വേറിട്ട ക്രിസ്തുമസ്സ് കരോൾ അനുഭവം നൽകി ആലപ്പുഴ പുത്തൻകാട് ഔർ ലേഡി ഓഫ് അസംഷൻ ഇടവക
ഭവനങ്ങൾ സന്ദർശിക്കുകയും രോഗികളെ ആശ്വസിപ്പിക്കുകയും ക്രിസ്തുമസ്സ് സമ്മാനം കൈമാറുകയും ചെയ്തു...
ജോസ് മാർട്ടിൻ
ആലപ്പുഴ: ക്രിസ്തുമസ് കാലത്തിന്റെ സന്ദേശവുമായി വീടുകൾ തോറും കയറിയിറങ്ങുമ്പോൾ വേറിട്ട ക്രിസ്തുമസ്സ് കരോൾ അനുഭവം നൽക്കുകയാണ് ആലപ്പുഴയിലെ പുത്തൻകാട് ഔർ ലേഡി ഓഫ് അസംഷൻ ഇടവക. ക്രിസ്തുമസ് ആഘോഷങ്ങളുടെയും കരോളിന്റെയും ഭാഗമായി സാന്താക്ലോസ് ഭവനങ്ങൾ സന്ദർശിക്കുകയും രോഗികളെ ആശ്വസിപ്പിക്കുകയും ക്രിസ്തുമസ്സ് സമ്മാനം കൈമാറുകയും ചെയ്തു.
ഇടവക ബി.സി.സി., കെ.സി.വൈ.എം. യൂണിറ്റുകളുടെ പങ്കാളിത്വത്തോടെയാണ് സാന്താക്ലോസിന്റെ യഥാർത്ഥമായ അരൂപിയും സന്ദേശവും പങ്കുവെക്കുന്ന സാക്ഷ്യമാക്കി ക്രിസ്തുമസ്സ് കരോൾ ആവിഷ്‌ക്കരിക്കപ്പെട്ടത്. ഇരുപത്തിരണ്ട് ഭവനങ്ങൾ സന്ദർശിക്കുകയും സാന്താക്ലോസിനെ സ്വീകരിച്ച എല്ലാ ഭവനങ്ങളിലും, പ്രത്യേകിച്ച് പ്രായമായവർക്ക് ഇത് വലിയൊരു അനുഭവവും അനുഗ്രഹവുമായി മാറിയെന്ന് ഇടവക വികാരി ഫാ. ജോൺസൻ പുത്തൻവീട്ടിൽ പറഞ്ഞു.
ക്രിസ്തുമസ്സ് രാവുകളിൽ കോമാളി വേഷംകെട്ടിയ സാന്താക്ലോസുമായി ചെകിടടപ്പൻ പാട്ടുകളുകളുടെ അകമ്പടിയോടെ വീടുകൾ തോറും കയറിയിറങ്ങി പത്തുകാശുണ്ടാക്കാനുള്ള അവസരമായി കാണുന്ന ക്ളബുകൾക്കും സംഘടനകൾക്കും മാതൃകയായി ഔർ ലേഡി ഓഫ് അസംഷൻ ഇടവകയിലെ കരോൾ.
ഇടവക ബി.സി.സി. കൺവീനർ ബൈജുവാണ് സാന്താക്ലോസായി വേഷമിട്ട് യുവജനങ്ങക്കൊപ്പം കരോളിനെ നയിച്ചത്.