വിയന്നയിൽ നിന്നൊരു വന്ദേമാതരം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകളുമായി ഒരു കൂട്ടം യുവസുഹൃത്തുക്കൾ...
സ്വന്തം ലേഖകൻ
വിയന്ന: വിയന്നയിൽ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകളുമായി ഒരു കൂട്ടം യുവസുഹൃത്തുക്കൾ. വിയന്നയിൽ പഠിക്കുന്ന ഫാ.ജാക്സൺ സേവ്യറിന്റെ നേതൃത്വത്തിലാണ് “വന്ദേമാതരം ഫ്രം വിയന്ന” എന്ന അവതരണവുമായി യുവാക്കൾ എത്തിയിരിക്കുന്നത്. ഈ ഗാനം ഇപ്പോൾ യൂട്യൂബിൽ അനേകരെ ആകർഷിക്കുകയാണ്.
വന്ദേമാതരം എന്ന ഗാനം ഫാ.ജാക്സൺ പാടിയപ്പോൾ സുഹൃത്തുക്കൾക്ക് തോന്നിയ താത്പര്യമാണ് വീഡിയോയ്ക്ക് പിന്നിൽ. വരികളുടെ അർത്ഥം പറഞ്ഞു കൊടുത്തപ്പോൾ അവർക്ക് ഗാനത്തോട് കൂടുതൽ അടുപ്പമായി എന്നു ഫാ.ജാക്സൺ സേവ്യർ പറയുന്നു. ഗാനത്തിന്റെ ഈണവും കമ്പോസിഷനുമാണ് അവരെ വല്ലാതെ ആകർഷിച്ചത്.
ഇതിന് ധ്യാനത്മക സ്വഭാവം ഉണ്ടെന്നാണ് ഫ്ലൂട്ട് വായിച്ചിരിക്കുന്ന വലേറി ഷ്മിറ്റ് പറയുന്നത്. തന്റെ സംഗീത അഭിരുചിയുമായി ചേർന്നു പോകുന്നതല്ല എങ്കിലും, ഈ ഗാനത്തിന് ഒരു മാന്ത്രികതയുണ്ടെന്ന് ഗാനം പാടിയ ജൂലിയ മർട്ടീനിയും സമ്മതിക്കുന്നു.
ഗിത്താർ വായിച്ചിരി ക്കൂന്നത് ക്രിസ്റ്റഫർ സിഗ്ലേറാണ്. പിയാനോ ഫാ.ജാക്സൺ സേവ്യറും, എബിൻ പള്ളിച്ചൻ പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നു. “വന്ദേമാതരം ഫ്രം വിയന്ന” ഗാനം ജാക്സൺ സേവ്യർ എന്ന യുട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.