വത്തിക്കാന്‍ കൗണ്‍സിലും, മതബോധനഗ്രന്ഥവും, പിന്നെ ഇസ്ലാമും
അവിടെനിന്നും ഇവിടെനിന്നും ചിലത് അടര്‍ത്തിയെടുക്കുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ...
ഫാ. ജോഷി മയ്യാറ്റില്‍
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ മൂന്നാം നമ്പറും തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ പതിനാറാം നമ്പറും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 841-Ɔο നമ്പറും ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വില്ലന്‍ പരിവേഷത്തില്‍ വിലസുകയായിരുന്നു. അനേകം പേര്‍ ഇവയ്‌ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുന്നതു ശ്രദ്ധയില്‍പെട്ടു. അവര്‍ക്ക് CCC 841-Ɔο നമ്പര്‍ അംഗീകരിക്കാന്‍ തീരെ സാധിക്കുന്നില്ല. LG 16-Ɔο നമ്പറിലും NA 3-Ɔο നമ്പറിലും വിശദമായി പറഞ്ഞിട്ടുള്ളവ CCC 841-ല്‍ സംഷിപ്തമായി പറഞ്ഞിരിക്കുന്നു എന്ന് അറിയാമെങ്കിലും അവയോട് അവര്‍ക്കു നീരസമാണ്. അതിനു കാരണങ്ങള്‍ മൂന്നാണ്:
1. രക്ഷാപദ്ധതിയിൽ മുസ്ലീങ്ങളും?
“രക്ഷയുടെ പദ്ധതി സ്രഷ്ടാവിനെ അംഗീകരിക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ്” എന്ന പ്രസ്താവന അവര്‍ക്ക് സ്വീകാര്യമല്ല. ക്രിസ്തുവിനും 600 വര്‍ഷങ്ങള്‍ക്കു ശേഷം ക്രിസ്തുവിലൂടെയുള്ള രക്ഷാപദ്ധതിയെ പൂര്‍ണമായി തള്ളിക്കളഞ്ഞവര്‍ എങ്ങനെയാണ് രക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുന്നത് എന്നതാണ് അവരുടെ ചോദ്യം.
ദൈവത്തിന്റെ രക്ഷാപദ്ധതി (cf. ഉത്പ 3,15) എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ലല്ലോ. യേശുക്രിസ്തു ലോകത്തിലേക്കു വന്നത് എല്ലാവരെയും രക്ഷിക്കാന്‍ വേണ്ടിയാണെന്നും രക്ഷ ക്രിസ്തുവിലൂടെ മാത്രമുള്ളതാണെന്നും നമുക്കറിയാം. LG 16-Ɔο ഖണ്ഡിക ആരംഭിക്കുന്നത് ”ഇതുവരെ സുവിശേഷം സ്വീകരിക്കാത്തവര്‍ ദൈവജനത്തോട് വിവിധ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു” എന്ന വാക്യത്തോടെയാണ്. തുടര്‍ന്ന് യഹൂദരെ ‘ദൈവത്തിന്റെ ഇഷ്ടഭാജനമായ ജനത’ എന്നു വിശേഷിപ്പിച്ച്, മുസ്ലീങ്ങളെക്കുറിച്ചു പരാമര്‍ശിക്കുന്നിടത്താണ് രക്ഷാപദ്ധതിയെക്കുറിച്ചുള്ള മേല്‍പറഞ്ഞ വാക്യം കാണുന്നത്. തുടര്‍ന്നുള്ള ഭാഗം വായിച്ചാല്‍, തത്സംബന്ധിയായി ഉയരുന്ന സംശയങ്ങള്‍ക്ക് വിരാമമാകും: “എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നാണ് രക്ഷകന്‍ ആഗ്രഹിക്കുന്നത്’ (1 തിമോ 2,4). അതുകൊണ്ട് മിശിഹായുടെ സുവിശേഷത്തെയും അവിടത്തെ സഭയെയും സ്വന്തം കുറ്റം കൊണ്ടല്ലാതെ അറിയാതെയിരിക്കുകയും എന്നാല്‍, ആത്മാര്‍ത്ഥഹൃദയത്തോടെ ദൈവത്തെ തേടുകയും അവിടത്തെ ഇഷ്ടം മനസ്സാക്ഷിയുടെ പ്രേരണയ്ക്കനുസൃതമായി പ്രവൃത്തികളാല്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രസാദവരത്തിന്റെ പ്രചോദനത്താല്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യരക്ഷ പ്രാപിക്കാന്‍ കഴിയും. സ്വന്തം കുറ്റത്താലല്ലാതെ ദൈവത്തെ ഇനിയും സ്പഷ്ടമായി അംഗീകരിക്കാതിരിക്കുകയും ദൈവവരപ്രസാദത്തോടു കൂടിത്തന്നെ ശരിയായ ജീവിതം നയിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ദൈവപരിപാലനം രക്ഷയ്ക്കാവശ്യകമായ സഹായങ്ങള്‍ നിഷേധിക്കുകയില്ല. നന്മയായിട്ടോ, സത്യമായിട്ടോ അവരില്‍ കണ്ടെത്തുന്നവയെല്ലാംതന്നെ സുവിശേഷ സ്വീകരണത്തിനു വേണ്ടിയുള്ള ഒരുക്കമായിട്ടാണ് സഭ കണക്കിലെടുക്കുന്നത്”.
2. യഹൂദര്‍ക്കും മുന്നേ മുസ്ലീങ്ങള്‍?
“അവരില്‍ ഒന്നാമതായിട്ടുള്ളത് അബ്രാഹത്തിന്റെ വിശ്വാസം പുലര്‍ത്തുന്നു എന്നു പ്രഖ്യാപിക്കുന്ന മുസ്ലീങ്ങളാണ്” എന്ന പ്രസ്താവന യഹൂദര്‍ക്കുംമുന്നേ മുസ്ലീങ്ങളെ സ്ഥാപിക്കുന്നതില്‍ പ്രസ്തുത വ്യക്തികള്‍ അസ്വസ്ഥരാണ്.
മുന്‍പിലുള്ളഭാഗങ്ങള്‍ വായിച്ചു നോക്കാതെ അവിടെനിന്നും ഇവിടെനിന്നും ചിലത് അടര്‍ത്തിയെടുക്കുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ. 839-Ɔο നമ്പറില്‍, “ഇതുവരെ സുവിശേഷം സ്വീകരിച്ചിട്ടില്ലാത്തവരും ദൈവജനത്തോട് പല വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു” എന്ന പ്രസ്താവനയ്ക്കുശേഷം പരാമര്‍ശിക്കുന്നത് യഹൂദജനതയെയാണ്. “മറ്റ് അക്രൈസ്തവ മതങ്ങളില്‍ നിന്നു വ്യത്യസ്തമായി, പഴയ ഉടമ്പടിയിലെ ദൈവത്തിന്റെ വെളിപ്പെടുത്തലിനോടുള്ള ഒരു പ്രത്യുത്തരം തന്നെയാണ് യഹൂദവിശ്വാസം” എന്ന് അതു പ്രസ്താവിക്കുന്നു. യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും സമാനമായ ലക്ഷ്യങ്ങളാണ് മുന്നിലുള്ളത് – മിശിഹായുടെ വരവ്: ഒരു കൂട്ടര്‍ക്ക്, മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗാരോഹണം ചെയ്ത മിശിഹായുടെ വിധിയാളനായുള്ള വീണ്ടും വരവ്; മറ്റൊരു കൂട്ടര്‍ക്ക്, അന്ത്യകാലത്തോളം അജ്ഞാതമായ സവിശേഷതകളോടുകൂടിയ മിശിഹായുടെ വരവ്. ഇത്രയും കാര്യങ്ങള്‍ പ്രതിപാദിച്ചതിനു ശേഷമാണ് മുസ്ലീങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. അത് ആരംഭിക്കുന്നതുതന്നെ യഹൂദരെക്കുറിച്ചുള്ള മുന്‍ പരാമര്‍ശം, ‘കൂടി’ എന്ന വിഭക്തിപ്രത്യയത്തിലൂടെ വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ടാണ്: “രക്ഷയുടെ പദ്ധതി സ്രഷ്ടാവിനെ അംഗീകരിക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ്”.
3. ഒരേ ദൈവമോ?
“അവര്‍ നമ്മോടൊപ്പം ഏകനും കാരുണ്യവാനും മനുഷ്യരെ അന്തിമദിവസം വിധിക്കാനിരിക്കുന്നവനുമായ ദൈവത്തെ ആരാധിക്കുന്നു” എന്ന പ്രസ്താവന എങ്ങനെ ശരിയാകും എന്ന് അദ്ദേഹത്തിനു മനസ്സിലാകുന്നില്ല. യേശുക്രിസ്തുവിനെ പ്രവാചകനായി തരംതാഴ്ത്തിയ ഇസ്ലാമിന്റെ അള്ളാഹുവാണോ ക്രിസ്ത്യാനിയുടെ ദൈവം എന്നാണ് അവര്‍ ചോദിക്കുന്നത്.
മുസ്ലീങ്ങള്‍ ഏകനും കരുണാര്‍ദ്രനും മനുഷ്യകുലത്തിന്റെ വിധിയാളനുമായ ദൈവത്തെ ആരാധിക്കുന്നു എന്ന പ്രസ്താവന വി. ഗ്രിഗറി ഏഴാമന്‍ പാപ്പാ 1076-ല്‍ മൗറത്താനിയായിലെ (ഇന്നത്തെ അള്‍ജീരിയ) മുസ്ലീം രാജാവായ അല്‍ നാസീറിന് എഴുതിയ കത്തിലെ പരാമര്‍ശമാണ് എന്നത് പലരും ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹം എഴുതി: “നിങ്ങളും ഞങ്ങളും ഒരു ദൈവത്തില്‍ വിശ്വസിക്കുകയും സ്വാഭാവികമായി, വ്യത്യസ്ത രീതികളില്‍ അവിടത്തെ ഏറ്റുപറയുകയും ചെയ്യുന്നു”.
ഇവിടെ ‘ഒരു ദൈവം’ എന്നാണ് കുറിച്ചിരിക്കുന്നത്, ‘ഒരേ ദൈവം’ എന്നല്ല. ഇംഗ്ലീഷില്‍ the one God എന്നു പരിഭാഷപ്പെടുത്തിക്കാണാറുണ്ട്. ലത്തീനില്‍ ആര്‍ട്ടിക്കിള്‍ ഇല്ല എന്നതു പ്രത്യേകം ശ്രദ്ധിക്കണം. മൂലഭാഷയില്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം ഇംഗ്ലീഷ് പരിഭാഷയിലെ the പ്രയോഗം ഉളവാക്കുന്നുണ്ട് എന്നു പലരും വ്യക്തമാക്കിയിട്ടുണ്ട്. അതു പരിഗണിക്കേണ്ടതുമാണ്. തെറ്റിദ്ധാരണാജനകമായ പരിഭാഷകള്‍ ഒഴിവാക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഏകദൈവവിശ്വാസികളാണ് മുസ്ലീങ്ങളും ക്രൈസ്തവരുമെങ്കിലും ഇരുവരുടെയും ദൈവസങ്കല്പങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. കേവല ഏകാകിത്വമാണ് (Absolute Singularity) ഇസ്ലാമിന്റേതെങ്കില്‍, ത്രിത്വമാണ് (Trinity) ക്രൈസ്തവരുടേത്. ഈ രണ്ടു ദൈവസങ്കല്പങ്ങളും സമ്മാനിക്കുന്ന ലോകദര്‍ശനവും തികച്ചും വ്യത്യസ്തമാണ്. കേവല ഏകത്വത്തിന്റെ മുഖ്യപദം ‘മാത്രം’ എന്നതാകയാല്‍ എക്‌സ്‌ക്ലൂസിവിസമായിരിക്കും ആ വിശ്വാസത്തിന്റെ മുഖ്യധാര. ഏകത്വത്തിലെ കൂട്ടായ്മയാണ് ത്രിത്വത്തിന്റെ ഉന്നല്‍ എന്നതിനാല്‍ സ്‌നേഹത്തിലൂന്നിയ ഇന്‍ക്ലൂസിവിസമായിരിക്കും ആ വിശ്വാസത്തിന്റെ മുഖ്യധാര. ത്രിത്വവിശ്വാസം ആഴപ്പെട്ടിട്ടുള്ളയിടങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും വ്യക്തി-സമൂഹ പാരസ്പര്യവും സ്ത്രീ-പുരുഷ സമത്വവും ഏതു തൊഴിലിന്റെയും മാന്യതയും സാരവത്തായ ജനാധിപത്യവും നിലനില്ക്കുന്നതിന്റെ കാരണം മറ്റെങ്ങും തേടേണ്ടതില്ല.
