ലോകസമാധാനത്തിനായി വിശ്വ സമാധാന ദീപം തെളിയിച്ച് പുനലൂര്‍ സെന്‍റ് ഗൊരേറ്റി എച്ച്.എസ്.എസ്.
യുദ്ധങ്ങള്‍ മാനവരാശിക്ക് നാശമാണെന്ന് ഗൊരേറ്റിയന്‍ വിദ്യാര്‍ത്ഥികള്‍ ലോകത്തോട് പ്രഖ്യാപിച്ചു.
സ്വന്തം ലേഖകന്‍
പുനലൂര്‍ : യുദ്ധ ഭീതിയുടെ നിഴലില്‍ ജീവനും ജീവിതവും കയ്യില്‍ പിടിച്ച് പലായനം ചെയ്യുന്ന ജനലക്ഷങ്ങളുടെയും മരിച്ചു വീഴുന്ന മനുഷ്യ ശരീരങ്ങളുടെയും കാഴ്ചകളില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥനയോടെ പുനലൂര്‍ സെന്‍റ് ഗൊരേറ്റി കുടുംബം ഒന്നിച്ചുചേര്‍ന്ന് വിശ്വസമാധാനം തെളിയിച്ചു.
അധ്യാപകര്‍ രചിച്ച് കുട്ടികള്‍ ഈണം നല്‍കിയ സമാധാനഗാനം ഒരുമിച്ചു പാടിക്കൊണ്ട് രണ്ടായിരത്തില്‍പ്പരം വരുന്ന വിദ്യാര്‍ത്ഥികള്‍ വിശ്വസമാധാന ദീപം തെളിയിച്ച് സ്കൂള്‍ മൈതാനത്തു അണിനിരന്നപ്പോള്‍ അത് ലോകത്തിനു മുന്നില്‍ സമാധാനത്തിന്‍റെ പുതിയ ഗോരേറ്റിയന്‍ സന്ദേശമായി.
തുടര്‍ന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി യുദ്ധങ്ങളില്ലാത്ത ഒരു നാളേക്കായി ലോകത്തെ ആഹ്വാനം ചെയ്ത് യുദ്ധങ്ങള്‍ മാനവരാശിക്ക് നാശമാണെന്ന് ഗൊരേറ്റിയന്‍ വിദ്യാര്‍ത്ഥികള്‍ ലോകത്തോട് പ്രഖ്യാപിച്ചു.
എച്ച്. എം. ജെയ്സി ഫിലിപ്പ്, സ്റ്റ്രാഫ് സെക്രട്ടറി സേവ്യര്‍. ആര്‍, കായിക അദ്ധ്യാപകന്‍ ജയചന്ദ്രന്‍ സി.പി, കലാ അദ്ധ്യാപകന്‍ ക്ലീറ്റസ് ജോര്‍ജ്, മറ്റ് അധ്യാപകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.