Parish

വലിയവിള ക്രിസ്തുരാജാ ദേവാലയത്തിൽ പൊതുദിവ്യബലി പുനഃരാരംഭിച്ചു

മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലായി വാട്ട്സാപ്പിലൂടെ 19 ബൈബിളധിഷ്ഠിത പഠന-മത്സര-പ്രവർത്തനങ്ങൾ നടത്തി...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വലിയവിള ക്രിസ്തുരാജാ ദേവാലയത്തിൽ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുദിവ്യബലി പുനഃരാരംഭിച്ചു. ജൂൺ 8 മുതൽ ദിവ്യബലി അർപ്പിക്കുവാനുള്ള അനുവാദം രൂപതാതധ്യക്ഷൻ നൽകിയിരുന്നു എങ്കിലും സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ കൃത്യമായി നടപ്പിലാക്കാനുള്ള പരിമിതികളുണ്ടായിരുന്നതിനാൽ ജൂൺ 29 ഞാറാഴ്ചവരെ ലോക്ക് ഡൗൺ കാലത്തെ സ്ഥിതി തുടരുകയായിരുന്നുവെന്ന് ഇടവക വികാരി ഫാ.ജെറോം സത്യൻ പറഞ്ഞു.

അതേസമയം, ലോക്ക് ഡൗൺ കാലം ഇടവക ജനവുമായുള്ള ബന്ധംനിലനിറുത്തുന്നതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും, മാർച്ച്-ഏപ്രിൽ-മെയ് മാസങ്ങളിലായി വാട്ട്സാപ്പിലൂടെ 19 ബൈബിളധിഷ്ഠിത പഠന-മത്സര-പ്രവർത്തനങ്ങൾ നടത്തിയെന്നും ഇടവക വികാരി പറഞ്ഞു. ബൈബിൾ പദപ്രശ്നങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട കുറിപ്പുതയ്യാറാക്കൽ, കവിതയെഴുത്ത്, ബൈബിൾ ക്വിസ് തുടങ്ങിയവ കുടുബാധിഷ്ഠിതമായും വ്യക്തിഗതമായും സംഘടിപ്പിച്ചു. ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിൽ സഭയിലെ വേദപാരംഗതരും അപ്പോസ്തലന്മാരും ആയിരുന്നു പഠനമേഖലകളെന്നും, സമ്മാനാർഹരായ 86 പേർക്ക് പഠനബൈബിൾ സമ്മാനമായി നൽകിയെന്നും ഫാ.ജെറോം കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ കാലത്തിന് ശേഷം 29 ഞായറാഴ്ച വലിയവിള ഇടവകയിൽ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുദിവ്യബലി ആരംഭിച്ചപ്പോൾ, രാവിലെ അർപ്പിച്ച ദിവ്യബലിയിൽ പള്ളിയുടെ വലിപ്പത്തിനനുസരിച്ചും, കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിച്ചും മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തപ്പെട്ട ബൈബിളധിഷ്ഠിത പഠന-മത്സര-പ്രവർത്തനങ്ങളിൽ വിജയികളായ 86 പേരെ മാത്രമാണ് ഉൾക്കൊള്ളിച്ചിരുന്നത്. ഫെറോനാ വികാരി ഫാ.ജോൺബോസ്ക്കോ ദിവ്യബലിയ്ക്ക് ശേഷം അവർക്ക് സമ്മാനവും നൽകി.

വൈകുന്നേരം അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ പങ്കെടുപ്പിച്ചത് ലോക്ക് ഡൗൺ കാലത്ത് നടത്തിയ മത്സരങ്ങളിൽ ആത്മാർത്ഥമായി പങ്കെടുത്തുവെങ്കിലും സമ്മാനാർഹരാകാതെ പോയ 78 പേരെയായിരുന്നു, അവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker