വിശുദ്ധ യാക്കോബ് അപ്പോസ്തോലന്റെ തിരുന്നാൾ
വിശുദ്ധ യാക്കോബ് അപ്പോസ്തോലന്റെ തിരുന്നാൾ
ഫാദർ ജോസഫ് സേവ്യർ
വിശുദ്ധ യാക്കോബ് അപ്പോസ്തോലന്റെ തിരുന്നാൾ ആഗോള കത്തോലിക്കാ സഭ ജൂലൈ 25-ന് ആഘോഷിക്കുകയാണ്. ഏവർക്കും തിരുന്നാൾ മംഗളങ്ങൾ ആശംസിക്കുന്നു.
ഗലീലിയ കടൽ തീരത്തു വല നന്നാക്കിയിരുന്ന സെബദിയുടെ പുത്രനും യോഹന്നാന്റെ സഹോദരനുമായ യാക്കോബിനെ യേശു തന്റെ ശിഷ്യ ഗണത്തിലേക്ക് ക്ഷണിക്കുകയാണ്. യേശുവിന്റെ സ്നേഹമസ്രണമായ വിളിയുടെ സ്വാധീനത്താലും, അവിടുന്ന് നൽകിയ മോഹന വാഗ്‌ദാനത്താലും ആകൃഷ്ടനായി യാക്കോബ് ഗലീലതടാകത്തിലെ തോണിയിൽ നിന്നും യേശുവിന്റെ ശിഷ്യത്വത്തിന്റെ തോണിയിലേക്ക് സർവ്വതുമുപേക്ഷിച്ച് ഒരു കുതിച്ചു ചാട്ടം നടത്തുകയാണ്.
യേശു നൽകിയ മോഹന വാഗ്ദാനം യാക്കോബിന്റെ ഹൃദയത്തിൽ അലയടിച്ചിരുന്നു. മൽസ്യം പിടിച്ചിരുന്ന നിന്നെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉദ്യോഗ കയറ്റം ലഭിച്ച ഉദ്യോഗാർത്ഥിയുടെ മുഖ പ്രസന്നതയും ഹൃദയത്തിൽ മൊട്ടിട്ടു വിടർന്ന സ്വപ്നങ്ങളും യാക്കോബിനെ യേശുവിലേക്കു നടന്നടുക്കാൻ പ്രചോദനം നൽകി.
യാക്കോബിനെയും യോഹന്നാനെയും ഇടിനാദത്തിന്റെ പുത്രന്മാർ എന്നാണ് വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുക. ഈ അപരനാമത്തിൽ അറിയപ്പെട്ടിരുന്ന യാക്കോബിന്റെ സ്വഭാവത്തിന്റെ പ്ര്യത്യേകതകൾ പേര് കൊണ്ട് തന്നെ സുവ്യക്തമാണ്. കൊടുങ്കാറ്റിന്റെ ആവേശവും, അൽപ്പം എടുത്തു ചാട്ടവും, സ്വാർത്ഥ മോഹങ്ങളും, തീവ്രവാദ ചിന്തകളും കൈ മുതലാക്കിയ യാക്കോബ് ശ്ലീഹ യേശുവിന്റെ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കുവാനുള്ള വ്യഗ്രതയിൽ വ്യാപൃതനായിരുന്നു. മനുഷ്യരെ പിടിക്കുക എന്ന ആത്മാർത്ഥമായ ആഗ്രഹം മാത്രമേ തീക്ഷണമതിയായ യാക്കോബ് ശ്ലീഹായുടെ മനസ്സിന്റെ ഉള്ളറകളിൽ നിറഞ്ഞു നിന്നുള്ളൂ.
സത്യത്തിൽ, ബോർഡ് നോക്കാതെ ബസ്സിൽ കയറിയ ഒരു യാത്രക്കാരന്റെ മാനസികാവസ്ഥയാണ് മനുഷ്യരെ പിടിക്കുവാൻ ആഗ്രഹിച്ച യാക്കോബ് സ്ലീഹായ്ക്കുണ്ടായിരുന്നത്. തന്റെ ആവനാഴിയിലെ അഭ്യാസങ്ങളുപയോഗിച്ച് ലക്‌ഷ്യം നേടുവാൻ യാക്കോബ് ശ്ലീഹ തീരുമാനമെടുത്തു. എന്നാൽ, യേശുവിന്റെ പാഠശാലയിലെ പരീക്ഷ വിജയിച്ചാലേ യാക്കോബ് ശ്ലീഹായ്ക്കു മനുഷ്യരെ പിടിക്കുവാനുള്ള യോഗ്യത ലഭ്യമാകൂ. ലൂക്കാ 9:53 -ൽ ഈ പരീക്ഷയെ കുറിച്ചുള്ള വിശദീകരണം നാം വായിക്കുന്നു. ജെറുസലേമിലേക്കു യാതചെയ്ത യേശുവിനെ സ്വീകരിക്കാത്ത സമരിയക്കാരുടെ തീഷ്ണ മനോഭാവത്തിൽ നിയന്ത്രണം വിട്ടു കോപിഷ്ടനായ യാക്കോബ് ശ്ലീഹ സ്വർഗത്തിൽ നിന്നും അഗ്നിയിറക്കി സമരിയക്കാരെ നശിപ്പിക്കുവാൻ യേശുവിനോടു പറയുന്നുണ്ട്. തുടർന്ന്, യേശുവിന്റെ ശക്തമായ ശാസനക്കു പാത്രീഭുജനായി തോൽവി ഏറ്റു വാങ്ങി. യേശു നൽകിയ വിളിക്കു ഘടക വിരുദ്ധമായ വികാര വിക്ഷോഭങ്ങളുടെ നടുവിൽ യേശുവിന്റെ മുൻപിൽ പരാജയപ്പെടുന്ന ക്രിസ്തു ശിഷ്യൻ.
യോഹന്നാൻ 10-ൽ നാം വായിക്കുന്നു ‘ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും ആണ്’. ക്രൈസ്തവരായ നാം തിരസ്കരിക്കപ്പെടുമ്പോൾ, അവഗണിക്കപ്പെടുമ്പോൾ നമ്മുടെ മനസ്സുകളിൽ ഉണ്ടാകുന്ന ഇത്തരം ബലഹീന പ്രതികരണങ്ങൾ നമ്മെ ആത്മപരിശോധനയിലേക്കും അനുതാപത്തിലേക്കും നയിക്കേണ്ടവയാണ് എന്ന കാര്യം നാം വിസ്മരിക്കരുത്. ‘നന്മ നിറഞ്ഞവരോട് ക്ഷമയും, കരുണയും, വിട്ടുവീഴ്ച മനോഭാവങ്ങളും കാണിക്കുമ്പോഴാണ് യേശുവിനു വേണ്ടി മനുഷ്യരെ നേടുവാൻ സാധിക്കുക’ എന്ന നവ പഠനം യേശു യാക്കോബ് ശ്ലീഹായെ അഭ്യസിപ്പിക്കുന്നു.
ക്രിസ്തു ദൗത്യത്തിന്റെ സുപ്രധാന സാക്ഷിയായി യാക്കോബ് സ്ലീഹായെ വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുന്നുണ്ട്. പത്രോസിന്റെ അമ്മായിഅമ്മയ്ക്ക് സൗഖ്യം നൽകുമ്പോൾ (മത്തായി 1:29 -31), ലാസറിനെ ഉയർപ്പിക്കുന്ന വേളയിൽ (മാർക്കോസ് 9: 2 -8), ഗത്സമെനിൽ യേശു രക്തം വിയർക്കുമ്പോൾ (മത്തായി 26 :37) എല്ലാം യാക്കോബ് ശ്ലീഹായുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്.
യാക്കോബ് ശ്ലീഹയ്ക്ക് യേശുവിനു വേണ്ടി മനുഷ്യരെ നേടണമെങ്കിൽ യേശുവിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടിയിരുന്നു. മത്തായി 20 : 27 -ൽ നാം ഇപ്രകാരം വായിക്കുന്നു. “നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനും ആയിരിക്കണം”. സെബദി പുത്രന്മാർ സ്വമാതാവിലൂടെ യേശുവിൻറെ മുന്നിൽ നടത്തുന്ന സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള ശുപാർശ, തങ്ങളുടെ വിളിക്കും ദൗത്യത്തിനും ഘടകവിരുദ്ധമായ യാഥാർഥ്യമായി നിലകൊള്ളുന്നു. ഇവിടെയും മത്തായി 20:28 -ൽ വായിക്കുന്നപോലെ ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും അനേകർക്ക് വേണ്ടി മോചനദ്രവ്യമായി സ്വജീവൻ കൊടുക്കുവാനും മനുഷ്യപുത്രൻ വന്നിരിക്കുന്നത്. ഈ മൂല്യങ്ങൾ മനുഷ്യരെ നേടുവാനുള്ള ശിഷ്യത്വത്തിന്റെ ഊടുവഴികളാണെന്ന് യേശു യാക്കോബ് ശ്ലീഹായ്ക്കു മന്ത്രിച്ചു കൊടുക്കുന്നു. യേശുവിലേക്കു മനുഷ്യരെ ആനയിക്കുന്ന നമ്മുടെ പരിശ്രമങ്ങളിൽ യേശു നൽകിയ ദാസ്യ വൃത്തിയുടെ, ശുശ്രൂഷയുടെ, പാദം കഴുകലിന്റെ മഹനീയ മാതൃകകൾ അഭ്യസിക്കുവാൻ പരിശ്രമിക്കാം.
പരാജയങ്ങൾ വിജയത്തിൻറെ ചവിട്ടുപടികളാണ് എന്നൊരു ചൊല്ലുണ്ട്. യാക്കോബ് ശ്ലീഹ തന്റെ ജീവിതത്തിലെ പരാജയങ്ങളിലൂടെ ബലഹീനത കളിലൂടെ ക്രിസ്തുശിഷ്യത്വത്തിന്റെ മൂല്യങ്ങളും ദർശനങ്ങളും ഗുരുമുഖത്തുനിന്ന് സ്വായത്തമാക്കി അത് യേശുവിനു വേണ്ടി ജീവൻ ഹോമിക്കുവാനും വിശുദ്ധിയുടെ ഉന്നത പടവുകൾ ചവിട്ടി കയറാവാനുള്ള ഒടുങ്ങാത്ത അന്തർദാഹം യാക്കോബ് ശ്ലീഹായിൽ ഉളവാക്കി. ഈ അന്തർഭാവത്തിൽ നിന്നും ഉരുത്തിരിഞ്ഞ ബോധ്യങ്ങളും പഠനങ്ങളും ക്രിസ്തീയ ജീവിതത്തിൻറെ ആത്മീയ പക്വതക്ക് ഉതകുന്ന സന്ദേശങ്ങളായി യാക്കോബ് ശ്ലീഹാ തന്റെ ലേഖനങ്ങളിലൂടെ ലോകത്തിന് സംഭാവന ചെയ്തു. പ്രവർത്തി കൂടാതെയുള്ള വിശ്വാസം നിര്ജീവമാണെന്നും, അനാഥരെയും വിധവകളെയും സഹായിക്കേണ്ടതിന്റെ ആവശ്യകത, നാവിന്റെ ദുരുപയോഗത്തെക്കുറിച്ചുള്ള ജാഗ്രതയും, എളിമയുടെ ദൈവകൃപ നേടാനുള്ള സാധ്യത, എല്ലാറ്റിനുമുപരി രോഗീ ലേപന കൂദാശയുടെ മഹാത്മ്യം മുതലായവ യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൻറെ വിശേഷതകൾ ആയി നിലകൊള്ളുന്നു.
ക്രിസ്തുവിലുള്ള വിശ്വാസത്താൽ ഹെരോദ് അഗ്രിപ്പാ ഒന്നാമാന്റെ കരങ്ങളാൽ ശിരച്ഛേദനത്തിലൂടെ രക്ത സാക്ഷിത്വം വരിച്ച ആദ്യ ക്രിസ്തു ശിഷ്യനായ യാക്കോബ് ശ്ലീഹായുടെ ജീവിതമാതൃകയും പഠനങ്ങളും നമുക്ക് പ്രചോദനവും ശക്തിയും നൽകുമാറാകട്ടെ.