ലോകം മാറുന്നു – സഭയും സത്യങ്ങളും നിലനിൽക്കുന്നു
യേശുവാണ് മനുഷ്യവർഗ്ഗത്തിന്റെ "ഏക രക്ഷകൻ"; കത്തോലിക്കാ തിരുസഭയാണ് "ഏക സത്യ സഭ"...
ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ പുസ്തകമായ “രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ : ഒളിച്ചു വയ്ക്കപ്പെട്ട നിധി”യിലെ ലേഖന തുടർച്ചയാണ് മാറുന്ന ലോകത്തിലും നിലനിൽക്കുന്ന യാഥാർഥ്യങ്ങളായ സഭയെയും സത്യങ്ങളെയും പറ്റിവിവരിക്കുന്നത്.
1) രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങൾ സഭയിൽ കടന്നുവന്നപ്പോൾ ഒരു പുതിയ കാഴ്ചപ്പാട് വന്നതിന്റെ പ്രവാഹത്തിലും ആവേശത്തിലും, സ്വാഭാവികമായും, നന്മയുടെയും തിന്മയുടെയും ഒട്ടനവധി സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ട് അരങ്ങേറിയിട്ടുണ്ട്. അതിൽ വളരെ മാരകമായ തെറ്റിദ്ധാരണയുണ്ടാക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
തിരുസഭയിൽ എന്താണ് വിശ്വസിക്കത്തക്കതായിട്ടുള്ളത്? സഭ എല്ലാം മാറ്റി പറയുകയല്ലേ? എന്ന് കടുത്ത യാഥാസ്ഥിതികരായ ചില കത്തോലിക്കർ പ്രചരിപ്പിച്ചു തുടങ്ങി. ‘സഭ വഴിതെറ്റി നീങ്ങുന്നു’ എന്ന് പഠിപ്പിക്കാൻ ചില സഭാസമൂഹങ്ങൾക്കും ഇതൊരു കാരണമായി.
തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതെല്ലാം തെറ്റാണെന്ന ഒരു വൈകല്യത്തിൽ നിന്നാണ് ചിലരിൽ ഇത്തരം ചിന്താഗതി ഉണ്ടായതെന്നത് ഒരു സത്യമാണ്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഉണ്ടായ ഒരു സംഭവം ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ ഒരു രൂപതയിൽ, ഒരു രൂപത മെത്രാൻ സെമിനാരി സന്ദർശിക്കാൻ വരുമെന്ന് അറിയിച്ചപ്പോൾ സെമിനാരി അധികൃതരും വിദ്യാർത്ഥികളും കൂടി രണ്ടാംവത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾ വച്ച് മെത്രാനെ ഒന്ന് ചോദ്യം ചെയ്യണമെന്ന് പദ്ധതിയിട്ടു. അദ്ദേഹം എത്തിയപ്പോൾ അവർ ഒരുമിച്ചുകൂടി അദ്ദേഹത്തോട് ചോദിച്ചു, ഈ സെമിനാരികളുടെയും പഠനങ്ങളുടെയും പ്രസക്തിയെന്ത്? സഭയിൽ സ്ഥിരമായി എന്താണുള്ളത്? സഭ എല്ലാം മാറ്റി പറയുകയല്ലേ? അല്പസമയം നിശ്ശബ്ദത പാലിച്ചിട്ട് മെത്രാൻ മുട്ടുകുത്തി നിന്നു. അതിനുശേഷം വളരെ ശാന്തതയോടെയും ഭക്തിയോടും കൂടി അദ്ദേഹം “സഭയുടെ വിശ്വാസപ്രമാണം” നിർത്തി നിർത്തി ചൊല്ലിത്തുടങ്ങി. അത് ചൊല്ലി തീർത്തശേഷം അദ്ദേഹം പറഞ്ഞു “ഇത് സഭയിൽ ഇന്നും മാറ്റമില്ലാതെ നിലകൊള്ളുന്നു”.
