വിശ്വാസം വിനോദമല്ല നിലപാടുകളാണ്
വ്യത്യസ്തമായ ഒരു നിലപാട്, വ്യത്യസ്തതയും ഭിന്നതയും ഉണ്ടാക്കുന്നു...
ആണ്ടുവട്ടം ഇരുപതാം ഞായർ
ഒന്നാം വായന: ജെറമിയ 38:4-6,8-10
രണ്ടാം വായന: ഹെബ്രായർ 12:1-4
സുവിശേഷം: വി.ലൂക്കാ 12:49-53
ദിവ്യബലിക്ക് ആമുഖം
നമ്മുടെ ആത്മീയ ജീവിതത്തെ ‘ഓട്ടപ്പന്തയ’മായി ചിത്രീകരിച്ചുകൊണ്ട് സ്ഥിരോത്സാഹത്തോടെ യേശുവിനെ മുന്നിൽകണ്ടുകൊണ്ട് ഓടാൻ ഇന്നത്തെ രണ്ടാം വായനയിലൂടെ വി.പൗലോസ് അപ്പോസ്തലൻ നമ്മെ ആഹ്വാനം ചെയ്യുന്നു. ഓട്ടപ്പന്തയമാകുന്ന ആത്മീയ ജീവിതത്തിൽ നാമെങ്ങനെ ഓടണമെന്നും, ആരുടെ കൂടെ നിൽക്കണമെന്നും, എന്ത് നിലപാടുകളാണ് സ്വീകരിക്കേണ്ടതെന്നും ഒന്നാം വായനയിലെ ജെറമിയ പ്രവാചകന്റെ ജീവിതവും, ഇന്നത്തെ സുവിശേഷവും നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കുവാനും ബലി അർപ്പിക്കുവാനുമായി നമുക്കൊരുങ്ങാം.
ദൈവ വചന പ്രഘോഷണ കർമ്മം
കരുണയുടെയും ദീനാനുകമ്പയുടെയും സ്ഥാനത്ത് നാമിന്ന് പതിവിന് വ്യത്യസ്തമായ വചനഭാഗം ശ്രവിച്ചു. യേശു ‘തീ’യെക്കുറിച്ചും, വിഘടനത്തെക്കുറിച്ചും സംസാരിക്കുന്നു. ആദ്യമേ തന്നെ നമുക്ക് മനസ്സിലാക്കാം “ഈ തിരുവചനങ്ങൾ” അവിശ്വാസികളെ വിമർശിക്കുന്നതിനെയും, പീഡിപ്പിക്കുന്നതിനെയും, ആക്രമിക്കുന്നതിനെയും, ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതല്ല. മറിച്ച്, ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവൻ യേശുവിന്റെ പീഡാനുഭവത്തിലും മരണത്തിലും ഉത്‌ഥാനത്തിലും സ്വന്തം ജീവിതത്തിലൂടെ പങ്കാളിയാകുമ്പോൾ അനുഭവിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളെ യേശു വെളിപ്പെടുത്തുകയാണ്. ആത്മീയ ജീവിതപരിപോഷണത്തിനായി നമുക്ക് ഈ വചനങ്ങളെ വിചിന്തനം ചെയ്യാം.
സമാധാനമല്ല ഭിന്നതകൾ
സുവിശേഷത്തിന്റെ ആദ്യംതന്നെ യേശു പറയുകയാണ് “ഭൂമിയിൽ തീ ഇടാനാണ് ഞാൻ വന്നത്”. ബൈബിളിൽ ‘തീ’ എന്നത് ദൈവ സാന്നിധ്യത്തിന്റെ അടയാളം കൂടിയാണ്. സ്വയം അശുദ്ധമാകാതെ മറ്റെല്ലാത്തിനെയും ശുദ്ധിയാക്കുന്നതാണ് ‘തീ’. യേശു പറയുന്നത് ‘തീ’ ദൈവവചനവും സ്നേഹവുമാണ്. വെറും സ്നേഹമല്ല ദൈവസ്നേഹവും, പരസ്പര സ്നേഹവും ഈ തീയിൽ ഒരുമിച്ചിരിക്കുന്നു. ഈ ദൈവവചനത്തിലെ ‘തീ’യാണ് യേശു ഈ ലോകത്തിൽ കത്തിച്ചത്. അത് കത്തി ജ്വലിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. തന്റെ ജീവിതത്തിലൂടെയും, ദീനാനുകമ്പയിലൂടെയും, അത്ഭുതത്തിലൂടെയും, അവസാനം രക്തരൂക്ഷിതമായ പീഡാനുഭവത്തിലൂടെയും, മരണത്തിലൂടെയും യേശു ഈ ഭൂമിയിൽ കത്തിജ്വലിച്ചു. യേശു സ്വീകരിക്കേണ്ടിയിരുന്ന സ്നാനം അവന്റെ പീഡാനുഭവവും മരണവുമാണ്.
ഈ തിരുവചന യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലാവണം സുവിശേഷത്തിലെ “ഭിന്നത” എന്ന വാക്കിനെ നാം മനസ്സിലാക്കേണ്ടത്. ഒരുവൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കുമ്പോഴാണ്, അവിടെ വ്യത്യസ്തതയും ഭിന്നതയും ഉണ്ടാകുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന സമാധാനം തിന്മയെയും, അനീതിയെയും പൈശാചികതയെയും അസത്യത്തെയെയും പരിപോഷിപ്പിക്കുന്ന “അഡ്ജസ്റ്റ്മെന്റ് സമാധാനം” ആണെങ്കിൽ അവിടെ നാമും നമ്മുടെ ഇടവകയും ചേർന്ന് യേശുവിനു വേണ്ടി നിലപാടെടുക്കണം. ഈ ഭിന്നത നന്മയും-തിന്മയും, ശരിയും-തെറ്റും, നീതിയും-അനീതിയും- സത്യവും-അസത്യവും, എല്ലാറ്റിനുമുപരി “യേശുവും പൈശാചികതയും” തമ്മിലുള്ള ഭിന്നതയാണ്. ഇവിടെ നാം “ആരുടെ കൂടെ” അല്ലെങ്കിൽ “ആർക്കെതിരെ” നിൽക്കുന്നു എന്നതാണ് പ്രധാനം. യേശുവിനോട് കൂടെ നിൽക്കുമ്പോൾ നന്മയാഗ്രഹിക്കുന്നവരുമായി സമാധാനം സ്ഥാപിക്കാൻ കഴിയും. എന്നാൽ, തിന്മയുമായി നമുക്കൊരിക്കലും ഒരുമിച്ചു പോകാൻ സാധിക്കില്ല. കുടുംബബന്ധങ്ങളിൽ പോലും ഈ ഭിന്നത കടന്നുവരുമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.
എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസം വ്യത്യസ്ത ഗ്രാമങ്ങളിലേക്കും, പ്രദേശങ്ങളിലേക്കും, വർഗങ്ങളിലേക്കും, സമൂഹങ്ങളിലേക്കും പടർന്നുപിടിച്ചപ്പോൾ സംഭവിച്ച ഭിന്നതയും, വിശ്വാസ പീഡനവും യേശു മുൻകൂട്ടി കാണുന്നു. ഇന്ന് യേശുവിന്റെ വചനമാകുന്ന “തീ” ലോകം മുഴുവനും പടരുമ്പോൾ നമുക്ക് ആത്മപരിശോധന നടത്താം; എന്ത് നിലപാടാണ് സ്വീകരിക്കുന്നത്?
ഒന്നാമതായി; നമ്മുടെ ആത്മീയ ജീവിതത്തിൽ യേശുവിനോടൊപ്പം ചേർന്ന് നിന്ന് പാപത്തിനെതിരെ “ഭിന്നിക്കുവാൻ” എനിക്ക് സാധിക്കുന്നുണ്ടോ?
രണ്ടാമതായി; എന്റെ സമൂഹത്തിൽ (ഇടവകയിൽ) യേശുവിനുവേണ്ടി ഗൗരവമായി നിലപാടെടുത്തുകൊണ്ട് സമൂഹതിന്മയ്ക്ക് എതിരെയും, അനീതിക്കെതിരെയും “ഭിന്നിക്കുവാൻ” സാധിക്കുന്നുണ്ടോ? നമുക്ക് ഓർമ്മിക്കാം വിശ്വാസം ഒരു വിനോദമല്ല, അതൊരു നിലപാടാണ്- ഗൗരവമുള്ള നിലപാട്.
രാജാവിനെതിരെ “ഭിന്നിച്ച” ജെറമിയ പ്രവാചകൻ
ദൈവത്തിനുവേണ്ടി നിലപാടെടുത്ത്, തത്ഫലമായി രാജാവിനെതിരെയും പ്രഭുക്കന്മാർക്കെതിരെയും ഭിന്നിച്ച ജെറമിയ പ്രവാചകന്റെ ജീവിതം നാമിന്ന് ഒന്നാമത്തെ വായനയിൽ ശ്രവിച്ചു. സെദക്കിയ രാജാവിന്റെ അനുവാദത്തോടെ അവന്റെ പ്രഭുക്കന്മാർ ജെറമിയ പ്രവാചകനെ കിണറ്റിൽ തള്ളുന്നു. കാരണം, രാജാവിന്റെയും പ്രഭുക്കന്മാരുടെയും ആഗ്രഹത്തിന് വിപരീതമായി, എന്നാൽ ദൈവത്തിന്റെ വെളിപാട് അനുസരിച്ച് “ജെറുസലേം പട്ടണവും, രാജ്യവും ബാബിലോൺ രാജാവ് (നബുക്കത്ത്നേസർ) പിടിച്ചെടുക്കുമെന്ന് ജെറമിയ പ്രവചിക്കുന്നു”. എന്നാൽ ഈജിപ്തിലെ രാജാവിനോട് കൂട്ടുകൂടാൻ ആഗ്രഹിച്ച സെദക്കിയ രാജാവിന് അത് ഇഷ്ടപ്പെടുന്നില്ല. രാജാവും കൂട്ടാളികളും ചേർന്ന്, അവരുടെ ആഗ്രഹത്തിനു വിപരീതമായി പ്രവചിച്ച ജെറമിയായെ കുറ്റവാളിയാക്കി മരിക്കാനായി കിണറ്റിലിട്ടു. എന്നാൽ, രാജാവ് പിന്നീട് രഹസ്യമായി പ്രവാചകനെ രക്ഷിക്കുന്നു.
രാജാവും, പ്രവാചകനും തമ്മിലുള്ള ഭിന്നിപ്പിന്റെ അവസാനമെന്താണെന്ന് നോക്കാം. ജെറമിയ പ്രവചിച്ചതുപോലെ ബി.സി. 586-ൽ നബുക്കത്ത്നേസർ ജെറുസലേം പട്ടണം പിടിച്ചടക്കി, രാജാവിന്റെ മുൻപിൽ വച്ച് അവന്റെ പ്രഭുക്കന്മാരെ വധിച്ചു, സെദക്കിയായുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു, അടിമയാക്കി മാറ്റി. എന്നാൽ, ജെറമിയ പ്രവാചകന് യാതൊരു ഉപദ്രവവും വരുത്താതെ ശത്രുരാജാവ് പോലും സംരക്ഷിച്ചു (ജെറമിയ 38-40).
ദൈവത്തിനുവേണ്ടി നിലപാടെടുത്തവനെ ദൈവം നയിക്കുന്നതും, സംരക്ഷിക്കുന്നതും, രക്ഷിക്കുന്നതും എങ്ങനെയാണെന്ന് ഇന്നത്തെ ഒന്നാം വായന നമ്മെ പഠിപ്പിക്കുന്നു. ഇന്നത്തെ തിരുവചനങ്ങൾ ദൈവത്തിനുവേണ്ടി നിലകൊണ്ട്, തിന്മക്കെതിരെ നിലപാടെടുക്കുവാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു.
ആമേൻ