“വിശ്വാസം നാം ശ്വസിക്കുന്ന വായുപോലെയാണ്”; ഫ്രാൻസിസ് പാപ്പാ
"വിശ്വാസം നാം ശ്വസിക്കുന്ന വായുപോലെയാണ്"; ഫ്രാൻസിസ് പാപ്പാ
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ: വിശ്വാസം നാം ശ്വസിക്കുന്ന വായുപോലെയാണെന്ന് യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനില്‍ സംഗമിച്ച അള്‍ത്താര ശുശ്രൂഷകരുടെ രാജ്യന്തര സംഗമത്തിൽ വിശ്വാസത്തെക്കുറിച്ച് ഒരു ജര്‍മ്മന്‍കാരി യുവതിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാപ്പാ.
ഇന്ന് ദൈവവും മതവും വേണ്ടെന്ന ചിന്ത ലോകത്ത് ഉയര്‍ന്നു വരുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. മറുപടിയായാണ് “വിശ്വാസം നാം ശ്വസിക്കുന്ന വായുപോലെയാണെന്ന്” പാപ്പാ പറഞ്ഞത്. വിശ്വാസം മനുഷ്യന് അനിവാര്യമാണെന്നും, വിശ്വാസമുള്ളതുകൊണ്ടാണ് ഒരു മനുഷ്യന്‍ ജീവിക്കാൻ സാധിക്കുന്നതെന്നും വായു ഇല്ലെങ്കില്‍ ശ്വാസം നിലയ്ക്കുന്നതുപോലെയാണ് മനുഷ്യന് വിശ്വാസവും എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വായു മലീമസമായാല്‍ തന്നെ ശ്വാസതടസ്സം നേരിടുന്നു. അതുപോലെ, ജീവിതത്തിന് അര്‍ത്ഥം തരുന്നത് വിശ്വാസമാണ്. വിശ്വാസം സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് എന്നും പാപ്പാ ഓർമ്മിപ്പിച്ചു.
വിശ്വാസം നമ്മെ ദൈവമക്കളാക്കുന്നു. അങ്ങനെ, ദൈവത്തെ നാം നമ്മുടെ സ്രഷ്ടാവും രക്ഷകനുമായി അംഗീകരിക്കുന്നതാണു വിശ്വാസം. നാം ദൈവത്തെ സ്നേഹിക്കുകയും, നമ്മുടെ ജീവിനെ ദൈവത്തിന്‍റെ ദാനമായി അംഗീകരിക്കുകയും വേണം. ദൈവം നമ്മോടു ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ നാമും ദൈവികൈക്യത്തില്‍ ജീവിക്കാനും വളരാനും ആഗ്രഹിക്കണം. ദൈവത്തില്‍ വിശ്വാസമില്ലാതെ നാം അവിടുത്തെ മക്കളാണെന്ന് അവകാശപ്പെടാനാവില്ല എന്നും പാപ്പാ അൾത്താര ശുശ്രുഷകരോട് ആഹ്വാനം ചെയ്തു.