India

വെട്ടുകാടിന്റെ മകന്‍ ജോബി ജസ്റ്റിന്‍ ഇന്ത്യന്‍ ടീമില്‍

37 അംഗ ഇന്ത്യന്‍ ടീമിലാണ് തിരുവനന്തപുരം അതിരൂപതാംഗങ്ങളായ ജോബി ജസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടത്

ബിനോജ് അലോഷ്യസ്

ന്യൂഡല്‍ഹി: തീരത്തിന്റെ പൂഴിമണല്‍ കാല്‍ക്കരുത്തേകിയ വെട്ടുകാടിന്റെ മകന്‍ ഇന്ത്യന്‍ ടീമില്‍. ഹീറോ ഇന്‍റര്‍ കോണ്ടിനെന്റെല്‍ കപ്പിലാണ് തെരെഞ്ഞെടുക്കപെട്ടത്. 37 അംഗ ഇന്ത്യന്‍ ടീമിലാണ് തിരുവനന്തപുരം അതിരൂപതാംഗങ്ങളായ ജോബി ജസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ തീരുമാനം കാല്‍പന്ത് പ്രേമികളെ ആവേശഭരിതരാക്കിയിട്ടുണ്ട്. പലതവണ കഴിവുതെളിയിച്ചിട്ടും ജോബി ജസ്റ്റിനേയും കൂട്ടുകാരന്‍ സൂസൈരാജിനേയും മുന്‍ കോച്ച് കോണ്‍സ്റ്റന്‍റൈന്‍ തുടര്‍ച്ചയായി തഴയുകയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

കേരള ഫുട്ബോളിന്റെ കരുത്തായിരുന്ന തോമസ് സെബാസ്റ്റിയനെയും, വിനു ജോസിനെയും, ഇഗ്നേഷ്യസിനെയും സംഭാവന ചെയ്ത വെട്ടുകാടാണ് ജോബിയുടെയും ജന്മസ്ഥലം. പാളയം സെന്‍റ് ജോസഫ്സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫുട്ബോളും ജോബിയും പരസ്പരം തിരിച്ചറിയുന്നത്. വെട്ടുകാട് സെന്‍റ്മേരീസ് സ്പോര്‍ട്സ് ക്ലബ്ബിലൂടെ കളിച്ചു വളര്‍ന്നു. പിന്നീട് എം.ജി. കോളജില്‍ പഠിക്കുമ്പോള്‍ 2 തവണ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചു. ഡിഗ്രി പഠനത്തിന്‍റെ ആദ്യ 2 വര്‍ഷങ്ങളില്‍ ടൈറ്റാനിയത്തിന്റെ അതിഥിതാരമായെങ്കില്‍ അവസാനവര്‍ഷം കെ.എസ്.ഇ.ബി. ജോബിയെ ജോലിക്കെടുത്തു. 20 വയസായിരുന്നു അന്ന് പ്രായം.

കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബി.ക്കു വേണ്ടി കളിക്കുമ്പോഴാണ് കൊല്‍ക്കത്തയിലെ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ ജോബിയെ നോട്ടമിടുന്നത്. കെ.എസ്.ഇ.ബി.യില്‍ നിന്നും അവധിയെടുത്ത് ഇന്ത്യന്‍ ഫുട്ബോളിന്‍റെ മെക്കയിലേക്കു പറക്കാന്‍ ജോബി മടിച്ചില്ല. ആ തീരുമാനം ശരിയായിരുന്നു. വിംഗ് ബാക്ക് പൊസിഷനില്‍ നിന്നും മുന്നേറ്റനിരയിലേക്കെത്തിയ ജോബിയുടെ ബൂട്ടുകള്‍ക്ക് വിശ്രമമില്ലായിരുന്നു.

2018-ല്‍ ഐ ലീഗില്‍ ഗോളടിച്ചുകൂട്ടി ടോപ് സ്കോററായി. ഈസ്റ്റ് ബംഗാളിനായി 17 മത്സരങ്ങളില്‍ ഒന്‍പത് ഗോളുകളാണ് ജോബി വലയിലെത്തിച്ചത്. ലീഗില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന ഗോള്‍വേട്ടയാണിത്. ഐ ലീഗില്‍ നിന്നും ഐ.എസ്.എല്ലി. ലേക്കുള്ള വരവ് അങ്ങനെയായിരുന്നു. ഗ്ലാമര്‍ ക്ലബ്ബായ അത്ലറ്റികോ കൊല്‍ക്കൊത്ത 90 ലക്ഷം രൂപയ്ക്ക് ജോബിയെ റാഞ്ചിയത്. 2017-ല്‍ കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചു. അന്ന് റെയില്‍വേക്കെതിരേ ജോബി നേടിയ ഹാട്രിക് ഇന്നും ഫുട്ബോള്‍ ഐ.എസ്.എല്ലി.ന്റെ വിശാല ലോകത്ത് മായാതെ നിൽപ്പുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker