Kerala

വിജ്ഞാന കൈരളി കുമ്പസാരത്തെ അപഹാസ്യമായി ചിത്രീകരിച്ചത്തിനോടുള്ള ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ പ്രതികരണം

വിജ്ഞാന കൈരളി കുമ്പസാരത്തെ അപഹാസ്യമായി ചിത്രീകരിച്ചത്തിനോടുള്ള ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ പ്രതികരണം

സ്വന്തം ലേഖകൻ

“കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയുടെ ഓഗസ്റ്റ് ലക്കത്തില്‍ ക്രൈസ്തവസഭ പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയെ വികലമായും അപഹാസ്യമായും ചിത്രീകരിച്ചുകൊണ്ട്, മാസികയുടെ എഡിറ്റര്‍ ‘ലജ്ജിക്കണം” എന്ന ശീര്‍ഷകത്തില്‍ എഴുതിയ മുഖപ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ ദുഃഖവും പ്രതിഷേധവും അറിയിക്കുന്നു.

ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ പൗരോഹിത്യത്തെക്കുറിച്ചും, മതപരമായ അനുഷ്ഠാനമായ കുമ്പസാരം എന്ന കൂദാശയെക്കുറിച്ചും മുഖപ്രസംഗത്തില്‍ നടത്തിയ അവഹേളനപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും ഖേദം പ്രകടിപ്പിക്കാനുമുള്ള സാമാന്യ മര്യാദപോലും വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ കാണിച്ചിട്ടില്ല.

വിശദീകരണക്കുറിപ്പില്‍ മുഖപ്രസംഗത്തിലെ മോശം പരാമര്‍ശങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിച്ച്, കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമാണ് നടത്തിയത്. മതവും മതസങ്കല്പങ്ങളും കുമ്പസാരവുമൊക്കെ ലൈംഗികാസക്തി തീര്‍ക്കുന്നതിനുള്ള വെറും ഉപകരണമായിതീര്‍ന്നു എന്ന മുഖപ്രസംഗത്തിലെ ദുസ്സൂചനയും, ഇനിമുതല്‍ ഒരു സ്ത്രീയും ആരുടെ മുമ്പിലും കുമ്പസാരിക്കരുത് എന്ന ആഹ്വാനവും ചീഫ് എഡിറ്ററുടെ മതവിരുദ്ധതയ്ക്കും വര്‍ഗീയതയ്ക്കും തെളിവാണ്.

‘കുമ്പസാരം’ എന്ന കൂദാശ നിയമത്തിനും ധാര്‍മികതയ്ക്കുമെതിരല്ല; ക്രമസമാധാനത്തിനെതിരല്ല; പിന്നെ എന്തടിസ്ഥാനത്തിലാണ് വിശ്വാസികളോട് കുമ്പസാരിക്കരുത് എന്നു മുഖപ്രസംഗം എഴുതിയ ആള്‍ ആഹ്വാനം ചെയ്തത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ മതാനുഷ്ഠാനത്തെ അവഹേളിക്കുന്നത് സംസ്‌കാരമുള്ളവര്‍ക്ക് യോജിച്ചതല്ലല്ലോ. അത്തരം വീഴ്ചകളുണ്ടായാല്‍ രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ചുള്ള നടപടികള്‍ ഉറപ്പുവരുത്തുകയല്ലേ വേണ്ടത്. മതനിന്ദ കുരുന്നുകളില്‍ കുത്തിവച്ച്, തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, മതപരമായ ആചാരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യം ഇതിന്റെ പിന്നിലില്ലേ എന്നു സംശയിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്.

ഒക്‌ടോബര്‍ ലക്കത്തിലും സമാനമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഇത് വ്യക്തമായ ലക്ഷ്യത്തോടെ കുട്ടികളില്‍ മതവിരുദ്ധ ചിന്തകള്‍ വളര്‍ത്തുവാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമാണെന്ന സംശയം ശക്തമാവുകയാണ്. പാഠപുസ്തകങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളിലും മതനിന്ദയും മതവിദ്വേഷവും സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ വര്‍ഗീയത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ പോലെ അപകടകരമാണ്.

കേരളഭാഷ ഇന്‍സ്റ്റിറ്റൂട്ട്‌പോലുള്ള സ്ഥാപനംതന്നെ ഇത്തരം പ്രചാരണത്തിന്റെ ഭാഗമാകുന്നത് അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. അതുകൊണ്ട് വിജ്ഞാന കൈരളിയുടെ എഡിറ്ററുടെ പരാമര്‍ശവിധേയമായ അഭിപ്രായങ്ങളെക്കുറിച്ച് കേരളസര്‍ക്കാരിന്റെ നിലപാട് അറിയാന്‍ ക്രൈസ്തവസഭകള്‍ക്കും പൊതുസമൂഹത്തിനും അവകാശമുണ്ട്.”

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker