Articles

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; ഒരു ദേശത്തിന്റെ തിരുനാൾ

കുറവിലങ്ങാട്ടു പള്ളിയിലെ വിശുദ്ധന്റെ രൂപം അർത്തുങ്കൽ നിന്നു കൊണ്ടുവന്നതാണെന്ന് ഒരു വാചിക പാരമ്പര്യം ആ നാട്ടിൽ പ്രചാരത്തിലുണ്ട്...

രാജു ശ്രാമ്പിക്കൽ

ലോക വിശുദ്ധരിൽ, കേരളത്തിൽ ഏറ്റവും അധികം ഭക്തരുള്ള വിശുദ്ധനാണ് സെന്റ് സെബാസ്റ്റ്യൻ. വിശുദ്ധന്റെ തിരുനാൾ മതങ്ങളുടെ സൗഹൃദ സംഗമത്തിന്റെ തിരുനാൾ കൂടിയാണ്. നാനാ ജാതി മതസ്ഥർ തിരുനാൾ ആഘോഷിക്കുവാൻ ഒന്നിച്ചു കൂടുന്നു.

അർത്തുങ്കൽ കാഞ്ഞൂർ അതിരമ്പുഴ കുറവിലങ്ങാട് തുടങ്ങിയ പള്ളികൾ വളരെ ആർഭാടത്തോടെയാണ് ഈ തിരുനാൾ കൊണ്ടാടുന്നത്. ഈ ദേവാലയങ്ങൾ മറ്റ് വിശുദ്ധരുടെ പേരിലാണെങ്കിലും, പ്രസക്തി സെബസ്ത്യാനോസിന്റെ പേരിലാണ്. ഒട്ടുമിക്ക പള്ളികളിലും വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നു.

അർത്തുങ്കൽ, കാഞ്ഞൂർ, അതിരമ്പുഴ എന്നീ പള്ളികളിൽ സ്ഥാപിച്ചിട്ടുള്ള തിരുസ്വരൂപങ്ങൾ, ലിയനാർഡ് ഗൊൻ സാൽവസ് ഡിക്രൂസ് എന്ന നാവികൻ പോർട്ടുഗലിൽ നിന്ന് കൊണ്ടുവന്നിട്ടുള്ളതാണ്. കുറവിലങ്ങാട്ടു പള്ളിയിലെ വിശുദ്ധന്റെ രൂപം അർത്തുങ്കൽ നിന്നു കൊണ്ടുവന്നതാണെന്ന് ഒരു വാചിക പാരമ്പര്യം ആ നാട്ടിൽ പ്രചാരത്തിലുണ്ട്.

AD 288 ജനുവരി 20 നാണ് വിശുദ്ധന്റെ രക്തസാക്ഷിത്വം. ലോകമെമ്പാടും കത്തോലിക്ക സഭയിൽ തിരുനാൾ ഇന്നേ ദിവസം ആഘോഷിക്കുമ്പോൾ ചില പാരസ്ത്യ ഓർത്തഡോക്സ് സഭകൾ ഡിസംബർ 18 നാണ് ഓർമ തിരുനാൾ ആഘോഷിക്കുന്നത്

അമ്പ് പെരുനാൾ:
കേരളത്തിൽ പല ഭാഗങ്ങളിലും അമ്പ് പെരുനാൾ ആഘോഷിക്കുന്നു. ഈ പെരുനാൾ കിസ്തുമസിനെ തുടർന്നുള്ള ആഴ്ചയിൽ ആരംഭിക്കുകയും ഈസ്റ്ററിനു മുമ്പുള്ള 50 നോമ്പിനു മുമ്പായി അവസാനിക്കുകയും ചെയ്യും. അമ്പെയ്ത് വിശുദ്ധനെ വധിക്കാൻ ശ്രമിച്ചതിന്റെ ഓർമക്കായി “അമ്പ് ” ഒരു പ്രധാന അടയാളമായി വിശ്വാസികൾ കണക്കാക്കുന്നു. വാദ്യവും മേളവും ആട്ടവുമായി പ്രദക്ഷിണങ്ങളും ദ്വീപാലങ്കാരവും കരിമരുന്നു പ്രയോഗവും തിരുനാളിന്റെ ഒഴിച്ചു കൂടുവാനാവാത്ത ഘടകങ്ങളാണ്.

വീടുകൾക്കു മുന്നിൽ വാഴയുടെ പിണ്ടി കുഴിച്ചിടുകയും അതിൽ അലങ്കരിക്കുകയും ചെയ്യുന്നതു കൊണ്ട് പിണ്ടി പെരുന്നാൾ എന്ന് ചില ഇടങ്ങളിൽ അറിയപ്പെടുന്നുണ്ട്. മകര മാസത്തിൽ ആഘോഷിക്കുന്നതുകൊണ്ട് മകരം പെരുനാൾ എന്നും അറിയപ്പെടുന്നു. എല്ലാ വിശ്വാസികൾക്കും തിരുനാൾ ആശംസകൾ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker