Sunday Homilies

വഴിയരികിലെ അന്ധയാചകന്‍

വഴിയരികിലെ അന്ധയാചകന്‍

ആണ്ടുവട്ടം 30-ാം ഞായര്‍

ഒന്നാം വായന : ജെറമിയ 31:7-9
രണ്ടാംവായന : ഹെബ്രാ. 5:1-6
സുവിശേഷം : വി. മര്‍ക്കോസ് 10:46-52

ദിവ്യബലിക്ക് ആമുഖം

ദൈവം തന്‍റെ ജനത്തിനിടയില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഇന്നത്തെ വായനകളും സുവിശേഷങ്ങളും നമുക്ക് കാണിച്ചു തരുന്നു. ജെറമിയ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുളള ഒന്നാം വായനയില്‍ ഇസ്രായേല്‍ ജനത്തെ ദൈവം പ്രവാസത്തില്‍ നിന്ന് തിരികെ വിളിക്കുന്നതും ഹെബ്രായര്‍ക്കുളള ലേഖനത്തില്‍ നിന്നുളള രണ്ടാം വായനയില്‍ പ്രധാന പുരോഹിതന് ജനങ്ങളുടെ ഇടയിലുളള സ്ഥാനത്തെക്കുറിച്ചുംഅവന്‍റെ പൗരോഹിത്യ വിളിയെക്കുറിച്ചും നാം ശ്രവിക്കുന്നു. ഇന്നത്തെ സുവിശേഷത്തില്‍ ബര്‍ത്തിമേയൂസ് എന്ന അന്ധന്‍റെ തീഷ്ണമായ വിശ്വാസം കണ്ട് യേശു അവന് കാഴ്ച നല്‍കുന്ന അത്ഭുതം നാം ശ്രവിക്കുന്നു. നമുക്കും വിശ്വാസ പൂര്‍വം തിരുവചനങ്ങള്‍ ശ്രവിക്കാനും തിരുബലി അര്‍പ്പിക്കാനായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

ജെറുസലേമിലേക്കുളള യാത്രാമദ്ധ്യേ ജെറീക്കോ പട്ടണത്തിലെത്തി അവിടെനിന്നും 37 കി.മീ. ളോം അകലത്തിലുളള ജെറുസലേമിലേക്കു പീഡാസഹനത്തിനും കുരിശു മരണത്തിനും വിധേയനാകാനുമായി യേശു തന്‍റെ യാത്ര തുടരുന്നു. വഴിമദ്ധ്യേ തിമേയൂസിന്‍റെ മകന്‍ (“ബര്‍” എന്നാല്‍ “പുത്രന്‍”) എന്ന് അര്‍ത്ഥം വരുന്ന പേരുളള “ബര്‍ത്തിമേയൂസ്” എന്ന അന്ധയാചകനുമായുളള യേശുവിന്‍റെ കണ്ടുമുട്ടല്‍.

യേശു കടന്നുപോകുന്നുവെന്ന് മനസ്സിലാക്കിയ ബര്‍ത്തിമേയൂസ് ‘ദാവീദിന്‍റെ പുത്രനായ യേശുവേ എന്നില്‍ കനിയണമേ’ എന്ന് നിലവിളിക്കുന്നു. ജനക്കൂട്ടത്തില്‍ പലരും അവനെ നിശബ്ദനായിരിക്കാന്‍ ഉപദേശിച്ചെങ്കിലും ‘യേശുവിന് തന്നെ സുഖപ്പെടുത്താന്‍ കഴിയും’ എന്ന ഉറച്ച വിശ്വാസമുളളതിനാല്‍ അവരുടെ ശകാരം വകവയ്ക്കാതെ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു. അവനെ അവന്‍റെ അടുക്കലേക്ക് വിളിച്ച യേശു അവന്‍റെ ആഗ്രഹം എന്താണെന്നു ചോദിക്കുന്നു. അവന്‍റെ ആഗ്രഹം അനുസരിച്ച് അവന് കാഴ്ച ശക്തി നല്‍കുന്നു.

ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു അസ്ഥയില്‍ നമ്മളും ബര്‍ത്തിമേയൂസിനെ പ്പോലെയാണ്. ജീവിതത്തിന്‍റെ അകകണ്ണിലെ പ്രകാശം നഷ്ടപ്പെടുന്നു. ആത്മീയ അന്ധത നമ്മുടെ വിശ്വാസ ജീവിതത്തെയും ഇരുളിലാക്കുന്നു. ചിലപ്പോഴൊക്കെ ജീവിതത്തിലെ സംഭവങ്ങളെ മനസ്സിലാക്കാന്‍ കഴിയാതെ, ചില യാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ കഴിയാതെ, ജീവിതാനുഭവങ്ങളെ വിശ്വാസത്തിന്‍റെ കണ്ണിലൂടെ കാണാന്‍ കഴിയാതെ ജീവിത വഴിയിലെ അന്ധന്മാരായി മാറുന്നുണ്ട് നാം.

ബര്‍ത്തിമേയൂസ് ആവശ്യപ്പെടുന്നത് അവന് ‘കാഴ്ച വീണ്ടുകിട്ടണ’മെന്നാണ്. അതിന്‍റെ അര്‍ഥം ഒരിക്കല്‍ അവന് കാഴ്ച ഉണ്ടായിരുന്നു എന്നാണ്. പിന്നീടെപ്പോഴോ അവന് കാഴ്ച ശക്തി നഷ്ടപ്പെട്ടു. നമുക്കും ഇതേ അനുഭവം ഉണ്ടാകാറുണ്ട്. ഒരു ഘട്ടത്തില്‍ കാര്യങ്ങളെല്ലാം നമുക്കു നിയന്ത്രണവിധേയമാണെന്നും ജീവിതം നമ്മുടെ കൈപിടിയില്‍ ഒതുങ്ങുന്നുവെന്നും നമുക്കു തോന്നിയിട്ടുണ്ട്. എന്നാല്‍, പിന്നീടെപ്പോഴോ കാര്യങ്ങള്‍ നമ്മുടെ കൈവിട്ടു പോകുന്നു. ജീവിത വഴിയില്‍ ഭിക്ഷയെടുക്കുന്ന അന്ധന്മാരായി തീരുന്നു.
നമ്മുടെ ഈ അവസ്ഥയില്‍ ബര്‍ത്തിമേയൂസിന്‍റെ ജീവിതം നമുക്കൊരു മാതൃകയാണ്.

ബര്‍ത്തിമേയൂസിന്‍റെ പെരുമാറ്റത്തിലെ മൂന്ന് കാര്യങ്ങള്‍ ബൈബിള്‍ പണ്ഡിതന്മാര്‍ എടുത്തു പറയുന്നു:

1) ഒന്നാമതായി ബര്‍ത്തിമേയൂസ് യേശുവിലുളള വിശ്വാസം ഉറക്കെ പരസ്യമായി പ്രഖ്യാപിക്കുന്നു. “ദാവീദിന്‍റെ പുത്രനായ യേശുവേ എന്നില്‍ കനിയണമേ” എന്നത് വെറുമൊരു നിലവിളിയല്ല, അതൊരു പ്രാര്‍ഥനയാണ്. ബര്‍ത്തിമേയൂസിന്‍റെ ഈ പ്രാര്‍ഥന പില്‍കാലത്ത് സഭയില്‍ ജോലിചെയ്യുബോഴും യാത്രയിലായിരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നിശബ്ദമായി ആവര്‍ത്തിച്ചു ചൊല്ലുന്ന ശക്തിയേറിയ പ്രാര്‍ഥനയായി മാറി. ബര്‍ത്തിമേയൂസ് തന്‍റെ യേശുവിലുളള വിശ്വാസത്തില്‍ നല്‍കുന്ന സാക്ഷ്യം, നാമും ദിവ്യബലിയിലും കൂദാശകളിലും സജീവമായി പങ്കെടുത്തുകൊണ്ട് നല്‍കേണ്ടതാണ്.

2) രണ്ടാമതായി, പലരും അവനോടു നിശബ്ദനാകാന്‍ പറഞ്ഞെങ്കിലും അവരെ ചെവിക്കൊളളാതെ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ യേശുവിനോടു വിളിച്ചപേക്ഷിക്കുന്നു. അവരുടെ ശകാരം കേട്ട് നിശബ്ദനായിരുന്നെങ്കില്‍ അവനൊരിക്കലും കാഴ്ച ശക്തി തിരികെ കിട്ടില്ലായിരുന്നു. നാമും നമ്മുടെ വിശ്വാസത്തെപ്രതി ശകാരിക്കപ്പെടുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകൾ അവസാനിപ്പിയ്കുകയല്ല വേണ്ടത്. മറിച്ച് കൂടുതല്‍ തീഷ്ണതയോടെ പ്രാര്‍ത്ഥിക്കുകയും കൂടുതല്‍ ശക്തമായി യേശുവിന് സാക്ഷ്യം നല്‍കുകയും വേണം.

3) മൂന്നാമതായി, ‘യേശുവിന്‍റെ വാക്കുകള്‍ കേട്ട ബര്‍ത്തിമേയൂസ് പുറംകുപ്പായം ദൂരെയെറിഞ്ഞ് കുതിച്ചുചാടി യേശുവിന്‍റെ അടുത്തെത്തി’ എന്ന് സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. അതായത് ഇതുവരെ അവന്‍ പൊതിഞ്ഞു പിടിച്ച ജീവിതത്തെ ദൂരെയെറിഞ്ഞ് യേശുവിലേയ്ക്കവന്‍ തീഷ്ണതയോടെ തിരിയുന്നു. നാമും നമ്മെ പൊതിഞ്ഞുപിടിച്ചിരിക്കുന്ന പാപത്തിന്‍റെ പുറം കുപ്പായങ്ങളെ വലിച്ചെറിഞ്ഞാല്‍, നമുക്കും നമ്മുടെ ജീവിത വഴിയിൽ അകക്കണ്ണിന്‍റ അന്ധത മാറി പുതിയൊരുള്‍ക്കാഴ്ച വീണ്ടുകിട്ടും.

ജെറുസലേമിലേക്കുളള യേശുവിന്‍റെ രാജകീയ പ്രവേശനത്തിനു മുമ്പ് ബര്‍ത്തിമേയൂസിന് കാഴ്ച നല്‍കുന്ന സംഭവം വി. മര്‍ക്കോസ് വിവരിക്കുന്നത് എന്തുകൊണ്ടാണ്?

യേശുവിനെ അനുഗമിക്കുമ്പോള്‍, അഥവാ ക്രിസ്ത്യാനി ആയിരിക്കുമ്പോള്‍, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെയും പീഡകളെയും യേശുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും അടിസ്ഥാനത്തില്‍ വിശ്വാസത്തിന്‍റെ കണ്ണിലൂടെ കാണാന്‍ സുവിശേഷകൻ പഠിപ്പിക്കുകയാണ്. സുവിശേഷത്തിലെ യഥാര്‍ത്ഥ അന്ധര്‍ യേശുവിനെ അനുഗമിച്ച ശിഷ്യന്മാരായിരുന്നു. യേശുവിനെ അനുഗമിച്ചിട്ടും “തങ്ങളുടെ ഇടയില്‍ ആരാണ് വലിയവന്‍?”, “അങ്ങയുടെ മഹത്വത്തില്‍ ഒരാള്‍ അങ്ങയുടെ വലതുവശത്തും മറ്റെയാള്‍ ഇടതുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ?” തുടങ്ങിയ ചോദ്യങ്ങളിലൂടെ ശിഷ്യത്വത്തിന്‍റെ യഥാര്‍ഥ അര്‍ത്ഥം മനസ്സിലാക്കാതെ അവരുടെ ഉള്‍ക്കണ്ണുകള്‍ അന്ധമായിരുന്നു. എന്നാല്‍, ബര്‍ത്തിമേയൂസ് ആകട്ടെ തനിക്കു കാഴ്ച ലഭിച്ച ഉടനെ യേശുവിനെ ജെറുസലേമിലേക്ക് അനുഗമിക്കുന്നു. യേശുവിനെ അനുഗമിക്കുന്ന എല്ലാവര്‍ക്കും ഈ അന്ധയാചകനില്‍ നിന്നും പാഠം പഠിക്കാം.

ബര്‍ത്തിമേയൂസിന്‍റെ വിശ്വാസം അവനെ രക്ഷിച്ചുവെന്ന് യേശു പ്രഖ്യാപിക്കുന്നു. നമ്മുടെ കണ്ണുകളും തുറക്കപ്പെടാന്‍ ജീവിതത്തിലെ ഓരോ ദിനങ്ങളെയും വിശ്വാസത്തിന്‍റെ കണ്ണാല്‍ കാണാന്‍ നമുക്കും നമ്മുടെ വിശ്വാസം ഏറ്റുപറയാം.
ആമേന്‍.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker