വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാരം ശ്രീ.വാണിദാസ് എളയാവൂരിന്
സ്വന്തം ലേഖകൻ
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത ഏർപ്പെടുത്തിയ വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാരം ശ്രീ.വാണിദാസ് എളയാവൂരിന്. ദേശം ആദരിച്ച അധ്യാപകനും മതേതരത്തിന്റെ പ്രവാചകനുമായ വാണിദാസ് എളയാവൂരിന് ശ്രീ.കെ.സുധാകരൻ എം.പി. പുരസ്കാരം സമർപ്പിച്ചു.
ആധുനിക കാലഘട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുഖച്ഛായയായ വിശുദ്ധ മദർ തെരേസ കാലഘട്ടത്തിന്റെ പ്രവാചകയാണെന്നും മദറിന്റെ ജീവിതവും പ്രവർത്തനവും ആധുനിക സമൂഹത്തിന് എന്നും പ്രചോദനവും മാതൃകയുമാണെന്നും കണ്ണൂർ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത ഏർപ്പെടുത്തിയ വിശുദ്ധ മദർ തെരേസ മത-സംസ്കൃതി പുരസ്കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എൽ.സി.എ. കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റെണി ചടങ്ങിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ.മാർട്ടിൻ രായപ്പൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സ്വാമി കൃഷ്ണാനന്ദ ഭാരതി, അനസ് മൗലവി, മോൺ.ദേവസി ഈരത്തറ, എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. ആശംസകൾ നേർന്നു കൊണ്ട് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആൻറണി നൊറോണ, കെ.ആർ.എൽ.സി.സി. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ദീന സേവന സഭ മദർ ജനറൽ സിസ്റ്റർ എമീസ്റ്റീന DSS, സി.ജയചന്ദ്രൻ, ജോൺ ബാബു, ബ്രദർ ജേക്കബ്, കെ.എച്ച്.ജോൺ എന്നിവർ പ്രസംഗിച്ചു.