Sunday Homilies

വിശ്വാസജീവിതത്തിന് മാർഗ്ഗനിർദ്ദേശം

തിരുസഭയിൽ മാത്രമല്ല, നമ്മുടെ വ്യക്തിജീവിതത്തിലും വചനത്തിന്റെ അടിസ്ഥാനവും, പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും ഉണ്ടാകണം

പെസഹാക്കാലം ആറാം ഞായർ

ഒന്നാം വായന: അപ്പൊ.പ്രവ. 15:1-2,22-29
രണ്ടാം വായന: വെളിപാട് 21:10-14,22-23
സുവിശേഷം: വി.യോഹന്നാൻ 14:23-29

ദിവ്യബലിയ്ക്ക് ആമുഖം

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട,നിങ്ങൾ ഭയപ്പെടുകയും വേണ്ട” എന്ന യേശുവിന്റെ വചനത്തോടെയാണ് ഈ പെസഹാക്കാലം ആറാം ഞായറിൽ തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ആദിമസഭയിലെ പരിച്‌ഛേദനത്തെ സംബന്ധിക്കുന്ന തർക്കത്തെ പരിഹരിച്ച് യേശുവിൽ വിശ്വസിക്കുന്ന പുതിയ സഭാ സമൂഹങ്ങളെ ധൈര്യപ്പെടുത്തുന്ന അപ്പോസ്തലന്മാരെ ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിക്കുന്നു. നമ്മുടെ വിശ്വാസത്തിനും പ്രതീക്ഷകൾക്കും മകുടം ചാർത്തുന്ന സ്വർഗീയ ജെറുസലേമിനെക്കുറിച്ചുള്ള വിവരണം വെളിപാടിന്റ പുസ്തകത്തിൽ നിന്നുള്ള രണ്ടാം വായനയിൽ നാം ശ്രവിക്കുന്നു. തിരുവചനം ശ്രവിക്കവും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

ഇന്ന് നാം ശ്രവിച്ച സുവിശേഷം യേശുവിന്റെ ശിഷ്യനായ യൂദാസിന്റെ (യൂദാസ്‌ക്കറിയോത്ത അല്ല) ചോദ്യത്തിന് യേശു നൽകിയ ദീർഘമായ മറുപടിയാണ്. യൂദാസിന്റെ ചോദ്യം ഇതായിരുന്നു: ‘കർത്തവേ, നീ നിന്നെ ഞങ്ങൾക്ക് വെളിപ്പെടുത്താൻ പോകുന്നു. എന്നാൽ ലോകത്തിന് വെളിപ്പെടുത്തുകയില്ല എന്ന് പറയുന്നതെന്താണ്?’ യൂദാസിന് യേശു നൽകുന്ന മറുപടിയിൽ നമ്മുടെ വിശ്വാസജീവിതത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്ന മർമ്മ പ്രധാനമായ മൂന്ന് കാര്യങ്ങളുണ്ട്. നമുക്ക് അവയെ വിചിന്തന വിധേയമാക്കാം.

1) വചനം പാലിക്കുക:

“എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും” എന്ന് പറഞ്ഞുകൊണ്ട് ദൈവവചനത്തെ ജീവിതത്തിൽ മുറുകെ പിടിക്കാൻ യേശു നമ്മോട് ആവശ്യപ്പെടുന്നു. യേശുവിനെ സ്നേഹിക്കുന്നുവെന്ന് പറയുകയും, അഥവാ ക്രിസ്ത്യാനി എന്ന് പറയുകയും എന്നാൽ, യേശുവിന്റെ വചനങ്ങളെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്ന ഒരു തലമുറയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിത്. തിരുവചനത്തിലും തിരുശരീര രക്തങ്ങളിലും ആണ് യേശു നമുക്ക് പ്രാപ്തനാകുന്നത്. ഇവയുടെ നിരന്തരമായ സ്വീകരണം നമ്മെ ‘ഉത്തമ വിശ്വാസികൾ’ ആക്കി മാറ്റും എന്നതിൽ സംശയം വേണ്ട. മറ്റൊരർഥത്തിൽ, യേശുവിന്റെ വചനം പാലിക്കുക എന്നതിന് അവന്റെ കൽപ്പനകൾ പാലിക്കുക എന്നും അർത്ഥമുണ്ട്. തിരുവചനം നമ്മുടെ ആത്മീയപോക്ഷണമാണ്, തിരുവചനത്തിൽ നിന്നുള്ള അകൽച്ച നമ്മെ ആത്മീയമായി ശോഷിപ്പിക്കും എന്നതിൽ സംശയമില്ല.

2) സഹായകനായ പരിശുദ്ധാത്മാവ്:

യേശുവിന്റെ മറുപടിയിലെ രണ്ടാമത്തെ കാര്യം, നമ്മുടെ ആത്മീയ ജീവിതത്തിന് സഹായകനായി പരിശുദ്ധാത്മാവിനെ പിതാവ് അയക്കുമെന്ന വാഗ്ദാനമാണ്. പരിശുദ്ധാത്മാവിന്റെ ദൗത്യമാകട്ടെ എല്ലാകാര്യങ്ങളും നമ്മെ പഠിപ്പിക്കുകയും, യേശുവിന്റെ വചനങ്ങളെ വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുക എന്നതാണ്. യേശുവിനോടൊപ്പം ജീവിച്ച്, യേശുവിനെ കണ്ടുംകേട്ടും ജീവിച്ച ശിഷ്യന്മാർക്ക് യേശു സ്വർഗ്ഗത്തിലേക്ക് പോയതിനുശേഷം സഹായകനായി പരിശുദ്ധാത്മാവിനെ നൽകും എന്നു പറയുന്നത് എന്തുമാത്രം ആശ്വാസം നൽകിയിരിക്കണം എന്ന് നമുക്ക് ഊഹിക്കാം. സഹായകനായ പരിശുദ്ധാത്മാവിനെ ദൗത്യം യേശുവിന്റെ ജീവിതത്തെയും വചനത്തെയും പ്രഘോഷിക്കാനും, യേശുവിലുള്ള വിശ്വാസത്തിൽ ആഴപ്പെടാനും നമ്മെ സഹായിക്കുന്നു.

ഇന്നത്തെ തിരുസഭയെയും, സഭാ പ്രവർത്തനങ്ങളെയും, ഈ ലോകത്തിൽ സഭയുടെ സ്ഥാപനത്തെയും മനസ്സിലാക്കിയാൽ യേശുവിന്റെ ഈ വാക്കുകൾ എത്ര പ്രവചനപരമാണെന്ന് മനസ്സിലാകും. എവിടെയൊക്കെയാണോ തിരുസഭ തന്നെ സാന്നിധ്യമറിയിക്കുന്നത് അവിടെയൊക്കെ തിരുവചനത്തിൽ അടിസ്ഥാനവും, പരിശുദ്ധാത്മാവിനെ പ്രവർത്തനവും ഉണ്ട്. തിരുസഭയിൽ മാത്രമല്ല, നമ്മുടെ വ്യക്തിജീവിതത്തിലും വചനത്തിന്റെ അടിസ്ഥാനവും, പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും ഉണ്ടാകണം. സഭയിലെ കൂദാശകളിൽ ഭാഗഭാഗിത്വം വഹിക്കുന്നതിലൂടെ തിരുവചനത്തോടും പരിശുദ്ധാത്മാവിനോടുമുള്ള നമ്മുടെ ബന്ധം സഭ ഉറപ്പുവരുത്തുന്നു.

