Kerala

വിഴിഞ്ഞം തുറമുഖ നിർമ്മാണം, പ്രത്യാഘാതങ്ങൾ സത്യസന്ധമായി പഠിച്ച് പരിഹരിക്കണം; കേരള ലത്തീൻകത്തോലിക്കാ മെത്രാൻ സമിതി

പ്രഖ്യാപനങ്ങളെക്കാൾ പ്രവൃത്തിയാണ് പ്രശ്നപരിഹാരങ്ങൾക്ക് അനിവാര്യമായി വേണ്ടതെന്നും മെത്രാൻ സമിതി...

ജോസ് മാർട്ടിൻ

ആലുവാ: തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരത്ത് ഉണ്ടായിട്ടുള്ള ഭയാനകമായ തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി. അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ അതിഭീമമാണെന്നും, തുറമുഖ നിർമ്മാണമാണ് ഇതിന് കാരണമെന്നാണ് തീരദേശ സമൂഹം അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്നതെന്നും, 64 ചതുരശ്ര കിലോമീറ്റർ തീരം നഷ്ടമായതായി തിരുവനന്തപുരത്തെ പാർലമെന്റംഗവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

ഹരിത ട്രീബ്യൂണലിന്റെ ഉത്തരവു പ്രകാരം പോർട്ടുകരാറുകാരുടെ സഹായത്തോടെ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നവയല്ലെന്ന് വ്യക്തമാമാണെന്നും, കൺമുന്നിൽ വിനാശകരമായ തീരനഷ്ടം സംഭവിക്കുമ്പോൾ ഈ റിപ്പോർട്ടുകളിൽ യാഥാർത്ഥ്യം പ്രതിഫലിക്കുന്നില്ല എന്നത് സർക്കാരും നീതിന്യായ സംവിധാനങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും, അതോടൊപ്പം തീരാക്രമണങ്ങളിൽ ഭൂമിയും ഭവനവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിൽ ഇന്നും കഴിയുന്ന നൂറു കണക്കിന് കുടുംബങ്ങളുടെ പുന:രധിവാസത്തിന് അടിയന്തര നടപടികൾ പ്രാവർത്തികമാക്കാൻ സർക്കാർ തയ്യാറാവണമെന്നും, പ്രഖ്യാപനങ്ങളെക്കാൾ പ്രവൃത്തിയാണ് പ്രശ്നപരിഹാരങ്ങൾക്ക് അനിവാര്യമായി വേണ്ടതെന്നും മെത്രാൻ സമിതി വിവരിക്കുന്നു.

തീരത്ത് തുറമുഖങ്ങൾ ഉൾപ്പടെയുള്ള ദൃഡഘടനകളുടെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നുവെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ളതാണ്. കെ.ആർ.എൽ.സി.സി.യുടെ ആഭിമുഖ്യത്തിലുള്ള “കടൽ”, ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾ നിരവധി പഠനങ്ങളെ തുടർന്ന് മുന്നറിയിപ്പുകൾ നല്കിയിട്ടുള്ളതുമാണെന്നും കഴിഞ്ഞ സർക്കാരിൽ തുറമുഖ വകുപ്പിന്റെ മന്ത്രിയായിരുന്ന ജെ.മേഴ്സിക്കുട്ടിയമ്മ തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നുവെന്ന് സമ്മതിച്ചിട്ടുള്ള വസ്തുതയാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

എറണാകുളം ജില്ലയിലെ ചെല്ലാനത്തെ പ്രശ്നങ്ങളുടെ കാരണമായിട്ടുള്ളതും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളാണെന്നും കടലിൽ നിന്നും വൻതോതിൽ മണൽ വാരി മാറ്റുന്നത് കടലിന്റെ പരിതസ്ഥിതിയിലും സ്വഭാവത്തിലും ഗുരുതരമായ മാറ്റങ്ങൾ ഉളവാക്കുന്നുണ്ടെന്നും ചെല്ലാനത്തെ പരീക്ഷണം വിജയമാണെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ തീരസംരക്ഷണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ തയ്യാറാവണമെന്നും ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളിക്ക് മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിച്ച് ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്ന ആവശ്യം ഉൾപ്പടെയുള്ള തീരദേശ ജനതയുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ച് നടപടികൾ സ്വീകരിക്കണം, തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാനപരമായ സമരങ്ങൾക്ക് ലത്തീൻസഭയുടെ പൂർണപിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി. പ്രക്ഷോഭത്തെ സമാധാനപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ സംസ്ഥാനത്തെ പോലീസും സമരസമിതി നേതാക്കളും പ്രകടിപ്പിക്കുന്ന ജാഗ്രതയെ യോഗം അഭിനന്ദിച്ചതായും സമുദായ വ്യക്താവ് ജൂഡ് അറക്കൽ അറിയിച്ചു.

മെത്രാപ്പോലീത്താമാരായ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ഡോ.തോമസ് നെറ്റോ, മെത്രാന്മാരായ ഡോ.വിൻസന്റ് സാമുവൽ, ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ.പോൾ ആന്റണി മുല്ലശ്ശേരി, ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ.ജോസഫ് കാരിക്കശ്ശേരി, ഡോ.പീറ്റർ അബീർ, ഡോ.വർഗ്ഗീസ് ചക്കാലക്കൽ, ഡോ.അലക്സ് വടക്കുംതല, കടൽ ചെയർമാൻ ഡോ.ജെയിംസ് ആനാപറമ്പിൽ എന്നിവർ പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker