വെട്ടുകാട് ക്രിസ്‌തുരാജ ദൈവാലയ തിരുനാളിന് ഇന്ന് വൈകിട്ട് തുടക്കം
വെട്ടുകാട് ക്രിസ്‌തുരാജ ദൈവാലയ തിരുനാളിന് ഇന്ന് വൈകിട്ട് തുടക്കം
തിരുവനന്തപുരം∙ തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജ തേജസ്വരൂപ പ്രതിഷ്ഠയുടെ പ്ലാറ്റിനം ജൂബിലിയും തിരുനാളും ഇന്നു തുടങ്ങും. ഇനിയുള്ള ദിവസങ്ങളിൽ ക്രിസ്തുരാജന്റെ അനുഗ്രഹം തേടി വെട്ടുകാട്ടേക്കു തീർഥാടക സഹസ്രങ്ങൾ പ്രവഹിക്കും.
ഇന്നു വൈകുന്നേരമാണു വർണപ്പകിട്ടാർന്ന തിരുനാൾ കൊടിയേറ്റ്. രാവിലെ 6.15നും 11നും വൈകുന്നേരം നാലേകാലിനും സമൂഹ ദിവ്യബലി നടക്കും. വൈകുന്നേരം ആറിനാണു തിരുനാൾ കൊടിയേറ്റു കർമങ്ങൾക്കു തുടക്കം കുറിക്കുക.
ആയിരക്കണക്കിനു ഭക്തജനങ്ങളെ സാക്ഷിനിർത്തി വികാരി മോൺ. ഡോ. നിക്കൊളസ് താർസിയൂസ് കൊടി ഉയർത്തും. തുടർന്നു നടക്കുന്ന ക്രിസ്തുരാജ പാദ പൂജയോടെ ഇന്നത്തെ ചടങ്ങുകൾ അവസാനിക്കും.
നാളെ രാവിലെ ആറേകാലിനും 11നും വൈകുന്നേരം അഞ്ചരയ്ക്കും സമൂഹ ദിവ്യബലി. 19നു രാവിലെ ആറിനും എട്ടിനും പത്തരയ്ക്കും വൈകിട്ട് അഞ്ചിനുമാണു സമൂഹ ദിവ്യബലി. രാത്രി എട്ടിനു ക്രിസ്തുരാജ ഗാന സന്ധ്യ.
കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റും മലങ്കര യാക്കോബായ സഭാ നിരണം–തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. ഗീവർഗീസ് മാർ കൂറീലോസ് പ്രസംഗിക്കും. 20 മുതൽ 23 വരെ രാവിലെ ആറേകാലിനും 11നും വൈകുന്നേരം അഞ്ചരയ്ക്കും സമൂഹ ദിവ്യബലി.
24നു രാവിലെ ആറേകാലിനും ഒൻപതിനും 11നും മൂന്നിനും അഞ്ചിനും സമൂഹ ദിവ്യബലി. 25ന് ആറേകാലിനും എട്ടിനും പത്തരയ്ക്കും 11.30നും മൂന്നരയ്ക്കുമാണ് സമൂഹ ദിവ്യബലി. വൈകുന്നേരം ഏഴു മണിയോടെ ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. 26നു രാവിലെ അഞ്ചിനും ആറിനും ഏഴരയ്ക്കും സമൂഹ ദിവ്യബലി.
ഒൻപതരയ്ക്കുള്ള സമൂഹ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസന്റ് സാമുവൽ കാർമികത്വം വഹിക്കും. തുടർന്നു സ്നേഹവിരുന്ന്. വൈകുന്നേരം അഞ്ചിനുള്ള ദിവ്യബലിയിൽ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് കാർമികത്വം വഹിക്കും. ഡിസംബർ ഒന്നിനു തിരുനാളിനു കൊടിയിറങ്ങും.
തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലും കാട്ടാക്കട താലൂക്കിലെ 10 വില്ലേജുകളിലും ഇന്ന് ഉച്ചതിരിഞ്ഞു കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.