Kerala

വെട്ടുകാട്‌ ദേവാലയം 31-ന്‌ ബിഷപ്‌ ഡോ. സൂസൈപാക്യം നാടിന്‌ സമർപ്പിക്കും

വെട്ടുകാട്‌ ദേവാലയം 31-ന്‌ ബിഷപ്‌ ഡോ. സൂസൈപാക്യം നാടിന്‌ സമർപ്പിക്കും

തിരുവനന്തപുരം: വെട്ടുകാട്‌ മാദ്രെ ദെ ദേവൂസ്‌ ദേവാലയം ഈ മാസം 30 ബുധനാഴ്‌ച തിരുവനന്തപുരം ആർച്ച്‌ ബിഷപ്‌ ഡോ.സൂസൈപാക്യം ആശീർവദിച്ച്‌ നാടിന്‌ സമർപ്പിക്കും.

                     കടൽക്കാറ്റ് വീശുന്ന മണൽപുറത്തുനിന്ന് ദേവലായത്തിനുള്ളിലേക്കു കടന്നാൽ ബൈബിളിലൂടെയൊരു ആത്മീയയാത്ര നടത്താം.  നവീകരിച്ച വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ദിവ്യാനുഭവത്തെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രൗഢിയും പാരമ്പര്യവും നിലനിർത്തി നവീകരിച്ച ദേവാലയം 3-ന് ആശീർവദിക്കപ്പെടുമ്പോൾ നാടിനിതു ചരിത്രനിയോഗം. 2010 മേയിൽ ആരംഭിച്ച നവീകരണപ്രവർത്തനങ്ങളാണു പൂർണതയിലേക്കെത്തുന്നത്. പുതിയ ദേവാലയമെന്ന സ്വപ്നം സാക്ഷാത്കരിച്ചതോടെ, പ്രശസ്ത തീർഥാടന കേന്ദ്രം കൂടിയായ വെട്ടുകാട് ദേവാലയത്തിന്റെ തിളക്കം ഇരട്ടിയായി. ദേവാലയത്തിലെ നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ വചനപ്രഘോഷണം നടത്തും.

മനസ്സ് നിറയ്ക്കുന്ന പുത്തൻ കാഴ്ചകൾ

ദൈവമാതാവിന്റെ സന്നിധിയിലേക്കെത്തുന്ന ഓരോ വിശ്വാസിയുടെയും മനസ്സ് നിറയ്ക്കുന്ന കാഴ്ചകളാണു ദേവാലയത്തിൽ കാത്തിരിക്കുന്നത്. ആത്മീയത പൂർണമായും അനുഭവവേദ്യമാക്കാൻ ബൈബിളിലെ മിക്ക സന്ദർഭങ്ങളും കാഴ്ചയുടെ നിറച്ചാർത്തായി ഒരുക്കിയിട്ടുണ്ട്. ദേവാലയത്തിനുള്ളിൽ മാത്രം 14,000 ചതുരശ്രയടിയിലധികം വിസ്തീർണമുണ്ട്. പാശ്ചാത്യ–പൗരസ്ത്യ കലകൾ ചേരുവകളാക്കിയാണു നവീകരണ ജോലികൾ പൂർത്തിയാക്കിയതെന്നു വികാരി ഫാ. നിക്കൊളസ് താർസിയൂസ് പറഞ്ഞു.

ദേവാലയത്തിലേക്കെത്തുന്ന വിശ്വാസികളെ കാത്തിരിക്കുന്നതു ക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ ചിത്രീകരണമുള്ള കൂറ്റൻ കവാടമാണ്. തൊട്ടുമുൻപിൽ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികളുള്ള മേൽത്തട്ട്. നിലത്ത് വിടർന്ന സൂര്യകാന്തിപ്പൂവിന്റെ ചിത്രം. പൂർണമായും ഇറ്റാലിയൻ മാർബിളാണു പള്ളിക്കുള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരുവശങ്ങളിൽ ബൈബിളിലെ ഉപമകളും അദ്ഭുതങ്ങളും പ്രതിപാദിക്കുന്ന 24 ഗ്ലാസ് പെയിന്റിങ്ങുകൾ.

കൊത്തുപണികളോടുകൂടി 16 ഘട്ടങ്ങളുള്ള കുരുശിന്റെ വഴി. ജനലുകളിൽ ജപമാലയുടെ രഹസ്യങ്ങളും അതിലെ 20 സംഭവങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ കൂദാശകളുടെയും ജീവകാരുണ്യപ്രവർത്തനങ്ങളുടെയും ഐക്കണുകളും കാണാം. 26 തൂണുകളിലായി ദൈവമാതാവ് ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടു രൂപങ്ങൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മുകൾത്തട്ടിൽ ബൈബിളിലെ പഴയനിയമത്തിലുള്ള 24 സംഭവങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി ഗ്രാമത്തിൽനിന്നുള്ള ചിത്രകാരൻ വില്യം പനിപ്പിച്ചയാണ് ഇവ വരച്ചത്. പള്ളിയുടെ രണ്ടു വശങ്ങളിലായി താബോറിലെ രൂപാന്തരീകരണവും യേശുവിന്റെ സ്നാനവും കൂറ്റൻ കലാസൃഷ്ടിയായി ഉയരും. ഗിരിപ്രഭാഷണം ഓടിൽ നിർമിച്ച രൂപങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൊടിമരം മഹാബലിപുരത്തു നിന്ന്

പള്ളിയുടെ മുൻപിലെ കൊടിമരം വ്യത്യസ്തമായ രീതിയിലാണു രൂപകൽപന ചെയ്തിട്ടുള്ളത്. മഹാബലിപുരത്തുനിന്നുള്ള കല്ലുകളിലാണു കൊടിമരം നിർമിച്ചത്. മുകൾഭാഗം നാലു കഷ്ണങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയാണു നിർമാണം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker