വേമ്പനാട്ടു കായൽ തീരത്ത് നിന്ന് ഒരു സേക്രഡ് മ്യൂസിക്
ഗായക സംഘങ്ങൾക്ക് പാടി പഠിക്കുവാനുള്ള ട്യൂട്ടോറിയൽ വീഡിയോയും ഗാനത്തിനൊപ്പം റിലീസ് ചെയ്തിട്ടുണ്ട്...
സ്വന്തം ലേഖകൻ
എറണാകുളം: സേക്രഡ് മ്യൂസിക് (sacred music) എന്ന പേരിൽ ആരാധനാക്രമ സംഗീതത്തിനു മാത്രമായി യൂട്യൂബ് ചാനൽഒരുക്കി ഓൺലൈൻ സംഗീത രംഗത്ത് പുതുശാഖ തുറന്നിരിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ‘സ്വർഗ്ഗത്തിൽ വാഴും പിതാവേ…’ എന്നു തുടങ്ങുന്ന മനോഹരഗാനവുമായി വീണ്ടും വിശ്വാസികളുടെ മനസ് കീഴ്പ്പെടുത്തുന്നു. ആഗസ്റ്റ് 17-ന് യൂട്യൂബിൽ റിലീസ് ചെയ്ത ആബേലച്ചന്റെ ഗാനം കെ.കെ.ആൻറണി മാസ്റ്ററാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വേമ്പനാട്ട് കായലിന്റെ തീരത്തുള്ള വൈക്കം ഫൊറോനാ പള്ളി അതിന്റെ പൂർണ്ണ മനോഹാരിതയിൽ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയാണ് ഈ ഗാനത്തിന്റെ പ്രത്യേകത. മനോഹരമായ കായൽതീര കപ്പേളയും, പള്ളിയുടെ ഹരിതാഭമായ പരിസരങ്ങളും, നൂറ്റാണ്ടുകളുടെ പഴക്കമുള്ള അൾത്താരയുടെ ശില്പകലാ ചാതുര്യവുമൊക്കെ ‘സ്വർഗ്ഗത്തിൽ വാഴും…’ എന്ന പാട്ടിനെ അകമ്പടി സേവിക്കുമ്പോൾ, ഗാനം ഒരു സ്വർഗീയ അനുഭവമായി മാറുകയാണ്. അമ്മയുമായി ദേവാലയത്തിൽ പ്രവേശിക്കുന്ന ഒരു ബാലൻ ദേവാലയ സംഗീതത്തിൽ ആകൃഷ്ടനാവുകയും, ഗായകസംഘത്തിനൊപ്പം ചേരുകയും ചെയ്യുന്ന കഥയും ഗാനത്തിനൊപ്പം അനാവൃതമാവുന്നുണ്ട്.
വൈക്കം ഇടവക വികാരി ഫാ.ജോസഫ് തെക്കിനേന്റേയും, സഹവികാരി ഫാ.മാത്യു വാരിക്കാട്ടുമഠത്തിന്റെയും സഹകരണത്തോടെ ഫൊറോനാ പള്ളിയിലെ ഗായക സംഘമാണ് ചിത്രീകരണത്തിൽ പങ്കെടുത്തിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെയുടെ ആരാധനക്രമ സംഗീതവിഭാഗം ചുമതലയുള്ള എബി ഇടശ്ശേരി അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ചാനലിലൂടെ പുറത്തുവരുന്ന ഗാനത്തിന്റെ ഓർക്കസ്ട്രേഷനും പാർട്സുകളും ചെയ്തിരിക്കുന്നത് പ്രിൻസ് ജോസഫാണ്. ആരാധനക്രമ സംഗീതത്തിൽ കൂട്ടായ ആലാപനത്തിനാണ് പ്രാധാന്യമെന്നതിനാൽ ഗായക സംഘങ്ങൾക്ക് പാടി പഠിക്കുവാനുള്ള ട്യൂട്ടോറിയൽ വീഡിയോയും ഗാനത്തിനൊപ്പം റിലീസ് ചെയ്തിട്ടുണ്ട്. പ്രിൻസ് ജോസഫും, ഫാ.ചെറിയാൻ നേരേവീട്ടിലും ചേർന്നാണു ഗാനത്തിന്റെ ട്യൂട്ടോറിയൽ കൈകാര്യം ചെയ്തിരിക്കുന്നത്.
പിൽഗ്രിംസ് കമ്മ്യൂണിക്കേഷനിലെ ഫാ.ജേക്കബ് കോറോത്ത്, ഫാ.ജെയിംസ് തൊട്ടിയിൽ എന്നിവർ ചിത്രീകരണം നിർവഹിച്ച ഗാനം നിർമ്മിച്ചിരിക്കുന്നത് വൈക്കത്തുകാരനായ ആന്റെണി സ്കറിയ നെടിയടത്ത് ആണ്. സേക്രഡ് മ്യൂസിക് ചാനലിന്റെ സ്നേഹത്തിൻ മലരുകൾ തേടി എന്ന ആദ്യ ഗാനവും സോഷ്യൽ മീഡിയായിൽ തരംഗമായിരുന്നു.