3) സമാധാനം, ധൈര്യം, പ്രതീക്ഷ:

യേശുവിന്റെ മറുപടിയിലെ മൂന്നാമത്തെ ഘടകമാണ് (ഘടകങ്ങളാണ്) സമാധാനവും, ധൈര്യവും, പ്രതീക്ഷയും. “ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു” – ഇന്നും നാം ദിവ്യബലിയിൽ ശ്രവിക്കുന്ന യേശുവിന്റെ വാക്കുകൾ, സമാധാനം ആഗ്രഹിക്കുന്ന ഒരു ലോകത്തിന് നൽകുന്ന യേശുവിനെ ഉറപ്പാണ്. “ലോകം” നൽകുന്നത് പോലെ അല്ല ഞാൻ നൽകുന്നത്. അതായത്, ലോകത്തിന്റെ സമാധാനവും യേശു നൽകുന്ന സമാധാനവും തമ്മിൽ വ്യത്യാസമുണ്ട്. ഈ ലോകത്തിൽ സമാധാനം നിലനിൽക്കുന്നത് ആ ആയുധങ്ങളിലൂടെയും, പകരംവീട്ടലിലൂടെയും, പരസ്പരം ഭയപ്പെടുത്തുന്നതിലൂടെയുമാണ്. എന്നാൽ, യേശു നൽകുന്ന സമാധാനം പരസ്പര ക്ഷമയിലൂടെയും പരസ്പര ധാരണയിലൂടെയുമാണ്. ഇന്നത്തെ ഒന്നാം വായനയിലും തത്തുല്യമായ ഒരു സമാധാന പ്രക്രിയ നാം കണ്ടു. യൂദയായിൽ നിന്നുള്ള ക്രിസ്ത്യാനികൾ പരിച്‌ഛേദത്തിലൂടെ മാത്രമേ രക്ഷ സാധ്യമാകൂ എന്ന് അനാവശ്യ വിവാദവും, അശാന്തിയും ഉണ്ടാക്കിയപ്പോൾ ജറുസലേം സുനഹദോസ് കൂടി പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ ഉചിതമായ തീരുമാനമെടുത്ത അപ്പോസ്തലന്മാർ, യഹൂദരല്ലാത്ത ക്രിസ്ത്യാനികളുടെമേൽ അനാവശ്യമായ ഭാരം അടിച്ചേൽപ്പിക്കാതെ ക്രിസ്ത്യാനിയായിരിക്കുന്നവന് പരിച്‌ഛേദനം ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ട് സഭയിൽ സമാധാനം സ്ഥാപിക്കുന്നു.

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ നിങ്ങൾ ഭയപ്പെടുകയും വേണ്ട” – പ്രതീക്ഷയുടെ ഈ തിരുവചനങ്ങൾ അന്ന് ശിഷ്യന്മാരെ മാത്രമല്ല, ഇന്ന് വിശ്വാസത്തിന്റെ പേരിൽ ആകുലപ്പെടുന്ന ഓരോ ക്രൈസ്തവനോടും യേശു പറയുന്നതാണ്. ഇന്നത്തെ രണ്ടാം വായനയിൽ നാം ശ്രവിച്ച സ്വർഗ്ഗീയ ജെറുസലേമിനെക്കുറിച്ചുള്ള വിവരണം ഈ പ്രതീക്ഷയുടെ അടയാളമാണ്. യേശുതന്നെ ദേവാലയമായി മാറുന്ന നമ്മുടെ സ്വർഗീയ ഭവനം, യേശു നമുക്കായി ഒരുക്കിയിരിക്കുന്നു.

യേശുവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിനായി നാം ഒരുങ്ങുമ്പോൾ, ജാഗരൂകതയോടും, അതേസമയം ഭയം ഇല്ലാതെയും നമ്മുടെ വിശ്വാസ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഇന്നത്തെ തിരുവചനം നമ്മെപഠിപ്പിക്കുന്നു. നമുക്കും തിരുവചനം പാലിക്കാം, പരിശുദ്ധാത്മാവിനെ ദാഹിക്കാം, പ്രതീക്ഷയുള്ളവരായിരിക്കാം.

ആമേൻ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker