Vatican

ലോകസമാധാനത്തിനായി നാം സദാ പ്രാര്‍ത്ഥിക്കണം : ഫ്രാന്‍സിസ് പാപ്പാ

ലോകസമാധാനത്തിനായി നാം സദാ പ്രാര്‍ത്ഥിക്കണം : ഫ്രാന്‍സിസ് പാപ്പാ

 

വത്തിക്കാന്‍ സിറ്റി:  ലോകസമാധാനത്തിനായി നാം സദാ പ്രാര്‍ത്ഥിക്കണക്കണമെന്ന്‌ പോപ്പ്‌ ഫ്രാന്‍സിസ്‌ . 2015-ല്‍ താന്‍ സന്ദര്‍ശിച്ച കേനിയ രാജ്യത്തിന്‍റെ സമാധാന സുസ്ഥിതിക്കായി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 22-Ɔ൦ തിയതി ഞായറാഴ്ചയുടെ മദ്ധ്യാഹ്നത്തിലും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തില്‍ ഊര്‍ന്നിറങ്ങിയ ഇളം തണുപ്പിലും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. പാപ്പാ ഫ്രാന്‍സിസിനെ കാണാനും ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പങ്കെടുക്കാനും എത്തിയതാണവരെല്ലാം. മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആഗതനായി തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്യ്‌തു .

പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം

യേശുവും പ്രതിയോഗികളും തമ്മിലുള്ള കണ്ടുമുട്ടലാണ് സുവിശേഷഭാഗം
(മത്തായി 22, 15-21). പലസ്തീനാനഗരം റോമാ സാമര്യാജത്തിന്‍റെ അധീനത്തിലായിരുന്നു യേശുവിന്‍റെ കാലത്ത്. അതിനാല്‍ സീസറിനു കപ്പം കൊടുക്കണോ വേണ്ടയോ…? ഇതായിരുന്നു കൂടിക്കാഴ്ചയിലെ നിര്‍ണ്ണായകമായ ചര്‍ച്ച! സമൂഹത്തില്‍ ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്ക്കെ, സീസറിന് കപ്പം കൊടുക്കുന്നതു ശരിയോ, തെറ്റോ…, എന്ന് യേശുവിനോട് അവര്‍ ഉയര്‍ത്തിയ ചോദ്യം ഏറെ തന്ത്രപരവും, അവിടുത്തെ കെണിയില്‍ വീഴ്ത്താനുമായിരുന്നു.

പ്രതിയോഗികളുടെ വളഞ്ഞ ചോദ്യത്തോട് സന്ദര്‍ഭോചിതമായി ക്രിസ്തു പ്രതികരിച്ചു. കപ്പം കൊടുക്കേണ്ട ഒരു നാണം അവിടുന്ന് അവരോട് ആവശ്യപ്പെട്ടു. എന്നിട്ട് ചോദിച്ചു. അതില്‍ കാണുന്ന ചിഹ്നം ആരുടേതാണ്? സീസറിന്‍റേത്! ഫരീസേയര്‍ പ്രത്യുത്തരിച്ചു. അപ്പോള്‍ ക്രിസ്തു ഇങ്ങനെ പറഞ്ഞു. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക (മത്താ. 22, 19-21). അങ്ങനെ സീസറിനു നികുതി കൊടുക്കുന്നത് വിഗ്രഹാരാധനയല്ലെന്നും, നാടിന്‍റെ കാലികമായ രാഷ്ട്രീയ ചുറ്റുപാടില്‍ അത് ന്യായമാണെന്നും അവിടുന്നു സമര്‍ത്ഥിച്ചു. ഒപ്പം, ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണമെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് മനുഷ്യന്‍റെ ജീവിതത്തിനും ചരിത്രത്തിനും അതിനാഥനായ സ്രഷ്ടാവിന്‍റെ പ്രഥമസ്ഥാനം ക്രിസ്തു സ്ഥിരീകരിച്ചു.

നാണയത്തിന്മേലുള്ള സീസറിന്‍റെ മുദ്രയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ക്രിസ്തു വ്യക്തികളുടെ പൗരധര്‍മ്മത്തെ നീതീകരിക്കുന്നു. ഒപ്പം മനുഷ്യഹൃദയങ്ങളില്‍ രൂപംകൊള്ളേണ്ട ദൈവികസ്ഥാനത്തെയും അവിടുന്നു പ്രതീകാത്മകമായി ചൂണ്ടിക്കാണിച്ചു. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെല്ലാം പ്രഥമധഃ ദൈവത്തിന്‍റേതാണ്. മൗലികവും അടിസ്ഥാനപരവുമായ ഒരു ചേദ്യം ഇവിടെ ഉയരുന്നത്, നാം ആരുടെ പക്ഷത്തെന്നാണ്! കുടുബത്തിന്‍റെയുോ, ദേശത്തിന്‍റെയോ, സുഹൃത്തുക്കളുടെയോ, വിദ്യാലയത്തിന്‍റെയോ, രാഷ്ട്രത്തിന്‍റെയോ, സമൂഹത്തിന്‍റെയോ? മനുഷ്യന്‍ ആദ്യം ദൈവത്തിന്‍റേതാണെന്ന് ക്രിസ്തു അനുസ്മരിപ്പിക്കുന്നു. അങ്ങനെ ഒരു ദൈവരാജ്യത്തിലെ അംഗത്വത്തിന്‍റെ മൗലികമായ ഓര്‍മ്മ പുതുക്കലോടെ, നമ്മെ ഓരോരുത്തരെയും അന്യൂനമായി സൃഷ്ടിക്കുകയും, പുത്രനായ ക്രിസ്തുവിലേയ്ക്ക് ആനയിക്കുകയും ചെയ്ത പിതൃസ്നേഹത്തിലേയ്ക്കുള്ള നവോന്മേഷത്തോടെയാണ് മനുഷ്യര്‍ എന്നും ജീവിക്കേണ്ടതെന്ന് ക്രിസ്തു ഉദ്ബോധിപ്പിക്കുന്നു. ഇത് അവിടുന്ന് ഇന്നത്തെ വചനത്തിലൂടെ വെളിപ്പെടുത്തി തരുന്ന വിസ്മയാവഹമായ ദൈവിക രഹസ്യമാണ്!

ദൈവത്തെയെന്നപോലെ ഭരണകര്‍ത്താക്കളെയും ധിക്കരിക്കാതെ മാനുഷികവും സാമൂഹികവുമായ ചുറ്റുപാടുകളില്‍ സമര്‍പ്പണത്തിന്‍റെ മൗലികമായ വീക്ഷണത്തില്‍ ജീവിക്കുന്നവരാണ് ക്രൈസ്തവര്‍. ഭൗമിക യാഥാര്‍ത്ഥ്യങ്ങളില്‍ മുഴുകിയിരിക്കുമ്പോഴും, ദൈവിക നന്മകളാല്‍ ക്രൈസ്തവര്‍ പ്രകാശിതരായി ജീവിക്കുന്നു. അങ്ങനെ മുന്‍തൂക്കമായി ദൈവത്തിന് നല്കുന്ന വിശ്വാസവും പ്രത്യാശയും ക്രൈസ്തവരുടെ മുഖമുദ്രയാണ്. അതേസമയം ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും സാമൂഹിക ഉത്തരവാദിത്ത്വങ്ങളില്‍നിന്നും അവര്‍ ഒളിച്ചോടുന്നുമില്ല. മറിച്ച് അവരിലൂടെ ദൈവികപദ്ധതി സജീവവും യാഥാര്‍ത്ഥ്യമാവുകയുമാണ്. അങ്ങനെ ദൈവികമായ യാഥാര്‍ത്ഥ്യങ്ങളില്‍ ദൃഷ്ടിപതിപ്പിച്ചു മുന്നേറുന്ന വിശ്വാസി, ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അതിന്‍റെ പൂര്‍ണ്ണിമയില്‍ ജീവിക്കുകയും, അവയുടെ വെല്ലുവിളികളെ സധൈര്യം നേരിടുകയും ചെയ്യുന്നു. ദൈവിക പ്രതിച്ഛായയ്ക്ക് മങ്ങലേല്ക്കാതെ ജീവിക്കാനും ഭൗമിക ജീവിതത്തെ ദൈവിക നന്മയാല്‍ പ്രശോഭിപ്പിക്കാനും പരിശുദ്ധ കന്യകാനാഥ നമ്മെ ഏവരെയും തുണയ്ക്കട്ടെ!
മിഷന്‍ ഞായറിനെക്കുറിച്ച് സഭാജീവന്‍റെ ഹൃദയവും സത്തയുമാണ് പ്രേഷിതദൗത്യം, എന്ന ആപ്തവാക്യവുമായി

 

ആഗോള മിഷന്‍ ദിനം

ഇത്തവണ ഒക്ടോബര്‍ 22-Ɔ൦ തിയതി ഞായറാഴ്ച ലോകമെമ്പാടും ആചരിക്കപ്പെട്ടു. സുവിശേഷമൂല്യങ്ങള്‍ അനുദിനം ജീവിച്ചുകൊണ്ട് ജീവിതസാഹചര്യങ്ങളില്‍ ക്രിസ്തു സാക്ഷികളാകാം. ഒപ്പം ക്രിസ്തുവിനെ അറിയാത്തിടങ്ങളില്‍ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവരെ പ്രാര്‍ത്ഥനകൊണ്ടും മറ്റു സഹായങ്ങള്‍കൊണ്ടും പിന്‍തുണയ്ക്കുന്ന ദിനമാണിത്. അതിനാല്‍ സഭയുടെ പ്രേഷിതചൈതന്യം ആര്‍ജ്ജവപ്പെടുത്തണമെന്ന ആഗ്രഹത്തോടെ 2019 ഒക്ടോബര്‍ മുഴുവന്‍ ഒരു പ്രേഷിത മാസമായി ആചരിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ജനതകളോട് സുവിശേഷം തീക്ഷ്ണതയോടെ അറിയിക്കാനുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ Ad Gentes പ്രബോധനത്തിന്‍റെ ഊര്‍ജ്ജിതപ്പെടുത്തലാകണമിതെന്ന് പാപ്പാ വ്യക്തമാക്കി. ഈ നിയോഗം ആഗോള സഭാപ്രേഷിതനും അജപാലകനുമായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണ നാളില്‍ (ഒക്ടോബര്‍ 22-ന്) ലോകത്തുള്ള വിശ്വാസസമൂഹത്തിന് സമര്‍പ്പിക്കുന്നെന്നും പാപ്പാ പ്രസ്താവിച്ചു.

 

കടപ്പാട്‌ : ഫാ.വില്ല്യം നെല്ലിക്കല്‍ ( വത്തിക്കാന്‍ റേഡിയോ)

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker