Kazhchayum Ulkkazchayum

വിചിത്രമായ സമ്മാനം

സമ്മാനത്തിന്റെ മഹിമ വർധിപ്പിക്കുന്നത് അത് നൽകുന്ന വ്യക്തിയുടെ മഹത്വത്തിന്റെ സ്ഥാനവുമായി തുലനപ്പെടുത്തുമ്പോഴാണ്...

ജീവിതത്തിൽ ഏതെങ്കിലും ഒരു കാലഘട്ടത്തിൽ, സന്ദർഭത്തിൽ സമ്മാനം കിട്ടാത്തവർ ആരും തന്നെ ഉണ്ടാകില്ല. സമ്മാനം പലവിധത്തിലാകാം. ചിലപ്പോൾ ഒരു അഭിനന്ദനമാകാം, സ്ഥാനക്കയറ്റമാകാം, സാധനങ്ങളാകാം, ഒരു പേനയാകാം, etc. സമ്മാനത്തിന്റെ മഹിമ വർധിപ്പിക്കുന്നത് അത് നൽകുന്ന വ്യക്തിയുടെ മഹത്വത്തിന്റെ സ്ഥാനവുമായി തുലനപ്പെടുത്തുമ്പോഴാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ സ്വീകരിക്കുന്ന വ്യക്തിക്ക് കിട്ടുന്ന “ഭാഗ്യക്കുറിയാണ്”. ഭാഗ്യദേവത എല്ലായ്പ്പോഴും നമ്മെ തേടി വരില്ല. നമ്മുടെ അധ്വാനവും, വിയർപ്പും, കണ്ണീരും, സ്വപ്നങ്ങളും ഉരുകിയൊലിച്ച് രൂപപ്പെടുത്തുന്ന സമ്മാനത്തിനാണ് ഏറ്റവും വലിയ മൂല്യം. ഇവിടെ ഒരു സമ്മാനം… വിചിത്രമായ സമ്മാനം ധ്യാന വിഷയമായി തീരുകയാണ്. ഭൗതിക മേഖലയിൽ നിന്ന് ദൈവമേഖലയിലേക്ക് (അതിസ്വാഭാവിക തലം) നമ്മെ കൂട്ടിക്കൊണ്ടുപോകാൻ ധ്യാനത്തിന് കഴിയും.

എന്തായിരുന്നു വിചിത്രമായ സമ്മാനം? നീണ്ട 13 വർഷത്തെ പരിശീലനം “സെമിനാരിയിൽ” (വൈദിക പരിശീലന പാഠശാല) നൽകി, പരീക്ഷകളിലും ശിക്ഷണത്തിലും പാകപ്പെടുത്തി, വൈദികനാകുന്നതിന് മുൻപുള്ള “ഡീക്കൻ പട്ടവും “സ്വീകരിച്ച 71 വൈദീക വിദ്യാർത്ഥികളെ യാത്ര അയക്കുന്ന വികാരനിർഭരമായ ചടങ്ങ് നടക്കുന്ന സമയം. മൂന്ന് റീത്തിലും പെട്ട ബിഷപ്പുമാർ സന്നിഹിതരായിരുന്നു. സെമിനാരിയിലെ “റെക്ടറച്ചൻ” കൃതജ്ഞത പറഞ്ഞശേഷം മന്ദഹസിച്ചു കൊണ്ട് പറഞ്ഞു: “അഭിവന്ദ്യ പിതാക്കന്മാരുടെ മൗനാനുവാദത്തോടെ ബഹുമാനപ്പെട്ട ഡീക്കന്മാർക്ക്” ഒരു സമ്മാനം നൽകുകയാണ്. ദയവായി സ്വീകരിച്ചാലും. ഡീക്കന്മാർ സമ്മാനം സന്തോഷപൂർവ്വം സ്വീകരിച്ചു. ഒരു ചെറിയ പാക്കറ്റ്… തങ്കരക്ക് പേപ്പർ (ഗോൾഡൻ) കൊണ്ട് പൊതിഞ്ഞ പാക്കറ്റ്. അതിനുള്ളിൽ എന്തായിരിക്കും? എല്ലാവർക്കും ആകാംക്ഷ ഉണ്ടായിരുന്നു.

റെക്ടറച്ചൻ തുടർന്നു: ഈ പാക്കറ്റിലുള്ള സാധനങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്താം. അദ്ദേഹം പാക്കറ്റ് സാവധാനം തുറന്നു. രണ്ടടി സമചതുരത്തിലുള്ള ഒരു “തഴപ്പായ” പുറത്തെടുത്തു. പ്രിയപ്പെട്ട ഡീക്കൻമാരെ, രണ്ടു മൂന്ന് മാസത്തിനുള്ളിൽ നിങ്ങളെല്ലാം വൈദീകരായി ഉയർത്തപ്പെടും. തുടർന്ന്, തിരക്കുപിടിച്ച ജീവിതത്തിൽ ചിലപ്പോൾ “മറന്നു പോകാൻ” സാധ്യതയുള്ള, ഒരുവേള “വിട്ടുകളയാൻ” സാധ്യതയുള്ള ചില കാര്യങ്ങളാണ് ഞാൻ ഇതിൽ വെച്ചിരിക്കുന്നത്.
തഴപ്പായ – അനുദിന ധ്യാനത്തിന്റെ ആവശ്യകത നിങ്ങളെ ഓർമ്മിപ്പിക്കാനാണ്. പള്ളിമേടയിൽ നിങ്ങളുടെ പ്രാർത്ഥനാ മുറിയിൽ ഈ “തുണ്ട് വിരിപ്പിന് ഇടമുണ്ടാകണം”.
ഇതൊരു “പെൻസിൽ” ആണ്. അതെ ഇതിന്റെ ചുവടുഭാഗത്ത് “റബ്ബർകട്ട”യുണ്ട്. ഇനിയും എഴുതാനും, പഠിക്കാനും, തെറ്റുണ്ടാകുമ്പോൾ തുടച്ചുമാറ്റാനും നിങ്ങളെ ഓർമപ്പെടുത്താനാണ് ഞാൻ ഇത് വച്ചിരിക്കുന്നത്.
ഇത് ഒരു “ബലൂൺ” ആണ്. നിങ്ങളിൽ “ശിശുഭാവം” നിലനിർത്തണം; നിഷ്കളങ്കതയും, നർമ്മവും, വിനോദവും ഒക്കെ കാത്തുസൂക്ഷിക്കണം. അതോടൊപ്പം ഒരു കാര്യം കൂടെ ഓർമ്മിപ്പിക്കാനാണ് ഈ ബലൂൺ; ജീവിതയാത്രയിൽ നമ്മുടെ ഈഗോ, ഹുങ്ക്, അഹന്ത ഉണ്ടായാൽ ഈ ബലൂൺ പൊട്ടിപ്പോകുന്നത് പോലെ, നാമും തകർന്നുപോകും.
അവസാനമായി, ഇതൊരു “സീനറി“യാണ്. ഈ പ്രപഞ്ചവും, പ്രകൃതിയും ദൈവത്തിന്റെ കരവേലയാണ്; അതുകൊണ്ടുതന്നെ “നിത്യവിസ്മയം” ജനിപ്പിക്കുന്നതാണ്. സർവ്വചരാചരങ്ങളോടും ആർദ്രത കാട്ടാൻ നമുക്ക് കഴിയണം. ഈ പ്രകൃതിയോട് സംവദിക്കാൻ കഴിയണം. അതോടൊപ്പം ‘സർഗവാസന’ പരിപോഷിപ്പിക്കണം. ഒത്തിരി കഴിവുകളുള്ള, പ്രതിഭാധനന്മാരായ ഒത്തിരി പേർ നിങ്ങളിൽ ഉണ്ടെന്ന് എനിക്കറിയാം. “സർഗസിദ്ധി” ദൈവത്തിന്റെ വരദാനമാണ്. അത് ദൈവ ജനത്തിനുവേണ്ടി, ലോകത്തിന്റെ മുൻപിൽ “ഭാസുരമായ” ഒരു സംസ്കാരത്തിന്റെ പുത്തൻ ചക്രവാളം തീർക്കാൻ, ഒരു പുത്തൻ സൂര്യോദയം രചിക്കാൻ നിങ്ങളെ സഹായിക്കട്ടെ.

വിചിത്രമായ സമ്മാനത്തിൽ വാസ്തവത്തിൽ റെക്ടറച്ചൻ ഒളിപ്പിച്ചു വച്ചത് വലിയൊരു “നിധിശേഖര”മായിരുന്നു. വരികൾക്കിടയിലൂടെ വായിച്ചാൽ, “ഏതു ജീവിതാന്തസിൽ” കഴിയുന്നവർക്കും മേൽപ്പറഞ്ഞ വസ്തുതകൾ അത്യാവശ്യം വേണ്ടതാണെന്ന് മനസ്സിലാവും. അതെ, പ്രാർത്ഥനയും ധ്യാനവും നമ്മേ ദിനവും ശുദ്ധീകരിക്കും. പെൻസിലും, ബലൂണും, സീനറിയും ഒക്കെ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഘടകങ്ങൾ തന്നെയാണ്. ഈ വിചിത്രമായ സമ്മാനം നിധി പോലെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കാൻ ദൈവം കൃപ ചൊരിയട്ടെയെന്ന പ്രാർത്ഥനയോടെ… നന്ദി!!!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker