വലിയതുറയിലെ സിമന്റ് ഗോഡൗണിൽ താമസിക്കുന്ന അഭയാർഥികളുടെ പ്രശ്നങ്ങളിൽ മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും ഇടപെടണം; കെ.സി.ബി.സി.
അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടുക തന്നെ വേണമെന്ന് കെ.സി.ബി.സി.
സ്വന്തം ലേഖകൻ
കൊച്ചി: തീരശോഷണം മൂലം ഭവനങ്ങൾ നഷ്ടപ്പെട്ടവർക്കുവേണ്ടിയുള്ള താൽക്കാലിക ക്യാമ്പാക്കി മാറ്റിയ വലിയതുറയിലെ നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുള്ള സിമന്റ് ഗോഡൗണിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി താമസിക്കുന്ന നൂറുകണക്കിന് പേരുടെ അവസ്ഥ വളരെ ശോചനീയമാണെന്നും, മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ, പ്രായമായവരും രോഗികളും വരെ അനാരോഗ്യകരമായ സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടു.
ഇവരുടെ പ്രശ്നങ്ങൾ കേൾക്കാനോ, പുനരധിവസിപ്പിക്കാനോ, നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനോ ഇതുവരെ തയ്യാറായിട്ടില്ലാത്ത സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനവും അനീതിയുമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗത്യന്തരമില്ലാതെയാണ് തീരദേശവാസികൾ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടുക തന്നെ വേണമെന്ന് കെ.സി.ബി.സി. ആവശ്യപ്പെടുന്നു.
എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് സർക്കാർ മുൻകയ്യെടുത്ത് പ്രവർത്തിക്കുകയും, ബന്ധപ്പെട്ട കമ്മീഷനുകൾ അടിയന്തിരമായി പ്രസ്തുത ക്യാമ്പ് സന്ദർശിക്കുകയും, ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് വലിയതുറയിലെ അഭയാർത്ഥി ക്യാമ്പും, വിഴിഞ്ഞം തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ചുള്ള അതിജീവന സമര വേദിയും അനുബന്ധ പ്രദേശങ്ങളും സന്ദർശിച്ച കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ളീറ്റസ് കതിർപ്പറമ്പിൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ എന്നിവർ സമരത്തിന് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തായി കെ.സി.ബി.സി.ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി അറിയിച്ചു.