു.
എന്നാൽ, മതത്തിന്റെ പേരിൽ വിഭജനങ്ങൾ നടക്കുന്നതും മതത്തിന്റെ പേരിൽ ജനങ്ങൾ ഭിന്നിക്കുന്നതും വേദനയോടെ മാത്രമേ കാണാൻ സഭയ്ക്കു കഴിയൂ. അതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നതിന്, പ്രവർത്തിക്കുന്നതിന് സഭ ഒരുക്കമാണെന്നും സമർപ്പിതയാണെന്നും പൊതുസമൂഹത്തെക്കൂടി അറിയിക്കുന്നതിന് ഈ സന്ദർഭം ഉപയോഗിക്കുന്നുവെന്നും മാർ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.