അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: പേയാട് സെന്റ് സേവ്യേഴ്സ് ഇടവകയിൽ കൊറോണ ലോക്ക് ഡൗൺ കാലത്ത് വിശ്വാസ രൂപീകരണത്തിന്റെ ഭാഗമായി ‘ലോക്ക് ഡൗൺ പേയാട് 2020’-ന് തുടക്കം കുറിച്ചു. ഇടവകയിൽ നാനൂറോളം കുടുംബങ്ങൾ ഉണ്ട്. ഈ കുടുബങ്ങളെ ഒരുമിച്ച് ചേർത്താണ് വിവിധതരം ടാസ്കുൾ ബി.സി.സി. ക്രമത്തിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ ഇടവക വികാരി ഫാ.ഷാജി ഡി.സാവിയോയുടെ ആലോചനയിൽ ഉരുത്തിരിഞ്ഞ ഒരു ആശയമാണ് ലോക് ഡൗൺ പേയാട് 2020 എന്നുള്ള ഈ പ്രോഗ്രാം. 16 ബി.സി.സി. കൾ തമ്മിൽ വാട്സാപ്പിൽ ഓൺലൈനായിട്ട് വിവിധതരം ടാസ്കുകൾ നൽകിക്കൊണ്ട് ജനങ്ങളുടെ സജീവമായ പ്രവർത്തനത്തിലൂടെ ലോക്ക് ഡൗൺ പേയാട് 2020 എന്ന പ്രോഗ്രാം നാളിതുവരെ തുടർന്ന് കൊണ്ടിരിക്കുന്നു. സെൽഫി കോണ്ടസ്റ്റ്, ഫ്ലാറ്റെറിങ്, പ്രസംഗമത്സരം, ബൈബിൾ അന്താക്ഷരി, ബൈബിൾ ഡ്രാമ, ബൈബിൾ ഫാൻസി ഡ്രസ്സ്, ടാബ്ലോ, കിച്ചൻ മ്യൂസിക്, പേപ്പർ കട്ടിംഗ്, ദി ബെസ്റ്റ് ന്യൂസ്, ദി ന്യൂസ് ഹവർ, ഡെയിലി സെയിന്റ്സ്, ബൈബിൾ ക്വിസ്, ചിത്ര രചന, ആക്ഷൻ സോങ്, സൈക്കോ, റോക്ക് ദി ഫ്‌ളോർ എന്നിങ്ങനെ ഇരുപത് വ്യത്യസ്തങ്ങളായ ടാസ്കുകൾ നൽകി കഴിഞ്ഞു.
ഇടവക ജനങ്ങളെ വിശ്വാസ രൂപീകരണത്തിൽ നിലനിർത്താനും ഇടയനും അജഗണവും തമ്മിലുള്ള ആത്മീയബന്ധം നിലനിർത്താനും ഈയൊരു പ്രോഗ്രാം സഹായകമായി കൊണ്ടിരിക്കുന്നു. ഒരു കുടുംബമാണ് ഇടവക എന്നുള്ള ഒരു ബോധ്യത്തിലേക്ക് ജനങ്ങളെ കൂട്ടിക്കൊണ്ടുവരുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ പ്രധാനലക്ഷ്യം. ഈ ടാസ്കുകൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടവക വികാരി ഫാ.ഷാജി ഡി.സാവിയോയും സഹ ഇടവകവികാരി ഫാ.ടോം മഠത്തിൻകണ്ടത്തിലുമാണ്.