മാത്രമല്ല, യേശുക്രിസ്തുവിനെ ദൈവമായി കാണാന്‍ ഇസ്ലാമിന് ആവില്ല. യേശുക്രിസ്തു പഠിപ്പിച്ച ത്രിയേക ദൈവസങ്കല്പത്തെ സ്വീകരിക്കാന്‍ അവര്‍ക്കു കഴിയാത്തതിന് അത് ഒരു കാരണവുമാണ്. ഖുറാനില്‍ അവിടന്ന് വെറും പ്രവാചകനാണ്. അവിടത്തെ കുരിശുമരണവും ഉത്ഥാനവുമൊന്നും അവര്‍ അംഗീകരിക്കുന്നില്ല. അങ്ങനെ നോക്കിയാല്‍, ഒരു കാര്യം വ്യക്തമാണ് – ബൈബിളിലെ യേശുക്രിസ്തുവല്ല ഖുറാനിലെ ഈസാ നബി. യേശുവിനും ആറു നൂറ്റാണ്ടുകള്‍ക്കുശേഷം ആര്യന്‍-നെസ്റ്റോറിയന്‍ പാഷണ്ഡികളില്‍ നിന്നു മുഹമ്മദിനു കൈമാറിക്കിട്ടിയ ഈസായ്ക്ക് ബൈബിളിലെ യേശുക്രിസ്തുവുമായി ഒരു ബന്ധവുമില്ല എന്നതാണ് സത്യം. ഇക്കാര്യങ്ങളെക്കുറിച്ച് എട്ടാം നൂറ്റാണ്ടില്‍ത്തന്നെ സഭാപിതാവായ വി. ജോണ്‍ ഡമഷീന്‍ (675-749) തന്റെ ഇസ്മായേല്യപാഷണ്ഡത, ഒരു ക്രിസ്ത്യാനിയും സരസേനനും തമ്മിലുള്ള തര്‍ക്കം എന്നീ ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
4. മുസ്ലീങ്ങള്‍ക്ക് അബ്രാഹത്തിന്റെ വിശ്വാസമോ?
തങ്ങള്‍ അബ്രാഹത്തിന്റെ വിശ്വാസം പുലര്‍ത്തുന്നു എന്നാണ് മുസ്ലീങ്ങള്‍ പ്രഖ്യാപിക്കുന്നത്. അക്കാര്യം പകര്‍ത്തിവയ്ക്കുക മാത്രമാണ് വത്തിക്കാന്‍ കൗണ്‍സില്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, അബ്രാഹത്തിന്റെ വിശ്വാസം മുസ്ലീങ്ങള്‍ മനസ്സിലാക്കിയതില്‍ എത്രമാത്രം കൃതതയുണ്ടെന്ന് രേഖ പരിശോധിക്കുന്നില്ല, പറയുന്നുമില്ല. “നോസ്ത്ര ഏതാത്തേ” അതിനുള്ള രേഖയല്ല. ചുരുക്കിപ്പറഞ്ഞാല്‍, ഒരു എക്യുമേനിക്കല്‍ കൗണ്‍സില്‍ എന്ന നിലയില്‍, ഒന്നിപ്പിക്കുന്ന ഘടകങ്ങള്‍ക്കാണ്, ഭിന്നിപ്പിക്കുന്നവയ്ക്കല്ല രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഊന്നല്‍ നല്‍കിയത്.
അബ്രാഹത്തിന്റെ സന്തതിയായ ഇസഹാക്കിലൂടെയാണ് ദൈവവുമായുള്ള ഉടമ്പടി മുന്നോട്ടു പോയതെന്ന് (cf. ഉത്പ 17,21) വി. ഗ്രന്ഥം വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. വി. മത്തായിയുടെ സുവിശേഷത്തിലെത്തുമ്പോള്‍ യേശുവിന്റെ വംശാവലി ആരംഭിക്കുന്നതുതന്നെ അബ്രാഹത്തിലാണെന്നതു പ്രത്യേകം ശ്രദ്ധേയമാണ്.
ബൈബിളിലെ ഇസ്മായേലിന്റെ പിന്തുടര്‍ച്ചയാണ് ഇസ്ലാം എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് രേഖാപരമായ ഒരു തെളിവും – ഒരു വംശാവലി പോലും – അവര്‍ക്കില്ല. ബൈബിളിലെ ഇസ്മായേല്യര്‍ക്ക് ഇസ്ലാമിക ചരിത്രം ഉയര്‍ത്തിക്കാണിക്കുന്ന ഖുറേഷി ഗോത്രവുമായോ മക്കയില്‍ അധിവസിച്ചിരുന്ന മറ്റേതെങ്കിലും ഗോത്രവുമായോ ചരിത്രപരമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നെന്നു തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇസ്മായേലിനെക്കുറിച്ചുള്ള ബൈബിള്‍ കാഴ്ചപ്പാടാകട്ടെ, ഉത്പ 16,1.12; 17,20.21; 21,20.21; 25,12-18; സങ്കീ 83,6-8.17; ഗലാ 4,22-31 എന്നിവയില്‍ വ്യക്തമാണുതാനും. “സാറായില്‍ നിന്ന് അടുത്ത വര്‍ഷം ഈ സമയത്ത് നിനക്കു ജനിക്കാന്‍ പോകുന്ന ഇസഹാക്കുമായിട്ടാണ് എന്റെ ഉടമ്പടി ഞാന്‍ സ്ഥാപിക്കുക” എന്ന് തിരുവചനം അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു (ഉത്പ 17,21).
യഹൂദര്‍ക്കു മാത്രമുണ്ടായിരുന്ന ഒരു പാരമ്പര്യം (ഉത്പ 16,1-16; 17,15-21; 21,9-21) ഏകപക്ഷീയമായി കടംകൊണ്ടതല്ലാതെ, മുഹമ്മദു നബിക്ക് 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്രാഹത്തിന്റെയും ഹാഗാറിന്റെയും പുത്രനായി ജനിച്ച ഇസ്മായേലുമായുള്ള ബന്ധം തെളിയിക്കാന്‍ ആര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്?
5. ഹൃദയപൂര്‍വകമായ ഒരു അഭ്യര്‍ത്ഥന
അപ്പസ്‌തോലന്മാരെ നിയോഗിച്ചത് കര്‍ത്താവായ യേശുക്രിസ്തുവാണ്. സഭയുടെ പ്രബോധനാധികാരത്തിനു വേണ്ടിത്തന്നെയാണ് പത്രോസിന്റെ നേതൃത്വത്തില്‍ അപ്പസ്‌തോലസംഘത്തെ ഈശോ ഒരുക്കിയത്. “പഠിപ്പിക്കുവിന്‍” എന്ന് അവിടന്ന് അധികാരപ്പെടുത്തിയത് അവരെയാണ് (മത്താ 28,20). രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ട് സഭയുടെ പ്രബോധനാധികാരത്തിന്. ഇതിനിടയില്‍ എത്രയെത്ര പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടായി? എത്രയെത്ര പാഷണ്ഡതാപ്രളയങ്ങള്‍! എന്നാല്‍ 21 സാര്‍വത്രിക കൗണ്‍സിലുകളിലൂടെയും മാര്‍പ്പാപ്പമാരുടെ രേഖകളിലൂടെയും സഭാനൗകയെ അവിടന്ന് സുരക്ഷിതമായി നയിക്കുകയായിരുന്നു. “സത്യാത്മാവ് നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും” (യോഹ 16,13) എന്ന വാഗ്ദാനത്തിലൂടെ അവിടന്നു വ്യക്തമാക്കിയത് സത്യവിശ്വാസത്തിന്റെ സമഗ്രതയും കാലപ്രസക്തിയും സഭയ്ക്ക് പരിശുദ്ധാത്മാവു സമ്മാനിക്കും എന്നുതന്നെയാണ്. അതു മുഖ്യമായും സാക്ഷാത്കൃതമാകുന്നത് സഭയുടെ പ്രബോധനാധികാരത്തിലൂടെയാണ്.
അതിനാല്‍, സഭാപ്രബോധനങ്ങളെ തള്ളിപ്പറയുകയും സഭയുടെ പ്രബോധനാധികാരത്തെ വിഗണിക്കുകയും ചെയ്യുന്നവര്‍ പരിശുദ്ധാത്മാവിനോടാണ് മല്ലടിക്കുന്നത് എന്നോര്‍ക്കുക. ലേശം എളിമയും, വായിക്കാനും പഠിക്കാനും അന്വേഷിക്കാനും അല്പം ക്ഷമയുമുണ്ടെങ്കില്‍ പരിശുദ്ധാത്മാവിനെ ദു:ഖിപ്പിക്കാത്ത ക്രൈസ്തവരായി നമുക്കു ജീവിക്കാനാകും.