വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ സ്‌ത്രീ സൗഹൃദ സെമിനാർ
വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ സ്‌ത്രീ സൗഹൃദ സെമിനാർ
അനില്‍ ജോസഫ്
നെയ്യാറ്റിൻകര: സംസ്‌ഥാന വനിതാ കമ്മിഷനും കേരളാ ലാറ്റിൻ കാത്തലിക് വിമൺ അസോസിയേഷനും സംയുക്‌തമായി സ്‌ത്രീ സൗഹൃദ സെമിനാർ സംഘടിപ്പിച്ചു. കണ്ണറവിള പരിശുദ്ധാത്‌മ ദേവാലയത്തിൽ സംഘടിപ്പിച്ച പരിപാടി നെയ്യാറ്റിൻകര രൂപത അൽമായ കമ്മീഷൻ ഡയറക്‌ടർ ഫാ. എസ്.എം. അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു.
കെ.എൽ.സി.ഡബ്ല്യൂ.എ. നെയ്യാറ്റിൻകര ഫൊറോന പ്രസിഡന്റ് എസ്. പുഷ്‌പം അധ്യക്ഷത വഹിച്ചു.
“സൈബർ ലോകത്തിലെ കാണാകെണികൾ” എന്ന വിഷയത്തിൽ വനിതാ കമ്മീഷൻ അംഗം ഇ.എം. രാധ ക്ലാസെടുത്തു.
22 വർഷമായി വനിതാ കമ്മീഷൻ സംസ്‌ഥാനത്ത് നിലവിൽ വന്നിട്ടെങ്കിലും സ്‌ത്രീ സൗഹൃദ ഇടപെടലുകൾ അടുത്തകാലത്താണ് ഉണ്ടാകുന്നതെന്ന് അവർ പറഞ്ഞു. കുടുംബ സംവിധാനങ്ങളുടെ തകർച്ച സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയതെന്നും, സ്‌ത്രീകൾക്കു നേരെ കേരളത്തിൽ ആരാലും അറിയപ്പെടാതെ പോകുന്ന നിരവധി സംഭവങ്ങൾ പലതും വനിതാ കമ്മിഷനിലൂടെ പുറത്ത് വരുന്നതായും വനിതാ കമ്മിഷൻ അംഗം പറഞ്ഞു. സ്‌ത്രീ പീഡനങ്ങളുടെ എണ്ണത്തിൽ സംസ്‌ഥാനത്തുണ്ടായ വർദ്ധന കമ്മിഷനെ ആശങ്കപ്പെടുത്തുന്നതായും അവർ കൂട്ടിച്ചേർത്തു.
കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന പ്രസിഡന്റ് അൽഫോൺസ ആന്റിൽസ്, നെയ്യാറ്റിൻകര രൂപത അൽമായ കമ്മിഷൻ സെക്രട്ടറി ആറ്റുപുറം നേശൻ, ഫൊറോന കൗൺസിൽ ജോയിന്റ് സെക്രട്ടറി ബിജോയി, ജിഷ ത്യാഗരാജ്, ഫൊറോന വൈസ് പ്രസിഡന്റ് നിർമ്മല തുടങ്ങിയവർ പ്രസംഗിച്ചു.