വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനമേറ്റു
വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനമേറ്റു
വത്തിക്കാന്‍ സിറ്റി : വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍, സിബി ജോര്‍ജ്ജ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.
ഡിസംബര്‍ 14-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യ, യമന്‍, ന്യൂസിലാണ്ട്, സ്വാസിലാണ്ട്, അസെര്‍ബൈജാന്‍, ചാദ്, ലിചെന്‍സ്റ്റെയിന്‍ എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ക്കൊപ്പം സിബി ജോര്‍ജ്ജിനെയും പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്. അവരുടെ സ്ഥാനികപത്രികകള്‍ പരിശോധിച്ച് ഓരോരുത്തരെയും പാപ്പാ വത്തിക്കാനിലേയ്ക്ക് സ്വാഗതംചെയ്തു. റോമില്‍ സ്ഥിരതാമസമില്ലാത്ത ഈ അംബാസിഡര്‍മാര്‍ക്ക് പാപ്പാ പ്രത്യേക സന്ദേശം നല്കി:
പരിസ്ഥിതിയുടെ സുസ്ഥിതിക്കെന്നപോലെ ലോക സമാധാനത്തിനും ഭീഷണിയുള്ള കാലഘട്ടത്തില്‍ വത്തിക്കാനുമായി സന്ധിചേരുന്ന ശ്രേഷ്ഠസംസ്കാരങ്ങളായ ഈ രാഷ്ട്രങ്ങള്‍ കൈകോര്‍ത്ത് ലോകത്ത് സമാധാനത്തിന്‍റെ പ്രയോക്താക്കളാകണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ വൈരുധ്യങ്ങള്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ നിലനില്ക്കെ, മാനവികതയുടെ നന്മയ്ക്കായുളള ക്രിയാത്മകമായ കാര്യങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും. ജനതകളുടെ വൈവിധ്യങ്ങളാണു പ്രശ്നമെന്നു വിചാരിക്കരുത്, മറിച്ച് അക്രമാസക്തമാകുന്ന മൗലിക ചിന്താഗതികളാണ് ഇന്ന് ലോക സമാധാനത്തിനു ഭീഷണിയാകുന്നത്. വിഘടിച്ചുനില്ക്കുന്ന മൂല്യങ്ങളും താല്പര്യങ്ങളുമായിട്ടാണ് ഈ വെല്ലുവിളികള്‍ ഇന്ന് തലപൊക്കുന്നതെങ്കിലും, അവയ്ക്കു പിന്നില്‍ അക്രമവാസന വളര്‍ത്തുന്ന മൗലികവും വംശീയവുമായ ചിന്താഗതികളാണ് തിങ്ങിനിലക്കുന്നത്. മാനവികതയെ വഴിതെറ്റിക്കുകയും അസമാധാനത്തില്‍ ആഴ്ത്തുകയും ചെയ്യുന്ന ഈ വെല്ലുവിളികളെ നല്ല ധാരണയുടെയും സംവാദത്തിന്‍റെയും മാര്‍ഗ്ഗത്തിലാണ് നേരിടേണ്ടത്. അതിക്രമത്തെ അതിക്രമം കൊണ്ടല്ല! സംവാദത്തിന്‍റെയും നീതിയുടെയും പാതയിലായിരിക്കണം.
ഏറെ ആഗോളവത്കൃതമായ ലോകത്ത് വൈവിധ്യമാര്‍ന്ന സംസ്കാരികതയും സാമൂഹിക ചുറ്റുപാടുകളുമുള്ള രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധിളുടെ ഈ കൂടിക്കാഴ്ച പ്രത്യാശ പകരുന്നതും പാരസ്പരികതയുള്ളതുമാണ്. മനുഷ്യാന്തസ്സിന്‍റെയും നീതിയുടെയും വഴികളില്‍ നമുക്ക് ഒരുമിച്ചു നീങ്ങാം. സംവാദവും സഹകരണവും മുഖമുദ്രയാക്കി നമുക്ക് ഒത്തൊരുമിച്ചു പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാം. സംവാദത്തിനും അനുരഞ്ജനത്തിനും സഹകരണത്തിനുമുള്ള സാധ്യതകളെ ഒരിക്കലും ലാഘവത്തോടെ കാണുകയോ തള്ളിക്കളയുകയോ ചെയ്യരുത്. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ദേശീയോദ്ഗ്രഥനത്തിനുള്ളതാണ്. ഓരോ രാജ്യത്തിന്റെയും വരുംതലമുറകളെ, പ്രത്യേകിച്ച് യുവജനങ്ങളെ നന്മയുടെയും സമാധാനത്തിന്‍റെയും മൂല്യങ്ങളില്‍ നയിക്കേണ്ടതുണ്ട്. യുവജനങ്ങളെ നന്മയില്‍ രൂപപ്പെടുത്താനായാല്‍ ആഗോളതലത്തില്‍ സമാധാനവും നീതിയും സമഗ്രമാനവപുരോഗതിയും വളര്‍ത്താന്‍ സാധിക്കും.