ലാളിത്യവും പാണ്ഡിത്യവും ഒരേപോലെ തിളങ്ങിയ ആചാര്യനായിരുന്നു പൗവത്തിൽ പിതാവ്; ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ
ലാളിത്യവും പാണ്ഡിത്യവും ഒരേപോലെ നിത്യജീവിതത്തിൽ...
ജോസ് മാർട്ടിൻ
ആലപ്പുഴ: ലാളിത്യവും പാണ്ഡിത്യവും ഒരേപോലെ ഇണങ്ങുകയും തിളങ്ങുകയും ചെയ്ത ആചാര്യനായിരുന്നു ജോസഫ് പൗവ്വത്തിൽ പിതാവെന്ന് ആലപ്പുഴ ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ. താൻ സെമിനാരിയിൽ വിദ്യാർഥിയും അധ്യാപകനും ആയിരിക്കെ പൗവത്തിൽ പിതാവ് കെ.സി.ബി.സി. അധ്യക്ഷനായിരുന്നുവെന്നും അന്നു തുടങ്ങിയ അടുപ്പവും സ്നേഹ വാത്സല്യവും ഞങ്ങൾക്കിടയിലുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
ലാളിത്യവും പാണ്ഡിത്യവും ഒരേപോലെ നിത്യജീവിതത്തിൽ സമന്വയിപ്പിച്ച് പെരുമാറാൻ സാധിച്ചതായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. സഭകളുടെ തനിമ കാത്തുസൂക്ഷിക്കാൻ വേണ്ടി നിലകൊണ്ടപ്പോൾ തന്നെ സഭകളുടെ കൂട്ടായ്മയ്ക്കും ഐക്യത്തിനും വേണ്ടി കഠിന പരിശ്രമം നടത്തി. ഔപചാരികതയേക്കാൾ അപ്പുറം അദ്ദേഹം വ്യക്തിപരമായ ബന്ധത്തിനു പ്രാധാന്യം നൽകിയിരുന്നെന്നും ആലപ്പുഴ ബിഷപ്പ് അനുസ്മരിക്കുന്നു.
താൻ മെത്രാനായ ശേഷം ആദ്യമായി പിതാവിനെ കാണാൻ ചെന്നപ്പോൾ എന്നെ ഓർമപ്പെടുത്തിയത് മെത്രാൻ സമിതികളിലും എല്ലാവരും ഒരുമിച്ചുവരുന്ന വേളകളിലും മുടങ്ങാതെ സംബന്ധിക്കണമെന്നായിരുന്നു ബിഷപ് ആനാപറമ്പിൽ ഓർക്കുന്നു. വ്യക്തിപരമായി തന്നോട് പിതാവ് കാണിച്ച താൽപര്യമായിരുന്നു ഉപദേശമെന്നും, വ്യക്തിത്വത്തെ സ്വാധീനിക്കാനും ഏത് വിഷയവും സംശയലേശമന്യേ വ്യക്തമാക്കിത്തരാനും മനസ്സിൽ പതിപ്പിക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണ വൈഭവം പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും ബിഷപ് ആനാപറമ്പിൽ പറഞ്ഞു.