സഭയിൽ ഉള്ള കാര്യങ്ങളെ സഭ കൂടുതൽ പൂർണ്ണതയോടെ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം അവ്യക്തമായിരിക്കുന്ന ചില കാര്യങ്ങൾ വ്യക്തതയോടെ സഭയിൽ കടന്നു വരികയും ചെയ്യാറുണ്ട്. ‘അമലോത്ഭവം’ എന്ന വിശ്വാസ സത്യം ഇതിന് ഒരു ഉദാഹരണമാണ്.
2) സ്നേഹത്തെക്കുറിച്ചുള്ള ഒരു വൈകാരിക കാഴ്ചപ്പാടനുസരിച്ച് ഒന്നിനെയും ഒഴിവാക്കി നിർത്തുന്നത് സ്നേഹമല്ല. ഈയൊരു കാഴ്ചപ്പാടുള്ളവർക്ക് മറ്റു മതങ്ങളെയും സഭാ സമൂഹങ്ങളെയും സ്നേഹിക്കാം എന്ന് സഭ പഠിപ്പിച്ചപ്പോൾ അത് വ്യാഖ്യാനം ചെയ്യപ്പെട്ടത് വ്യത്യസ്തമായ കാഴ്ചപ്പാടോടുകൂടിയായിരുന്നു;
(1) ക്രിസ്തുമതത്തെയും കത്തോലിക്കാസഭയും സ്നേഹിക്കുന്നത് പോലെ തന്നെ മറ്റു മതങ്ങളെയും സമൂഹങ്ങളെയും സ്നേഹിക്കാം എന്ന ചിന്തയിലേക്ക് കുറേയേറെ പേരെ നയിച്ചു.
(2) ചിലർ ഈ രീതിയിൽ സ്നേഹിക്കാൻ ശ്രമിച്ചപ്പോൾ തങ്ങളുടെ ഉള്ളിലുള്ള ചില സങ്കൽപ്പങ്ങൾക്ക് ചേർന്നത് മറ്റുചില മതങ്ങളിലെ ദർശനങ്ങളാണ് എന്ന് തോന്നിയപ്പോൾ യേശുവിനെക്കാളും തിരുസഭയെക്കാളും ഉപരി അവയെ സ്നേഹിക്കുന്നതിലേക്കു തിരിഞ്ഞുവെന്നതും ഒരു വസ്തുതയാണ്. എന്നാൽ, ഈ രണ്ട് രീതിയിലുള്ള സ്നേഹവും സഭാ പഠനങ്ങളിൽ നിന്ന് വ്യതിചലിച്ചവയാണ്.
നമുക്ക് സാധാരണ അറിവുള്ള ഒരു ക്രമമാണ് – ഭർത്താവ് തന്റെ ഭാര്യയെ സ്നേഹിക്കുന്നു, അതു പോലെ തന്റെ ഭാര്യയുടെ സഹോദരിമാരെയും സ്നേഹിക്കുന്നു. എന്നാൽ, ഭാര്യയോടുള്ള സ്നേഹം ഭാര്യയുടെ സഹോദരിമാരോട് ഉള്ള സ്നേഹത്തിൽ നിന്നും സമാനതകളില്ലാതെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഭാര്യയെ സ്നേഹിക്കുന്നത് പോലെയോ, അതിനേക്കാൾ ഉപരിയായോ ഭാര്യയുടെ സഹോദരിമാരെ സ്നേഹിക്കുന്നതിലേക്കാണ് ഇന്ന് ചില കത്തോലിക്കാ വിശ്വാസികൾ എത്തപ്പെട്ടിരിക്കുന്നത്. ഇവർ യേശുവിനെക്കാളേറെ, കത്തോലിക്കാസഭയെക്കാളുമേറെ പുറത്തുള്ള ചിലതിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നു.
മതപീഡനം ഭയപ്പെടേണ്ടതില്ല എന്നൊരു ‘പ്രയോജനം’ ഇവർക്ക് ഉണ്ടായേക്കാം. അതുപോലെ ഇവരുടെ വിശാല ഹൃദയത്തെ ചിലരൊക്കെ ശ്ലാഘിക്കുകയും ചെയ്തേക്കാം. എന്നാൽ, ദൈവരാജ്യം നഷ്ടപ്പെടുത്തിയാണ് ഇവർ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നതാണ് സത്യം.
മാതാപിതാക്കളെ സ്നേഹിക്കണം എന്ന് പറഞ്ഞിരിക്കുന്ന ദൈവം തന്നെ, ദൈവത്തെക്കാൾ അവരെ സ്നേഹിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാവരെയും ഒന്നു പോലെയല്ല സ്നേഹിക്കേണ്ടത് എന്നതിന്റെ സൂചനയാണിത്. അതുപോലെ, ദിവ്യകാരുണ്യത്തെ കുറിച്ച് പ്രസംഗിച്ചപ്പോൾ അനേകർ തന്നെ വിട്ടു പോകുന്നത് കണ്ടപ്പോൾ യേശു അതിനെ അനുവദിക്കുകയാണ് ചെയ്തത്. ‘അസത്യവുമായി സത്യത്തിന് ഒന്നായിരിക്കാൻ പറ്റില്ല’ എന്നാണ് യേശു അതുവഴി അവരെ പഠിപ്പിച്ചത്. ഓരോ കത്തോലിക്കാ വിശ്വാസിയെയും സംബന്ധിച്ചിടത്തോളം ഇതു തന്നെയായിരിക്കണം ജീവിത പ്രമാണം.
മറ്റു മതങ്ങളെയും സഭാ സമൂഹങ്ങളെയുമൊക്കെ അവരുടെ ദൈവാന്വേഷണ താല്പര്യത്തെ മുൻനിർത്തിയും, അവരിൽ കാണുന്ന സത്യത്തിന്റെ രശ്മികൾ പരിഗണിച്ചും, മനുഷ്യർ എന്ന നിലയിൽ സാഹോദര്യത്തിന്റെ പേരിലുമൊക്കെ കത്തോലിക്കാ വിശ്വാസികൾ ആദരിക്കുകയും സ്നേഹിക്കുകയും വേണം. എന്നാൽ, ഇതൊക്കെ ‘കത്തോലിക്കാ വിശ്വാസത്തോടൊപ്പമാണ്’ മറ്റുള്ളവർ എന്ന് ചിന്താഗതിയിലേക്ക് വഴുതി പോകാതെ ആയിരിക്കണം.
3) രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെ തെറ്റിദ്ധരിച്ച് മനസ്സിലാക്കിയും, ഉപയോഗിച്ചും വഴിതെറ്റുന്നവർക്ക് ദിശാബോധം നൽകാൻ വേണ്ടി ‘കർത്താവായ യേശു’ (Dominus Iesus) എന്ന പ്രമാണരേഖ രണ്ടാരയിരാമാണ്ട് സെപ്റ്റംബർ ആറിന്, തിരുസഭ പുറത്തിറക്കി. അതിൽ “യേശുവാണ് മനുഷ്യവർഗ്ഗത്തിന്റെ ഏക രക്ഷകൻ” എന്നും “കത്തോലിക്കാ തിരുസഭയാണ് ഏക സത്യ സഭയെന്നും” അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്.
‘അതുകൊണ്ട് യേശുക്രിസ്തുവിന്റെ രക്ഷാകര മധ്യസ്ഥതയുടെ ഏകത്വവും സാർവ്വത്രികമായി ബന്ധപ്പെടുത്തി അവിടുന്ന് സ്ഥാപിച്ച സഭയുടെ ഏകത്വത്തെ കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു സത്യമായി ഉറച്ചു വിശ്വസിക്കണം. ഒരു ക്രിസ്തുവേ ഉള്ളൂ. അതുപോലെ തന്നെ ക്രിസ്തുവിന്റെ ഒറ്റ ശരീരമേ ഉള്ളൂ, ക്രിസ്തുവിന്റെ ഒരു മണവാട്ടിയെ ഉള്ളൂ. ഏക കത്തോലിക്കാ-അപ്പസ്തോലിക സഭ’ (കർത്താവായ യേശു, നമ്പർ 16).
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലക്ഷ്യങ്ങൾ