വിശ്വാസ സത്യങ്ങൾ കൃത്യതയോടെ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി വൈദീക വിദ്യാർത്ഥികളുടെ ഓൺലൈൻ മാഗസ്സിൻ “കാർലോ വോയ്സ്”
ലോകം മുഴുവനുമുള്ള ക്രൈസ്തവരിൽ എത്തിചേരണമെന്ന ചിന്തയാലാണ് ഇത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്...
സ്വന്തം ലേഖകൻ
ആദിലാബാദ്: തെറ്റായ പഠനങ്ങൾ പകർന്നുകൊടുക്കുന്നതിൽ ധാരാളം ആൾക്കാർ മത്സരിക്കുകയാണ് ഇന്ന് കത്തോലിക്കാസഭയിൽ. ഏറെ പ്രത്യേകിച്ച് സോഷ്യൽ മീഡിയാ ഇത്തരക്കാരുടെ വിളനിലമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെയും, വിശ്വാസ സത്യങ്ങളെയും കൃത്യതയോടെ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി വൈദീക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ “കാർലോ വോയ്സ്” എന്ന ഓൺലൈൻ മാഗസ്സിൻ രൂപം കൊണ്ടിരിക്കുന്നത്.
സൈബർ ലോകത്തെ അപ്പസ്തോലനായി അറിയപ്പെടുന്ന ധന്യനായ ‘കാർലോ അക്വറ്റിസി’ന്റെ മാധ്യമ സുവിശേഷവൽക്കരണ തീക്ഷ്ണത മനസിലാക്കിയ കാർലോ അക്വറ്റിസിന്റെ മാതാവ് അന്റോണിയാ അക്വറ്റിസിന്റെ വാക്കുകളുടെ പ്രചോദനത്താലാണ് ഈ സംരഭത്തിന് തുടക്കം കുറിച്ചതെന്ന് “കാർലോ വോയ്സ്” മാഗസീന് ചുക്കാൻ പിടിക്കുന്ന ദൈവശാസ്ത്ര വൈദിക വിദ്യാർത്ഥികളായ ബ്രദർ എഫ്രേം കുന്നപ്പള്ളിയും, ബ്രദർ ജോൺ കണയാങ്കനും പറയുന്നു. ആദിലാബാദ് രൂപതയിൽ ഒന്നാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥിയാണ് ബ്രദർ എഫ്രേം കുന്നപ്പള്ളി, കോതമംഗലത്ത് രണ്ടാം വർഷ ദൈവശാസ്ത്ര വിദ്യാർത്ഥിയാണ് ബ്രദർ ജോൺ കണയാങ്കൻ. ഇവർ തന്നെയാണ് ഈ മാഗസ്സിന്റെ ചീഫ് എഡിറ്റേഴ്‌സും.
ഇന്ന് മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ വിശ്വാസ സത്യങ്ങളെ തെറ്റായി ജനങ്ങൾക്ക് പകർന്നു കൊടുക്കുന്നത്തിൽ വിജയിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളതെന്നും, ഈ സാഹചര്യത്തിൽ 2 തിമോത്തിയസ് 4: 2-5 വരെയുള്ള വാക്യങ്ങളെ മാർഗ്ഗദീപമായി സ്വീകരിച്ചുകൊണ്ടാണ് കത്തോലിക്കാ സഭയുടെ പഠനങ്ങളെ വിശ്വാസികൾക്ക് പകർന്നു കൊടുക്കുവാനായി “കാർലോ വോയ്സ്” എന്ന മാഗ്ഗസിൻ പ്രസിദ്ധികരിക്കുന്നതെന്നും, സെമിനാരി റെക്ടർ ഫാ.ജോസഫ് ഒറ്റപുരക്കലിന്റെ പ്രചോദനവും നിർദേശങ്ങളുമാണ് ഈ സംരംഭത്തിന്റെ ആരംഭത്തിന് കാരണമായതെന്നും അവർ പറഞ്ഞു.
ഈ ഓൺലൈൻ മാഗസ്സിൻ ലോകം മുഴുവനുമുള്ള ക്രൈസ്തവരിൽ എത്തിചേരണമെന്ന ചിന്തയാലാണ് ഇത് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്. അദിലാബാദ് രൂപതാ അദ്ധ്യക്ഷൻ മാർ പ്രീൻസ് ആന്റണി പാണേങ്ങാടൻ പിതാവിന്റെ തീക്ഷണത നിറഞ്ഞ ജീവിതമാണ് തങ്ങൾക്ക് ഈ സംഭരമത്തിന് ഏറ്റവും വലിയ പ്രചോദനമെന്നും, ‘ഈ മാഗസ്സിൻ കാലത്തിന് ഏറ്റവും വലിയ ദൈവിക സമ്മാനമാണന്ന്’ പറഞ്ഞ ജെറുസേലം ലത്തീൻ പാത്രിയർക്കീസയുടെ വാക്കുകൾ വലിയ അംഗീകാരമാണെന്നും, ‘തീർച്ചയായും കത്തോലിക്കാ ക്രൈസ്തവർ ഈ മാഗസ്സിൻ വായിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യണം’ എന്ന പൂനൈ രൂപതാദ്ധ്യക്ഷൻ തോമസ് ടാബരെ പിതാവിന്റെ വാക്കുകളും ഞങ്ങൾക്ക് ധൈര്യപൂർവ്വം മുന്നോട് പോകാനുള്ള ശക്തി നൽകുന്നതായും ബ്രദർ എഫ്രേം പറഞ്ഞു.
‘കാർലോയുടെ സഹോദരന്മാർ’ എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന ബ്രദർ എഫ്രേമും, ബ്രദർ ജോണും യുടൂബ് ചാനലിലൂടെയും കാർലോയുടെ മിഷൻ തുടർന്നു കൊണ്ടുപോകുന്നുനണ്ട്. Carlo voice എന്നയുടൂബ് ചാനലും ഇതിനകം ശ്രദ്ധയാകർഷിച്ചിരിക്കുന്നു. https://carlovoice.com/ എന്ന വെബ്സൈറ്റിൽ മാഗസ്സിൻ Subscribe ചെയ്യാവുന്നതാണ്.