ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
പിതൃസന്നിധിയിലേക്കുള്ള യാത്രാമധ്യേ യേശു നടത്തുന്ന ആദ്യപീഡാനുഭവപ്രവചനത്തെ തുടർന്നുവരുന്ന അവിടുത്തെ രൂപാന്തരീകരണം സഭയുടെ സ്വഭാവത്തെ കൂടുതൽ ആഴത്തിൽ വിശദമാക്കുന്നു. യേശു ആറുദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കു പോയി. അവൻ അവരുടെ മുന്പിൽ വച്ച് രൂപാന്തരപ്പെട്ടു. ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലർ ഇവിടെ നില്ക്കുന്നവരിലുണ്ടെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു എന്ന വാക്യത്തിലെ “ചിലർ” യേശു മലമുകളിലേക്കു കൂട്ടിക്കൊണ്ടുപോയ ശിഷ്യർ തന്നെ.
ആറു ദിവസങ്ങൾക്കുശേഷമാണു യേശു മലമുകളിലേക്കു പോയത് എന്നു പറയുമ്പോൾ ആറു ദിവസംകൊണ്ടു സകലതും സൃഷ്ടിച്ച വചനത്തിന്റെ ചിത്രം മനസിൽ തെളിയേണ്ടതാണ്. ഈ ലോകം സുന്ദരമാണെങ്കിലും അതുവിട്ടു മുകളിലേക്കു കയറുന്നവരാണു ദൈവരാജ്യത്തിന്റെ മഹത്വവും സ്വർഗരാജ്യത്തിന്റെ തിളക്കവും അനുഭവിക്കുന്നത്. മൂന്നു ശിഷ്യന്മാർ അതിന്റെ മാതൃകകളാണ്.
അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി: ഹിപ്പോയിലെ മെത്രാനായിരുന്ന വിശുദ്ധ അഗസ്റ്റിൻ പ്രകാശംപോലെ ധവളമായ വസ്ത്രത്തെ തിരുസഭയായിക്കരുതി വ്യാഖ്യാനിക്കുന്നു. അവിടുന്നു സഭയെ വസ്ത്രമായി അണിഞ്ഞിരിക്കുന്നു. അവിടുത്തെ തിളങ്ങുന്ന വസ്ത്രമാണു സഭ. എന്തെന്നാൽ അവിടുന്നു സഭയെ കഴുകി വൃത്തിയാക്കിയിരിക്കുന്നു. “നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും’’ എന്നായിരുന്നല്ലോ പ്രവാചകന്റെ വാക്കുകൾ.
വിശുദ്ധ അഗസ്റ്റിന്റെ വ്യാഖ്യാനത്തെ സാധൂകരിക്കുന്നതാണു വിശുദ്ധ പത്രോസിന്റെ വാക്കുകൾ. “നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയ പുരോഹിതഗണവും വിശുദ്ധജനവും ദൈവത്തിന്റെ സ്വന്തം ജനവുമാണ്.’’ നിയമാവർത്തനപുസ്തകത്തിൽ “നിങ്ങളുടെ ദൈവമായ കർത്താവിന് നിങ്ങൾ വിശുദ്ധജനമാണ് ’’ എന്ന പ്രഖ്യാപനം ഇവിടെ ചേർത്തുവായിച്ചാൽ കാലങ്ങളായി സഭയെ രൂപപ്പെടുത്താൻ ദൈവത്തിന്റെ പരിപാലന എങ്ങനെ പ്രവർത്തിച്ചുവെന്നു വ്യക്തമാകും. പൗലോസ് അപ്പസ്തോലനും വിശുദ്ധരുടെ കൂട്ടായ്മയെ വിശുദ്ധരുടെ സഭ എന്നാണല്ലോ വിശേഷിപ്പിച്ചിരുന്നത്.
ദൈവവുമായി ബന്ധപ്പെടുന്പോഴാണ് മനുഷ്യരും മറ്റു വസ്തുക്കളും വിശുദ്ധമാകുന്നത്. യേശുക്രിസ്തുവഴി പിതാവുമായി ബന്ധപ്പെട്ട സഭ അതിനാൽ വിശുദ്ധമാണ്. പാപത്തിൽനിന്നും അതിനു സഹായിക്കുന്ന സാഹചര്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറുകവഴി ഒരുവന് തന്റെ വിശുദ്ധി സംരക്ഷിക്കാൻ സാധിക്കും. പൂർണഹൃദയത്തോടെ ദൈവത്തെ കാംക്ഷിക്കുന്ന ജീവിതമാണത്. “ചെമ്പിൽ ക്ലാവ് എന്നതുപോലെയും ശരീരത്തിൽ അഴുക്കെന്നതുപോലെയും തിന്മ ഒരുവന്റെ സ്വഭാവത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ചെമ്പുപാത്രം നിർമിക്കുന്ന ആളല്ല ക്ലാവുണ്ടാക്കിയത്, ഒരു കുട്ടിയുടെ മാതാപിതാക്കളല്ല അവന്റെ ദേഹത്തെ അഴുക്കിനും കാരണക്കാർ.
