വിശ്വാസിയും വികാരിഅച്ചനും വിശുദ്ധ കുര്‍ബാനയും
വിശ്വാസിയും വികാരിഅച്ചനും വിശുദ്ധ കുര്‍ബാനയും
ജോസ് മാർട്ടിൻ
വികാരിയച്ചൻ: ചേട്ടനെയും കുടുംബത്തെയും കുറച്ചുനാളായി പള്ളിയിൽ കാണുന്നില്ലല്ലോ എന്ത് പറ്റി?
വിശ്വാസി: അച്ചാ ഞങ്ങൾ ഇപ്പോൾ ഓൺലൈനിലാ കുർബാനകാണുന്നത്. അതുവഴി കർത്താവിന്റെ ഒത്തിരി അനുഗ്രഹങ്ങൾ നേടുന്നുമുണ്ട്!!!
വികാരിയച്ചൻ: അതെങ്ങിനെയാ ചേട്ടാ, തിരുശരീര രക്തങ്ങൾ സ്വീകരിക്കാതെ ബലി പൂർണ്ണമാകുന്നത് ?
വിശ്വാസി: അച്ചന് ഇപ്പൊഴത്തെ പുതിയ രീതികൾ അറിയാത്തത് കൊണ്ടാണ്. അച്ചൻ ഈ ഫേസ്ബുക്കും വാട്സാപ്പും ഒന്നും കാണാറില്ലേ! അതിൽ ഒരു പ്രശസ്ഥ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരു സ്വന്തം ഫോട്ടോ ഉൾപ്പെടെ ഇട്ട് പറയാറുണ്ടല്ലോ നിങ്ങൾ ഓൺലൈനായി ഞാൻ അർപ്പിക്കുന്ന വിശുദ്ധ കുർബാന കാണുക അതിൽ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്റെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ!!!
വികാരിയച്ചൻ: ചേട്ടാ അങ്ങനെയൊന്നുമല്ല, ഒരു വിശ്വാസി ഞാറാഴ്ച്ചകളിലും കടമുള്ള ദിവസങ്ങളിലും ദേവാലയത്തില്‍ പുരോഹിതനോടൊപ്പം സമൂഹമായി ദിവ്യബലി അർപ്പിച്ച് വിശുദ്ധ കുർബാന സ്വീകരിക്കണം. അതാണ് സഭ പഠിപ്പിക്കുന്നത്. അല്ലാതെ T. V. യിലും ഫേസ്ബുക്കിലും, വാട്സാപ്പിലും വിശുദ്ധ കുർബാന കണ്ടാൽ??? അത് പൂർണമാവില്ല. ചേട്ടൻ മതബോധന ക്ലാസുകളിൽ പഠിച്ചിട്ടില്ലേ ?
ദേവാലയത്തില്‍ വന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള പ്രായമായവര്‍ T.V യിലും മറ്റും വിശുദ്ധ കുര്‍ബാന കാണാറുണ്ട് ശരിതന്നെ, പക്ഷേ ഇങ്ങനെയുള്ളവര്‍ക്ക് ദിവ്യകാരുണ്യം ഇടവക പള്ളികളില്‍ നിന്ന് അച്ചന്മാര്‍ വീട്ടില്‍ ചെന്ന് നല്‍കാറുണ്ട്. അതുപോലെതന്നെ ഇങ്ങനെ ഉള്ളവര്‍ക്കുവേണ്ടി പ്രത്യേക ദിവ്യബലികളും നമ്മുടെ പള്ളികളില്‍ അര്‍പ്പിക്കപ്പെടാറുണ്ട്.
വിശ്വാസി: അച്ചൻ പറയുന്നത് ശരിയാണെങ്കിൽ എന്ത് കൊണ്ട് ഞങ്ങളെ പോലെ സാധാരണ വിശ്വാസികളെ വഴിതെറ്റിക്കുന്ന ഈ പരസ്യങ്ങൾക്കെതിരെ സഭാ നേതൃത്വം നടപടികള്‍ സ്വീകരിക്കാത്തത്? അച്ചൻ പഴയ ആളാണ്, അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്. ഒരു പ്രയോജനവും ഇല്ലെങ്കിൽ ലക്ഷകണക്കിന് ആൾക്കാർ അനുഗ്രഹം തേടി ദിനംപ്രതി ഓണ്‍ലൈനില്‍ എത്തുമോ? അതാണ് ശരി. നമ്മുടെ പള്ളിയിൽ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുത്ത എത്രപേർ അനുഗ്രഹങ്ങള്‍ നേടിയിട്ടുണ്ട് എന്ന് അച്ചനു പറയാമോ ?
വികാരിയച്ചൻ: ചേട്ടാ ആദ്യം ദിവ്യബലി എന്താണെന്നു മനസിലാക്കുക. ഗോതമ്പ് അപ്പവും മുന്തിരിച്ചാറും, പുരോഹിതന്‍ അപ്പോസ്തലന്‍മാരുടെ പിന്‍ഗാമിയായ മെത്രാന്റെ കൈവെപ്പിലുടെ തനിക്ക് ലഭ്യമാക്കപ്പെട്ട കൗദാശിക അധികാരത്താല്‍, പരിശുദ്ധാത്മാവിന്റെ ആവാസത്താല്‍ തിരുശരീര രക്തങ്ങളായി പവിത്രീകരിക്കപ്പെടുന്നു. ലോകമെമ്പാടും ദിനംപ്രതി അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അത് ചെറിയ കപ്പേളയില്‍ ആയാലും ബസലിക്കാകളില്‍ ആയാലും ധാരാളം അത്ഭുതങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നത് ഫേസ്ബുക്കിലും, വാട്സാപ്പിലും ചേട്ടന്‍ കാണുന്നില്ലേ?
ചിലരുടെ സ്വാർഥ ലാഭങ്ങൾക്ക് വേണ്ടി, പ്രശസ്തിക്കു വേണ്ടി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിലെ ഓരോ വിശ്വാസിയുടെയും ചോദ്യമാണ്…
എന്താണ് വിശുദ്ധ കുർബാന?
പെസഹാ രഹസ്യത്തിന്റെ സമ്മോഹന കൂദശയായ വിശുദ്ധ കുര്‍ബാനയില്‍ നിന്നാണ് സഭ ജന്മമെടുക്കുന്നതും പോഷണം സ്വീകരിക്കുന്നതും. യേശുക്രിസ്തു ഇഹലോകജീവിതത്തില്‍നിന്നും പിതാവിന്റെ പക്കലേക്ക് കടന്നുപോകാന്‍ ഒരുങ്ങുമ്പോള്‍ തന്റെ മണവാട്ടിയായ സഭക്ക് കരുതിവച്ച ജീവദായക രഹസ്യമാണ് വിശുദ്ധ കുര്‍ബാന.
ടെലിവിഷനിലൂടെയോ, മൊബൈല്‍ഫോണിലൂടെയോ വിശ്വാസികള്‍ക്ക് അനുഗ്രഹം പ്രാപിക്കാന്‍ ഒരുക്കുന്ന ലൈവ് ഷോകള്‍ അല്ല വിശുദ്ധ കുര്‍ബാന.
ജ്ഞാനസ്നത്തിലൂടെ ക്രിസ്തുവിന്‍റെ പൊതു പൗരോഹത്യത്തില്‍ പങ്കാളികളായ വിശ്വാസികൾ, തിരുപ്പട്ടം എന്ന കൂദാശയിലൂടെ ശുശ്രൂഷാ പൗരോഹത്യത്തിനായി ഭരമേല്‍പ്പിക്കപ്പെട്ട വൈദീകനുമൊത്ത് സ്വര്‍ഗത്തെയും ഭൂമിയെയും ഒരുമിപ്പിക്കുന്ന ബലിഅര്‍പ്പണവേദിയായ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുമ്പോഴേ ബലി പൂര്‍ണമാവുകയുള്ളൂ. കുര്‍ബാന “കാണാന്‍ ഉള്ളതല്ല” ബലിയര്‍പ്പണത്തിലുള്ള “യഥാര്‍ഥ ഭാഗഭാഗിത്വമാണ്” ബലിയുടെ ഫലത്തിനു അര്‍ഹരാക്കുന്നത്.
വൈദീകനുമൊത്ത് അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വളരെയേറെ ശക്തി ഉണ്ട് എന്നു വ്യക്തമാക്കുന്ന ഒരു സംഭവം ഇങ്ങനെ:
അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന മദര്‍ തെരേസ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ അറിയപ്പെട്ടു തുടങ്ങിയ സമയത്ത് പല മുതിര്‍ന്ന ലോകനേതാക്കന്‍മാരും മദര്‍ തെരേസയെ പല നല്ലസന്ദേശങ്ങളും നിര്‍ദേശങ്ങളും ലോകത്തിനു നല്‍കുന്നതിനു വേണ്ടി വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ ആരുവന്നാലും മദര്‍ ആവശ്യപെടുന്ന ഒരു കാര്യം ‘എവിടെ പോയാലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ഉള്ള സൗകര്യം, പിന്നെ അതിനു വേണ്ടി ഒരു വൈദികനും’ ഉണ്ടാവണം എന്നുള്ളതായിരുന്നു. ഇതില്‍ എടുത്തുകാട്ടുന്നത് മദറിനു വിശുദ കുര്‍ബനയോടുള്ള പറയാനാകാത്ത സ്നേഹമാണ്. അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഒരു ക്രിസ്തിയാനി അല്ലാത്ത ഒരു വ്യക്‌തി മദറിനോട് ചോദിച്ചു: എന്തിനാണ് മദര്‍ ദിവസവും രാവിലെ പള്ളിയില്‍ പോയി വെറുതെ സമയം കളയുന്നത്, ആ സമയവും കൂടി തെരുവിലേക്ക് ഇറങ്ങി പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിച്ചു കൂടെ? അപ്പോള്‍ മദര്‍ മറുപടി പറഞ്ഞു: സ്നേഹിതാ ഞാന്‍ വെറുതെ സമയം കളയുന്നതല്ല, എനിക്ക് ദിനവും കുര്‍ബാനയില്‍ പങ്കുകൊണ്ടു വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോളാണ് എനിക്ക് ഈശോയില്‍ നിന്നും ദിനവും മറ്റുള്ളവരെ സ്നേഹിക്കാനുള്ള സ്നേഹം പകര്‍ന്നു കിട്ടുന്നത്. എനിക്ക് കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ ആ സ്നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും എനിക്ക് കഴിയില്ല.