വിവാദ കാർട്ടൂണിന് ലളിതകലാ അക്കാദമി നൽകിയ അവാർഡ് പിൻവലിക്കുക, കാർട്ടൂണിസ്റ്റിനെതിരെ ക്രിമിനൽ കേസെടുക്കുക; ആലപ്പുഴ ക്രിസ്ത്യൻ സർവീസ് സൊസൈറ്റി
ക്രിസ്തീയ വിശ്വാസികളെയും കുരിശിനെയും അപമാനിച്ച കാർട്ടൂൺ പിൻവലിക്കണം ജൂറികളെ സർക്കാർ പിരിച്ചുവിടണം
ജോസ് മാർട്ടിൻ
ആലപ്പുഴ: ക്രൈസ്തവ വിശ്വാസികളെ അപമാനിക്കുകയും വിശ്വാസത്തിന്റെ പ്രതീകമായ കുരിശിൽ സ്ത്രീകളുടെ അടിവസ്ത്രം പ്രദർശിപ്പിച്ചുകൊണ്ടുള്ള കാർട്ടൂണിന് അവാർഡ് നൽകിയത് ഒരിക്കലും ന്യായീകരിക്കാനാകാത്തതെന്നും, അപലപനീയവുമെന്ന് ആലപ്പുഴ ക്രിസ്ത്യൻ സർവീസ് സൊസൈറ്റി. അതുകൊണ്ട് തന്നെ, ക്രിസ്തീയ വിശ്വാസികളെയും കുരിശിനെയും അപമാനിച്ച കാർട്ടൂൺ പിൻവലിക്കണമെന്നും, ജൂറികളെ സർക്കാർ പിരിച്ചുവിടണമെന്നും ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ബിഷപ്പ് ഫ്രാങ്കോ വിവാദവുമായി ബന്ധപ്പെട്ട് വിശുദ്ധ കുരിശിനെ അപമാനിച്ചത് അങ്ങേയറ്റം നിന്ദ്യവും അപമാനകരവുമാണെന്ന് ആലപ്പുഴയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് അനീഷ് ആറാട്ടുകുളം പറഞ്ഞു.
കന്യാസ്ത്രീകളെ വേശ്യകൾ എന്ന് വിളിച്ച പി.സി.ജോർജിന്റെ ചിത്രം കാർട്ടൂണിൽ കൊടുത്തതിന്റെ പിന്നിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ജില്ലാ കമ്മിറ്റി ആരോപിച്ചു.
ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തിയ കാർട്ടൂണിസ്റ്റിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത അനീഷ് ആറാട്ടുകുളം, ജസ്റ്റിൻ കുന്നേൽ, രാജു അറക്കൽ എന്നിവർ ആവശ്യപ്പെട്ടു.