ഇതുപോലെ തിന്മയെ സൃഷ്ടിച്ചതു ദൈവമല്ല. തിന്മ തനിക്കു ശിക്ഷാകരവും ഹാനികരവുമാണെന്നു മനസിലാക്കി അതിനെ ഒഴിവാക്കേണ്ടതിനു ദൈവം മനുഷ്യന് അറിവും വിവേകവും നല്കിയിട്ടുണ്ട്”.
സന്യാസികളുടെ പിതാവെന്നു പരക്കെ അറിയപ്പെടുന്ന വിശുദ്ധ അന്തോണിയുടെ പ്രസ്തുത ഉപദേശം വിശുദ്ധിയിൽ ജീവിക്കാനും ദൈവത്തോടു ചേർന്നു നില്ക്കാനും മനുഷ്യരുടെ എത്രമാത്രം അധ്വാനം ആവശ്യമാണെന്നു വ്യക്തമാക്കുന്നു.
പിതാവിന്റെ ആലയം പണിതുയർത്താൻ രൂപപ്പെടുത്തിയ ശിലകളാണ് ഓരോ വിശ്വാസിയും എന്നാണ് അന്ത്യോക്കിയായിലെ വിശുദ്ധ ഇഗ്നേഷ്യസ് എഫേസൂസിലെ സഭാവിശ്വാസികളെ വിശേഷിപ്പിക്കുന്നത്. അവർ ക്രിസ്തുവിന്റെ കുരിശിനാലും പരിശുദ്ധാത്മാവിനാലും ഉയർത്തപ്പെടുന്നു. വിശ്വാസമാണ് അവരുടെ ശക്തി. സഹയാത്രികരോടൊപ്പം അവിടുത്തെ ആലയങ്ങളാകാൻ വിശുദ്ധിയിൽ നിറഞ്ഞ് ക്രിസ്തുവിൽ ആയിരിക്കുവാൻ വിശുദ്ധ ഇഗ്നേഷ്യസ് ഉദ്ബോധിപ്പിക്കുന്നു.
ത്രിത്വത്തിന്റെ തിരുമുഖദർശനവും ആ വാസസ്ഥലവും ലക്ഷ്യംവച്ച യാത്രികരാണു നമ്മൾ. ജീവിതവിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ ദർശിക്കാൻ സാധിക്കില്ല എന്നോർക്കണം. രൂപാന്തരീകരണസമയത്തു സ്വർഗത്തിൽ നിന്നുള്ള ശബ്ദം കേട്ടു ശിഷ്യന്മാർ കമിഴ്ന്നുവീണുവെന്നും കമിഴ്ന്നുവീണ ശിഷ്യന്മാർ ഭയവിഹ്വലരായി എന്നും സുവിശേഷകൻ എഴുതുന്നു. അവർ വീണതു മണ്ണിലേക്കാണ്. മണ്ണിൽനിന്നു വന്നവർ മണ്ണിലേക്കുതന്നെ മടങ്ങണം.
എന്നാൽ പിടിച്ചെഴുന്നേൽപ്പിക്കാൻ ഒരു രക്ഷകൻ – യേശു അടുത്തുണ്ട്. അവിടുന്നു വീഴുന്നവരെ പിടിച്ചെഴുന്നേല്പിക്കുന്നവനാണ്. അവൻ വീഴുന്നവരെ ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്കും നിത്യമായ ജീവനിലേക്കും നയിക്കും; മോസസിനെപ്പോലെ സൗമ്യനും ഏലിയായെപ്പോലെ തീക്ഷ്ണതയുള്ളവനുമാക്കി നമ്മെ അവിടുന്നു മാറ്റും; അങ്ങനെ അവിടുത്തെ തിളങ്ങുന്ന വസ്ത്രത്തിലെ അംഗങ്ങളാകും നമ്മൾ ഓരോരുത്തരും.
സർവത്ര വ്യാപാരമായ ഇന്ന് അതുണ്ടാക്കുന്ന ഒച്ചപ്പാടുകളുടെ ഇടയിൽനിന്നു ശാന്തിയുടെയും ആത്മസംയമനത്തിന്റെയും ദിനങ്ങളിലേയ്ക്കുള്ള ചുവടുമാറ്റം സഭ നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന കാലമാണിത്. പ്രതീക്ഷകൾ മാംസംധരിക്കട്ടെ ഈ നല്ല ദിനങ്ങളിൽ!
Related